

ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്ഡേറ്റ് പുറത്തിറക്കി വാട്സ്ആപ്പ്. ആപ്പിള്‍ കാര്‍പ്ലേയില്‍ വാട്സ്ആപ്പ് വലിയ മാറ്റങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പ് കാറിലെ ഡാഷ്ബോര്‍ഡില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതല്‍ വോയ്‌സ് കമാന്‍ഡുകളെ മാത്രം ആശ്രയിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.
ഐഒഎസിലെ വാട്സ്ആപ്പിന്റെ 26.13.74 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താല്‍ കാറിന്റെ ഡാഷ്ബോര്‍ഡില്‍ നിന്ന് നേരിട്ട് വാട്ട്സ്ആപ്പ് എടുക്കാന്‍ കഴിയും. ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ എല്ലാവരിലേക്കും എത്തുകയാണ്.
ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന മാറ്റമാണിത്. ആപ്പ് ഇപ്പോള്‍ നേരിട്ട് കാര്‍പ്ലേ സ്‌ക്രീനില്‍ ലഭ്യമാണ്. ഡ്രൈവിങ്ങിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ഇന്റര്‍ഫേസിലൂടെ ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍, കോളുകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. കോള്‍ ഹിസ്റ്ററി, ഇന്‍കമ്മിങ് ഔട്ട്ഗോയിങ് കോളുകള്‍ സമയവിവരങ്ങള്‍ സഹിതം കാണിക്കും.
മെസേജുകളും കോളുകളും ഇപ്പോഴും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍, ഈ ആപ്പ് ലളിതവും വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് വാട്സ്ആപ്പ് പറയുന്നത്. ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ തക്കവിധമാണ് ആപ്പിന്റെ ഡിസൈന്‍. കാര്‍ ഓടിക്കൊണ്ടിരിക്കുകയാണെങ്കില്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ചാറ്റ് വിന്‍ഡോകള്‍ തുറക്കാന്‍ കഴിയില്ല. പകരം, പുതിയ സന്ദേശങ്ങള്‍ ഉച്ചത്തില്‍ വായിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാനാകും, കൂടാതെ വോയ്സ് ഡിക്‌റ്റേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കും. ഇന്ത്യയിലും മറ്റ് പ്രദേശങ്ങളിലും അപ്ഡേറ്റ് പുറത്തിറങ്ങും. ഒരു ഐഫോണും കാര്‍പ്ലേ സിസ്റ്റവും ഉണ്ടെങ്കില്‍, വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക, നിങ്ങളുടെ ഫോണ്‍ ലിങ്ക് ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates