

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രാജ്യത്തെ കോണ്ടം നിര്‍മ്മാണ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്. നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയില്‍ പാചകവാതക ക്ഷാമത്തിലേക്ക് നയിച്ചിരിക്കുകയാണ്. അതിനിടെയാണ് ഇന്ത്യയുടെ 86 കോടി ഡോളര്‍ മൂല്യമുള്ള കോണ്ടം നിര്‍മ്മാണ വ്യവസായത്തെയും ഇറാന്‍ യുദ്ധം ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കോണ്ടം നിര്‍മ്മാണ വ്യവസായത്തില്‍ നിര്‍ണായകമായ പെട്രോകെമിക്കലുകള്‍ക്കും ലൂബ്രിക്കന്റുകള്‍ക്കും വേണ്ടിയുള്ള വിതരണ ശൃംഖലകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. പ്രതിവര്‍ഷം 400 കോടിയിലധികം കോണ്ടമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും കുതിച്ചുയരുന്ന ഉല്‍പ്പാദനച്ചെലവും കാരണം ഈ മേഖല പ്രതിസന്ധി നേരിടുകയാണ്.
പ്രതിവര്‍ഷം ഏകദേശം 221 കോടി കോണ്ടം ഉല്‍പ്പാദിപ്പിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്, മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ്, ക്യുപിഡ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന നിര്‍മ്മാണ കമ്പനികളെയെല്ലാം വിതരണ ശൃംഖലയിലെ ഈ ആഘാതം ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
കോണ്ടം നിര്‍മ്മാണത്തിന് രണ്ട് അസംസ്‌കൃത വസ്തുക്കളാണ് മുഖ്യമായി വേണ്ടത്. സിലിക്കണ്‍ ഓയിലും അമോണിയയും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിക്കണ്‍ ഓയിലിന് വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇത് വലിയ വിപണി അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ട്. അതേപോലെ തന്നെയാണ് അമോണിയയുടെ കാര്യവും. അതിനാല്‍ അമോണിയയുടെ വില 40-50 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പാക്കേജിങ് വസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന വിലയാണ് മറ്റൊരു പ്രതിസന്ധി.
'പിവിസി ഫോയില്‍, അലുമിനിയം ഫോയില്‍, പാക്കേജിങ് മെറ്റീരിയലുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിതരണ നിയന്ത്രണങ്ങളും വിലയിലെ ചാഞ്ചാട്ടവും ഉല്‍പ്പാദനത്തെയും ഓര്‍ഡര്‍ നിര്‍വ്വഹണത്തെയും ബാധിച്ചു. ലോജിസ്റ്റിക് തടസ്സങ്ങള്‍ വെല്ലുവിളികള്‍ക്ക് കാരണമായിട്ടുണ്ട്'- കോണ്ടം നിര്‍മ്മാണ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ പ്രതിസന്ധി ഒരു ബിസിനസ് തടസ്സം മാത്രമല്ല, ഒരു സാമൂഹിക അപകടസാധ്യത കൂടിയാണെന്ന് വ്യവസായ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ വളരെ മിതമായ നിരക്കിലാണ് കോണ്ടം വില്‍പ്പന നടത്തുന്നത്. എന്നാല്‍ ഉല്‍പ്പാദന ചെലവ് വര്‍ധിക്കുന്നത് മൂലം വില കൂട്ടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും. കോണ്ടം വിലക്കയറ്റം അതിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇടയാക്കിയാല്‍ കുടുംബാസൂത്രണം, ജനസംഖ്യാനിയന്ത്രണം, ലൈംഗികരോഗവ്യാപനം തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാവുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates