

ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപിയും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയുടെ കടബാധ്യത കേസില്‍ വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് കനത്ത തിരിച്ചടി. 22,000 കോടി രൂപയിലധികം വരുന്ന മൊത്തം കടബാധ്യതയില്‍ ക്ലെയിം ചെയ്ത ഓരോ 100 രൂപയ്ക്കും വെറും 3 പൈസ മാത്രം തിരിച്ചടച്ചാല്‍ മതിയെന്നാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ്. കടം വീട്ടുന്നതിനായി സുഭാഷ് ചന്ദ്ര സമര്‍പ്പിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കാണ് ട്രൈബ്യൂണല്‍ അംഗീകാരം നല്‍കിയത്.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ആകെ 6.5 കോടി രൂപ മാത്രമാണ് സുഭാഷ് ചന്ദ്ര ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഇതില്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ക്കായുള്ള 25 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. ഇതോടെ വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പണത്തിന്റെ 99.97 ശതമാനം നഷ്ടപ്പെടുന്ന സ്ഥിതിയാണ് വന്നിട്ടുള്ളത്. എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, കനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ പ്രമുഖ ലെന്‍ഡര്‍മാര്‍ ഈ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഭൂരിഭാഗം കടദാതാക്കളും (80.81% വോട്ട്) പദ്ധതിക്ക് അനുകൂലമായി നിലപാടെടുത്തതിനാലാണ് ട്രൈബ്യൂണല്‍ ഇതിന് അനുമതി നല്‍കിയത്.
സുഭാഷ് ചന്ദ്രയുടെ നിലവിലുള്ള വ്യക്തിഗത ആസ്തികള്‍ പരിമിതമാണെന്നും, അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചാല്‍ പോലും ബാങ്കുകള്‍ക്ക് ഇതിലും മെച്ചപ്പെട്ട തുക ലഭിക്കാനില്ലെന്നും കോടതി വിലയിരുത്തി. താന്‍ നേരിട്ട് വായ്പകളൊന്നും എടുത്തിട്ടില്ലെന്നും, എസ്സെല്‍ ഗ്രൂപ്പ് കമ്പനികളുടെ കടങ്ങള്‍ക്ക് പേഴ്‌സണല്‍ ഗ്യാരണ്ടര്‍ മാത്രമായിരുന്നു താനെന്നുമാണ് സുഭാഷ് ചന്ദ്രയുടെ വാദം. കമ്പനികള്‍ പ്രതിസന്ധിയിലായപ്പോള്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സ്വന്തം ആസ്തികള്‍ വിറ്റഴിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കമ്പനികള്‍ പ്രതിസന്ധിയിലായപ്പോള്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും തന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ തന്റെ ആസ്തി ഗണ്യമായി കുറഞ്ഞുവെന്നും സുഭാഷ് ചന്ദ്ര ട്രൈബ്യൂണലിനു മുമ്പാകെ വ്യക്തമാക്കി. ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി നിയമങ്ങളുടെയും പ്രൊമോട്ടര്‍ ഗ്യാരണ്ടികളുടെയും വിശ്വാസ്യതയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് ഈ വിധി വഴിവെച്ചിരിക്കുന്നത്. വന്‍കിട കടക്കാരുടെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്ന തിരിച്ചടവുകളുടെ പരിമിതിയാണ് കേസ് വീണ്ടും വെളിച്ചത്തുകൊണ്ടുവരുന്നത്. വിധിക്കെതിരെ എച്ച്ഡിഎഫ്സി ബാങ്ക് അപ്പീലിന് പോയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates