

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട (Toyota) തങ്ങളുടെ ജനപ്രിയ മോഡലായ ഫോര്‍ച്യൂണര്‍ എസ്യുവിയുടെയും പ്രീമിയം ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെയും ഹൈബ്രിഡ് പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. നിയോ ഡ്രൈവ് 48V വേരിയന്റുകള്‍ എന്ന് വിളിക്കുന്ന ഈ മോഡലുകള്‍ ഫോര്‍ച്യൂണര്‍ നിരയുടെ ഹൈബ്രിഡ് രംഗത്തേയ്ക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യയിലുടനീളം ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്, ജൂണ്‍ മൂന്നാമത്തെ ആഴ്ച മുതല്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് ആയ ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവും ലെജന്‍ഡര്‍ നിയോ ഡ്രൈവും 204 എച്ച്പിയും 500 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി തന്നെയാണ് വിപണിയില്‍ എത്തുന്നത്. ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം-അയണ്‍ ബാറ്ററിയും ഉള്‍പ്പെടുന്ന 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തിന്റെ കൂട്ടിച്ചേര്‍ക്കലാണ് പുതിയത്. ഇന്ധനക്ഷമത മെച്ചപ്പെടുത്തുക, കുറഞ്ഞ വേഗതയില്‍ ഡ്രൈവിങ് ഉറപ്പാക്കുക, എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ശബ്ദം കുറയ്ക്കുക എന്നിവയാണ് ഈ സിസ്റ്റം ലക്ഷ്യമിടുന്നത്.
റീജനറേറ്റീവ് ബ്രേക്കിങ്, വെറുതെ കിടക്കുമ്പോള്‍ എന്‍ജിന്‍ സ്വിച്ച് ഓഫ് ചെയ്യുന്ന ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫങ്ഷന്‍ തുടങ്ങിയ സവിശേഷതകളും പുതിയ വേരിയന്റുകളില്‍ കാണാം. മൊത്തത്തില്‍ രൂപകല്‍പ്പനയില്‍ വലിയ മാറ്റമില്ല.
കൂടാതെ പുതിയ സാങ്കേതിക അപ്ഗ്രേഡുകളും പുതിയ മോഡല്‍ വാഗ്ദാനം ചെയ്യുന്നു. പാര്‍ക്കിങ്ങ് അടക്കം സഹായിക്കുന്നതിന് 360-ഡിഗ്രി പനോരമിക് കാമറയും കൂടുതല്‍ സൗകര്യത്തിനായി വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ഇന്റീരിയറുകള്‍ നിലവിലുള്ള ഡീസല്‍ പതിപ്പുകളുടേതിന് സമാനമാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V യുടെ വില 44.72 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V യുടെ വില 50.09 ലക്ഷം മുതല്‍ (രണ്ടും എക്‌സ്-ഷോറൂം) ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates