

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ഗംഭീര വിജയം നേടാനായെങ്കിലും, 2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. ഇത്തവണ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളില്‍ എത്തിച്ച് സംസ്ഥാനത്തെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഇത്തവണ ബിജെപിക്ക് 11.42 ശതമാനം വോട്ട് വിഹിതവും 24,66,178 വോട്ടുമാണ് ലഭിച്ചത്. 2021-ല്‍ ഇത് 11.30 ശതമാനവും 23,54,468 വോട്ടുമായിരുന്നു.
സമീപകാലത്തെ മറ്റ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഇതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16.68 ശതമാനവും, 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 14.6 ശതമാനവും വോട്ട് വിഹിതം ബിജെപി നേടിയിരുന്നു. ബിഡിജെഎസ്, ട്വന്റി-20 ഉള്‍പ്പെടെയുള്ള മറ്റ് എന്‍ഡിഎ സഖ്യകക്ഷികളുടെ പൂര്‍ണ്ണമായ വോട്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് വിഹിതം 2021-ലെ 25.12 ശതമാനത്തില്‍ (52,33,429 വോട്ട്) നിന്ന് 2026-ല്‍ 28.79 ശതമാനമായി (62,17,918 വോട്ട്) ഉയര്‍ത്തി. അതേസമയം സിപിഎമ്മിന് വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായി; 2021-ലെ 25.38 ശതമാനത്തില്‍ (52,88,507 വോട്ട) നിന്ന് 2026-ല്‍ ഇത് 21.77 ശതമാനമായി (46,00,662 വോട്ട) കുറഞ്ഞു.
വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നാലാമത്തെ വലിയ പാര്‍ട്ടിയായി ഉയര്‍ന്നു. 11.01 ശതമാനം വോട്ട് വിഹിതവും 23,78,053 വോട്ടുകളുമാണ് ലീഗ് നേടിയത്. വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ പാര്‍ട്ടികളിലൊന്നായ ലീഗ്, 2021-ലെ 8.27 ശതമാനത്തില്‍ (17,23,593 വോട്ട) നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളില്‍, സിപിഐയുടെ വോട്ട് വിഹിതം 7.58 ശതമാനത്തില്‍ (15,79,235 വോട്ട) നിന്ന് 6.64 ശതമാനമായും (14,34,524 വോട്ട), കേരള കോണ്‍ഗ്രസ് (എം) വിഹിതം 3.28 ശതമാനത്തില്‍ (6,84,363 വോട്ട) നിന്ന് 2.60 ശതമാനമായും (5,25,323 വോട്ട) കുറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates