സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ രണ്ടെണ്ണമാണ് മാസം തോറുമുള്ള വരുമാനം പദ്ധതിയും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമും.
Post Office schemes
Post Office schemesfile
Edited By:
Updated on
2 min read

പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ രണ്ടെണ്ണമാണ് മാസം തോറുമുള്ള വരുമാനം പദ്ധതിയും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമും. മാസം തോറുമുള്ള വരുമാനം പദ്ധതിയില്‍ 7.4 ശതമാനമാണ് വാര്‍ഷിക പലിശ. എന്നാല്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കും. 8.2 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്.

മാസം തോറുമുള്ള വരുമാന പദ്ധതി

നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്ന തരത്തിലാണ് ഈ സ്‌കീം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം

60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,050 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

30 ലക്ഷം രൂപയാണ് സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 8.2 ശതമാനം വാര്‍ഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കില്‍ ഈ തുക പിന്‍വലിക്കാവുന്നതുമാണ്.

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍

മാസം തോറുമുള്ള വരുമാന പദ്ധതിയില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും 9,250 രൂപയാണ് വരുമാനമായി ലഭിക്കുക. എന്നാല്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കും. മാസം 10,025 രൂപയാണ് ലഭിക്കുക. എന്നാല്‍ സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമില്‍ മൂന്ന് മാസം കൂടുമ്പോഴാണ് പലിശ വരുമാനം ലഭിക്കുക. ജനറല്‍ പബ്ലിക്കിന് 60 വയസ് തികഞ്ഞാല്‍ മാത്രമേ ഈ സ്‌കീമില്‍ ചേരാന്‍ സാധിക്കുകയുള്ളൂ.

Post Office schemes
പലിശയില്ലാതെ വലിയ തുക സ്വന്തമാക്കാം, വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട; കെഎസ്എഫ്ഇയുടെ 'ചിട്ടി രഹസ്യം'
Post Office schemes
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി
Summary

Post office monthly income VS post office senior citizen scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com