

മൂളിപ്പാട്ട് പാടിനടക്കുമ്പോൾ എപ്പോഴെങ്കിലും സ്വന്തമായി ഒരു പാട്ട് ഉണ്ടാക്കി നോക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ഇത് പണ്ടത്തെ കാലമല്ല, സംഗീതം പഠിച്ചിട്ടില്ലെങ്കിലും, ഒരു സംഗീതോപകരണം പോലും വായിക്കാൻ അറിയില്ലെങ്കിലും, ഗാനരചന അറിയില്ലെങ്കിലും, എന്തിന്, ഒരു സ്റ്റുഡിയോയിൽ പോലും കേറിയിട്ടില്ലെങ്കിലും നിങ്ങൾക്ക് സംഗീതം സൃഷ്ടിക്കാൻ കഴിയും. അതിനായി "സുനോ" എഐ ഉപയോഗിച്ചാൽ മതി. നിങ്ങളുടെ ഭാവനയും അതിനെ നന്നായി വിവരിക്കുന്ന കുറച്ച് നിർദേശങ്ങളും നൽകിയാൽ സുനോ വഴി നിങ്ങൾക്ക് വോക്കൽ ട്രാക്കും ഇൻസ്ട്രമെന്റൽ ട്രാക്കും അടങ്ങുന്ന ഒരു പൂർണ്ണമായ ഗാനം തന്നെ ലഭിക്കും. അതും നിമിഷങ്ങൾക്കുള്ളിൽ.
സുനോ ഡിജിറ്റൽ ലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. ടെക്സ്റ്റ് പ്രോംപ്റ്റുകൾ മാത്രം ഉപയോഗിച്ച് ഒരു മുഴുനീള ഗാനം സൃഷ്ടിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതുവഴി, സംഗീത ലോകത്തെ സുനോ കൂടുതൽ ജനാധിപത്യവൽക്കരിച്ചു എന്ന് അഭിപ്രായമുള്ളവരുണ്ട്. സംഗീത പശ്ചാത്തലം ഇല്ലാത്തവർക്കും സുനോ ഉപയോഗിച്ച് സംഗീതം ചെയ്യാൻ കഴിയും. നിങ്ങൾ സംഗീതത്തിൽ ഒരു പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്ന ഒരു ശ്രോതാവോ, പുതിയ ആശയങ്ങൾ കിട്ടാൻ ആഗ്രഹിക്കുന്ന പരിചയസമ്പത്തുള്ള ഒരു കലാകാരനോ, അല്ലെങ്കിൽ ഒരു പ്രൊഫഷണൽ കണ്ടന്റ് ക്രിയേറ്ററോ ആയിക്കൊള്ളട്ടെ, നിങ്ങൾ ആഗ്രഹിക്കുന്ന ഗാനം ഉണ്ടാക്കാനുള്ള മാർഗം സുനോ നിങ്ങളുടെ വിരൽത്തുമ്പിലേക്ക് കൊണ്ടുവരുന്നു.
ഇതിൽ ഒരു പ്രോംപ്റ്റ്, അല്ലെങ്കിൽ ഗാനാവിഷ്‌ക്കാരയോഗ്യമായ വരികൾ നൽകി, വോക്കൽസ്, ഇൻസ്ട്രുമെന്റേഷൻ എന്നിവ അടങ്ങുന്ന ഒരു പൂർണ്ണമായ ട്രാക്ക് സൃഷ്ടിക്കാൻ കഴിയുന്ന ടെക്സ്റ്റ്-ടു-മ്യൂസിക് ജനറേഷൻ സംവിധാനം ഉണ്ട്. ഇതിൽ ഒന്നിലധികം ഗാനശൈലികൾ ലഭിക്കും. അതായത് പോപ്പ്, ഹിപ്-ഹോപ്പ്, ജാസ്, മെറ്റൽ, ഇലക്ട്രോണിക് സംഗീതം എന്നിവയുൾപ്പെടെ വിവിധ വോക്കൽ ടോണുകളും വിഭാഗങ്ങളും സുനോയിൽ ഉണ്ട്. ഇതിൽ കസ്റ്റം വോയ്‌സ് ക്ലോണിങ് സംവിധാനവുമുണ്ട്. ധാർമ്മിക പ്രശ്നങ്ങൾ മൂലം ഉപയോഗം കർശനമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, ഒരു പ്രത്യേക ശബ്‌ദം അനുകരിക്കാൻ എഐയെ പരിശീലിപ്പിക്കാൻ ഇതുവഴി സാധിക്കും. അതില്ലെല്ലാമുപരി നിങ്ങൾ മുൻപ് സൃഷ്ടിച്ച പാട്ടുകൾ സേവ് ചെയ്യാനും വീണ്ടും അത് ഡൗൺലോഡ് ചെയ്യാനും പറ്റും. ഓരോ സുനോ മോഡലും ഉണ്ടാക്കുന്ന ഗാനസൃഷ്ടിയുടെ ദൈർഘ്യത്തിന് പരിമിതികൾ ഉണ്ട്: v2 - 1മിനിറ്റ് 20 സെക്കൻഡ് വരെ, v3 - 2 മിനിറ്റ് വരെ, v3.5/ v4- 4 മിനിറ്റ് വരെ, v 4.5 - 8 മിനിറ്റ് വരെ. എന്നാൽ നിങ്ങൾക്ക് പാട്ടുകൾ ഭാഗങ്ങളായി നീട്ടി, അവയെ ഒരുമിച്ച് ചേർത്ത്, അതുവഴി നീളമുള്ള ട്രാക്കുകൾ ഉണ്ടാക്കാൻ സാധിക്കും. പക്ഷെ സുനോവിൽ സ്വന്തമായ ചെറിയ മെച്ചപ്പെടുത്തലുകൾ നടത്താനും, ട്രാക്ക് മിക്ക്സ് ചെയ്യുന്നതിനും ഒക്കെ പരിമിതികൾ ഉണ്ട്.
സുനോ ഉപയോഗിക്കാൻ ആദ്യം അതിന്റെ വെബ്‌സൈറ്റ് (www.suno.com) സന്ദർശിച്ച് സൈൻ അപ്പ് ചെയ്യുക. ശേഷം നിങ്ങൾക്ക് രണ്ട് വഴികളിലൂടെ ഗാനം സൃഷ്ടിക്കാം: സിംപിൾ അല്ലെങ്കിൽ കസ്റ്റം മോഡ്. സിംപിൾ വഴി തിരഞ്ഞെടുത്താൽ നിങ്ങൾ ഒരു ചെറിയ പ്രോംപ്റ്റ് മാത്രം നൽകിയാൽ മതി, ഗാനത്തിനുള്ള വരികൾ, ശബ്ദം, സംഗീതം എന്നിവയെല്ലാം സുനോ തന്നെ സൃഷ്ടിക്കുന്നു. തുടക്കക്കാർക്ക് ഈ മാർഗം സഹായകരമാണ്. ഉദാഹരണത്തിന്: സുനോയിൽ എങ്ങനെ സംഗീതം ഉണ്ടാക്കണം എന്നതിനെ പറ്റി തന്നെ ഒരു റാപ്പ് സോങ് ഉണ്ടാക്കി നോക്കിയാലോ? നിമിഷ നേരങ്ങൾക്കുളിൽ ഒരേ വരികൾ ഉള്ള ഒന്നല്ല, രണ്ടു പാട്ടുകൾ റെഡി.
സുനോ ഉണ്ടാക്കിയ പാട്ട് ഒരെണ്ണം കേൾക്കാം:
കസ്റ്റം മോഡ് അതുക്കും മേലെയാണ്. അതിൽ ഗാനത്തിനുള്ള വരികൾ നിങ്ങൾക്ക് തന്നെ കൊടുക്കാം (ഒരു രഹസ്യം: സ്വന്തമായി എഴുതണമെന്നില്ല, ചാറ്റ് ജിപിറ്റിയോട് ചോദിച്ചാലും മതി. സുനോയ്ക്ക് കൊടുക്കാനാണെന്ന് പറഞ്ഞാൽ ആശാൻ ആ രീതിയിൽ വരികൾ എഴുതി തരും). കൂടാതെ ഗാന ശൈലി അതിന്റെ മൂഡ് എന്നിവ കൂടുതൽ കൃത്യമായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പാട്ടിന്റെ ഉള്ളടക്കത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ മോഡാണ് അനുയോജ്യം. ഉദാഹരണത്തിന്: ഞാൻ ആദ്യം സുനോ എഐനെ പറ്റി ഒരു മലയാളം പാട്ട് എഴുതാൻ ചാറ്റ് ജിപിറ്റിയോട് പറഞ്ഞു.
സുനോ ഉണ്ടാക്കിയ മലയാളം പാട്ട് ഒരണ്ണം കേൾക്കാം:
പറയുമ്പോൾ എല്ലാം പറയണമല്ലോ, എഐ ഉണ്ടാക്കുന്ന ഗാനത്തിന് അതിന്റെതായ പോരായിമകളും പ്രശ്നങ്ങളും ഉണ്ട്. സുനോ ഉണ്ടാക്കുന്ന ഗാനങ്ങൾ നല്ലതാണെങ്കിലും, മനുഷ്യ സൃഷ്ടികളിൽ കാണപ്പെടുന്ന വൈകാരിക ആഴമോ മൗലികതയോ അവയിൽ ഉണ്ടാകില്ല. കൂടാതെ അത് ഒട്ടേറെ പകർപ്പവകാശ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. എഐ സൃഷ്ടിച്ച വോക്കൽസും വരികളും നിയമപരമായ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്, പ്രത്യേകിച്ച് അവ അറിയപ്പെടുന്ന കലാകാരന്മാരെ അനുകരിക്കുന്ന വിധമാണെങ്കിൽ. ചില സന്ദർഭങ്ങളിൽ, പ്രശസ്ത ഗായകരുടെ ശബ്ദങ്ങൾ പുനഃസൃഷ്ടിക്കാൻ ആളുകൾ ശ്രമിച്ചപ്പോൾ അതിലെ ധാർമ്മിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒട്ടേറെ സംഗീതജ്ഞർ രംഗത്തെത്തിയിരുന്നു. കൂടാതെ, എഐ സൃഷ്ടിച്ച സംഗീതം ആരുടേതാണ് എന്ന ചോദ്യവും ഉണ്ട്, അതിന്റെ പകർപ്പവകാശം സുനോയ്ക്കാണോ അതോ ഉണ്ടാക്കിയ ഉപയോക്താവിനാണോ എന്നതിന് നിയമപരമായി ഉത്തരം ഇല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
