

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ യുപിഐ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ മാറ്റം നടപ്പാക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. 10,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകളില്‍ പുതിയ പദ്ധതി നടപ്പാക്കാനാണ് റിസര്‍വ് ബാങ്ക് ഒരുങ്ങുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകള്‍ തല്‍ക്ഷണം പൂര്‍ത്തിയാകുന്നത് ഒഴിവാക്കി കാത്തിരിപ്പ് സമയം ഏര്‍പ്പെടുത്താനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
അതായത് പണം സ്വീകര്‍ത്താവിന് ലഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്ന തലത്തിലാണ് മാറ്റം കൊണ്ടുവരാന്‍ പദ്ധതിയിടുന്നത്.എന്നാല്‍ അയക്കുന്ന തുകയുടെ പരിധിയില്‍ ഒരു മാറ്റം വരില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതായത് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളില്‍ നിന്ന് എത്ര തുക വേണമെങ്കിലും തുടര്‍ന്നും അയക്കാന്‍ സാധിക്കും. വ്യക്തികള്‍ തമ്മിലുള്ള കൈമാറ്റത്തിനാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കോ യുപിഐ ഐഡിയിലേക്കോ നേരിട്ട് പണം അയക്കുമ്പോഴാണ് ഇത് ബാധകമാകുന്നത്.ആദ്യമായി ഒരാള്‍ക്ക് പണം അയക്കുമ്പോഴോ അല്ലെങ്കില്‍ 10,000 രൂപയില്‍ കൂടുതല്‍ അയക്കുമ്പോഴോ ആയിരിക്കും ഈ താമസം ഉണ്ടാവുക.കടകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നടത്തുന്ന പേയ്മെന്റുകള്‍, പെട്രോള്‍ പമ്പുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ് (ഗ്രോസറി, വസ്ത്രങ്ങള്‍ തുടങ്ങിയവ) എന്നിവയെ ഈ മാറ്റം ബാധിക്കില്ല. ഇത്തരം മര്‍ച്ചന്റ് ഇടപാടുകള്‍ തല്‍ക്ഷണം തന്നെ നടക്കും.
കുടുംബാംഗങ്ങള്‍ക്കോ അല്ലെങ്കില്‍ സ്ഥിരമായി പണം അയക്കുന്നവര്‍ക്കോ ഉള്ള ഇടപാടുകളില്‍ ഈ താമസം ഒഴിവാക്കാന്‍ 'ട്രസ്റ്റഡ് ലിസ്റ്റ്' (Trusted List) എന്ന സംവിധാനം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നുണ്ട്. ഈ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് എത്ര വലിയ തുകയും തല്‍ക്ഷണം അയക്കാന്‍ സാധിക്കും. ഇതിനെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും റിസര്‍വ് ബാങ്ക് അഭിപ്രായം തേടിയിട്ടുണ്ട്. മെയ് എട്ടുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷം മാത്രമേ പുതിയ മാറ്റം സംബന്ധിച്ച് ആര്‍ബിഐ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates