

കൊച്ചി: ഇന്ത്യയിലെ സമ്പന്നര്‍ കൂടുതലുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി തൃശൂര്‍. എംത്രിഎം ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026ലാണ് രാജ്യത്ത് അതിസമ്പന്നരുള്ള നഗരങ്ങളുടെ പട്ടികയില്‍ തൃശൂര്‍ ഇടം പിടിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട തൃശൂരിലെ അതിസമ്പന്നരുടെ ആകെ ആസ്തി 1.73 ലക്ഷം കോടി രൂപയാണ്. വലിയ വ്യാവസായിക കേന്ദ്രങ്ങളായ പല നഗരങ്ങളെയും പിന്തള്ളി പട്ടികയില്‍ ഇടംപിടിച്ച കേരളത്തിലെ ഏക നഗരമെന്ന നേട്ടമാണ് തൃശൂര്‍ കൈവരിച്ചത്.
രാജ്യത്ത് 1,000 കോടി രൂപയോ അതില്‍ കൂടുതലോ ആസ്തിയുള്ള 163 നഗരങ്ങളിലെ 1,810 വ്യക്തികളാണ് പട്ടികയിലുള്ളത്. ഇന്ത്യയില്‍ നിലവില്‍ 391 ഡോളര്‍ ശതകോടീശ്വരന്മാരാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 27 പേരാണ് ഈ പട്ടികയില്‍ പുതുതായി എത്തിയത്. ഓഹരി വിപണിയുടെ വളര്‍ച്ചയെക്കാള്‍ വേഗത്തില്‍ സമ്പത്ത് വര്‍ധിച്ച വര്‍ഷമാണ് 2026 എന്നാണ് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026ലെ കണക്കുകള്‍ പറയുന്നത്. നിഫ്റ്റി 50 സൂചിക 3.9 ശതമാനവും സെന്‍സെക്‌സ് 5.8 ശതമാനവും ഇടിഞ്ഞപ്പോഴും മൊത്തം സമ്പത്ത് 12.8 ശതമാനം വര്‍ധിച്ച് 187.5 ലക്ഷം കോടി രൂപയായി.
ഇന്ത്യയില്‍ ഇപ്പോള്‍ ഡോളര്‍ മില്യണര്‍മാരുടെ എണ്ണം 391 ആണ്. 2014-ലെ വിനിമയ നിരക്ക് കണക്കിലെടുക്കുകയാണെങ്കില്‍ ഈ എണ്ണം 559 ആകുമായിരുന്നു. ശതകോടീശ്വരന്മാരുടെ ക്ലബ്ബിലേക്ക് പ്രവേശിക്കുന്നതില്‍ പലര്‍ക്കും രൂപയുടെ മൂല്യത്തകര്‍ച്ച വലിയ തിരിച്ചടിയായി. ഇങ്ങനെ 168 പേരാണ് പട്ടികയ്ക്ക് പുറത്തു പോയത് ഹുറുണ്‍ ഇന്ത്യയുടെ സ്ഥാപകനും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തൃശൂര്‍ വലിപ്പത്തിനപ്പുറമുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നത് തുടരുകയാണ്, കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരുന്നു. സ്വര്‍ണം, ആഭരണം, റീട്ടെയില്‍ തുടങ്ങിയ ബിസിനസുകളിലൂടെയാണ് ഈ നേട്ടം. ഒറ്റ ഷോറൂമുകളായി തുടങ്ങി ആഗോള ബ്രാന്‍ഡുകളായി വളര്‍ന്നു. അനസ് പറഞ്ഞു.
'ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് 2026'-ല്‍ ലോകത്തെ മികച്ച 1,000 നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയെയും മറ്റ് പല വലിയ ഇന്ത്യന്‍ നഗരങ്ങളെയും പിന്തള്ളി തൃശൂര്‍ മുന്നിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു നേട്ടവും കൈവരിച്ചിരിക്കുന്നത്. പൂരം ഉത്സവം, സംഗീത അക്കാദമികള്‍, വ്യാപകമായ സ്വര്‍ണ്ണാഭരണ ശാലകളുടെ ശൃംഖല എന്നിവയ്ക്ക് പേരുകേട്ട തൃശൂര്‍, വ്യക്തിഗത സമ്പത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്ന രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
1,02,200 കോടി രൂപയുടെ ആസ്തിയോടെ ദേശീയതലത്തില്‍ 21-ാം സ്ഥാനത്തുള്ള സ്വര്‍ണ്ണവ്യാപാരിയായ ജോയ് ആലുക്കാസാണ് കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. കല്യാണ്‍ ജ്വല്ലേഴ്‌സിലെ ടിഎസ്. കല്യാണരാമനും കുടുംബവും (64ാം സ്ഥാനം, 40,900 കോടി രൂപ), മണപ്പുറം ഫിനാന്‍സിലെ വിപി നന്ദകുമാര്‍ (15,900 കോടി രൂപ), ജോസ് ആലുക്കാസും കുടുംബവും (14,000 കോടി രൂപ) എന്നിവരും തൃശൂരില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ ഇവര്‍ നാലുപേരും ഇടംപിടിച്ചിട്ടുണ്ട്.
തൃശൂരുമായുള്ള ബന്ധം നോക്കിയാല്‍ ഈ പട്ടികയില്‍ തൃശൂരില്‍ നിന്നുള്ളവരുടെ എണ്ണം ഏഴാകേണ്ടതാണ്. നാട്ടിക സ്വദേശിയാണെങ്കിലും യുഎഇയില്‍ താമസിക്കുന്ന യൂസഫലി എംഎ, കൊച്ചി ആസ്ഥാനമായുള്ള കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതി ലബോറട്ടറീസിലെ എംപി രാമചന്ദ്രന്‍ എന്നിവരും പട്ടികയില്‍ വരുമായിരുന്നു. കേരളത്തില്‍ നിന്ന് 32-ലധികം വ്യക്തികള്‍ ഈ വര്‍ഷത്തെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി ഏകദേശം 6.3 ലക്ഷം കോടി രൂപയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates