

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. 326 സീറ്റുകള്‍ വരെ നേടി എന്‍ഡിഎ മുന്നേറ്റം തുടരുമെന്നാണ് ഇന്ത്യ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ പ്രവചനം. എങ്കിലും, മുന്‍ സര്‍വേകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരണമുന്നണിയുടെ സീറ്റ് നിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎ 352 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചിച്ചിരുന്നതെങ്കില്‍, നിലവിലെ സര്‍വേ പ്രകാരം അത് 326 ആയി കുറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ '400 പാര്‍' (നാനൂറ് കടക്കും) എന്ന മുദ്രാവാക്യത്തില്‍നിന്ന് കുറവെങ്കിലും, വോട്ടര്‍മാരുടെ വിശ്വാസം എന്‍ഡിഎയില്‍ ഇപ്പോഴും സുരക്ഷിതമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2029ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെന്‍-സീകളുടെ പിന്തുണ ഉറപ്പാക്കുക എന്നത് മുന്നണിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
മറുവശത്ത്, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുടെ സീറ്റ് നിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. ജനുവരിയിലെ സര്‍വേയില്‍ 182 സീറ്റുകള്‍ പ്രവചിച്ചിരുന്ന സ്ഥാനത്ത്, പുതിയ സര്‍വേ പ്രകാരം പ്രതിപക്ഷ സഖ്യത്തിന് 185 സീറ്റുകള്‍ ലഭിച്ചേക്കാം. 2024ല്‍ 234 സീറ്റുകള്‍ നേടി എന്‍ഡിഎയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ പ്രതിപക്ഷത്തിന് നിലവിലെ കണക്കുകള്‍ വലിയ നേട്ടങ്ങള്‍ നല്‍കുന്നില്ല.
കക്ഷി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പില്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 261 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആറുമാസം മുമ്പ് ഇത് 287 സീറ്റുകളായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ നേടിയ 240 സീറ്റുകളെക്കാള്‍ കൂടുതലാണെങ്കിലും, ബിജെപിയുടെ ജനപ്രീതിയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും കാരണം യുവാക്കള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ അതൃപ്തി നിലനില്‍ക്കുന്നുണ്ട്.
അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശ്വാസകരമായ കണക്കുകളാണ് പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തന്ത്രങ്ങള്‍ ഫലം കാണുന്നുവെന്ന് സൂചിപ്പിക്കുന്ന സര്‍വേ, പാര്‍ട്ടിക്ക് 106 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ജനുവരിയിലെ സര്‍വേയില്‍ ഇത് 80 സീറ്റുകള്‍ മാത്രമായിരുന്നു. ജൂലൈ 1നും ഓഗസ്റ്റ് 25നും ഇടയില്‍ 25,184 പേരില്‍ നേരിട്ട് നടത്തിയ സര്‍വേയും, സി-വോട്ടറിന്റെ കഴിഞ്ഞ ആറുമാസത്തെ പതിവ് ട്രാക്കിങ്ങിലൂടെ ശേഖരിച്ച 91,795 അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടുഡേ പുതിയ മൂഡ് ഓഫ് ദി നേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates