

ജെഇഇ പരീക്ഷയ്ക്ക് ഇനി മാസങ്ങൾ മാത്രമാണുള്ളത്. ആ പരീക്ഷയിൽ വിജയിക്കാൻ കഠിനാധ്വാനം മാത്രമല്ല, ബുദ്ധിപരമായ സമീപനവും ആവശ്യമാണ്.
ജെഇഇ 2026 അടുക്കുമ്പോൾ, പരീക്ഷ മികച്ച രീതിയിൽ എഴുതുന്നതിനായി കൃത്യമായ തയ്യാറെടുപ്പ് ആവശ്യമാണ്. പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതിനും സ്കോർ വർദ്ധിപ്പിക്കുന്നതിനും പലരും പരീക്ഷിച്ച് വിജയിച്ച ചില വഴികൾ ഇവയാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനിയറിങ് കോളജുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള ജെഇഇ പരീക്ഷ പലർക്കും അമിതഭാരം തോന്നുന്നതാണ്. മൂന്ന് മാസം മാത്രമാണ് പരീക്ഷയ്ക്കായി ഇനിയുള്ളത്. സമയം ഇനിയും വൈകയിട്ടില്ല, ഇപ്പോൾ മുതൽ നിങ്ങൾ പരീക്ഷയെ നേരിടാൻ തയ്യാറാകണം.
അതിനായി ചില കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യണ്ടതുണ്ട്. ബുദ്ധിപരമായ ആസൂത്രണം, ലക്ഷ്യബോധമുള്ള പഠനം, സ്മാർട്ട് ആയ സമീപനം എന്നിവയിലൂന്നി വേണം ആ കാര്യങ്ങൾ ചെയ്യേണ്ടത്. .
ഏത് വിജയത്തിന് പിന്നിലും പാഠപുസ്തകങ്ങൾക്കപ്പുറം, കൃത്യമായ മാർഗനിർദ്ദേശം ലഭിച്ച ഒരു വ്യക്തിയെ നമുക്ക് ആ വിജയിയിൽ കാണാനാകും. അതിൽ നിന്നും വ്യത്യസ്തമല്ല, ജെ ഇ ഇ യിൽ ഉന്നത റാങ്കുകൾ നേടുന്നവരും. വിദ്യാർത്ഥിയുടെ ആത്മവിശ്വാസം വളർത്താനും ശ്രദ്ധകേന്ദ്രീകരിക്കേണ്ട വിഷയങ്ങളിൽ മുൻഗണന നൽകാനും ആത്മവിശ്വാസം ഉയർത്താനും കഴിയുന്ന അദ്ധ്യാപകരുടെ പിന്തുണ തേടണം. അദ്ധ്യാപകർ എന്നതിനപ്പുറം മെന്റർമാർമാരാകണം.
പരീക്ഷയ്ക്ക് സമയം ഇനിയുള്ള സമയം ഉപയോഗിച്ച് മുഴുവൻ ഉള്ളടക്കവും വീണ്ടും പഠിക്കുക എന്നതിന് ശ്രമിക്കുന്നതിന് പകരം സെലക്ടീവ് ആയ മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പഠിക്കുക.
നിങ്ങൾ പ്രാഥമികമായി ഉയർന്ന വെയ്റ്റേജ് വേരിയബിളുകളിലും മുൻകാല ചോദ്യപേപ്പറുകളിൽ പതിവായി പ്രത്യക്ഷപ്പെടുന്ന തെരഞ്ഞെടുത്ത ആശയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അപൂർവ്വമായി കാണുന്നതോ ചോദിക്കുന്നതോ ആയ ആശയങ്ങൾക്കോ അധ്യായങ്ങൾക്കോ ഇപ്പോൾ അമിതമായി സമയം ചെലവഴിക്കരുത്.
പകരം, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പഠിക്കുക, അത് പരീക്ഷയുടെ ചോദ്യങ്ങളിലെ സമീപകാല ട്രെൻഡ് മനസ്സിലാക്കാൻ സഹായകമാകും. ഈ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുമ്പോൾ മുൻഗണനാ ക്രമം വ്യക്തമാകും.
പരിശീലന പരീക്ഷകൾ എഴുതുക എന്നത് മാത്രമല്ല, അതിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കുകയും വേണം. ഓരോ പരിശീലന പരീക്ഷയ്ക്കു ശേഷവും, നിങ്ങളുടെ തെറ്റുകൾ വിശകലനം ചെയ്യാൻ സമയം മാറ്റിവെക്കണം.
എന്തുകൊണ്ടാണ് നിങ്ങൾക്ക് മാർക്ക് നഷ്ടപ്പെട്ടതെന്ന് സ്വയം ചോദിക്കുക, ആ വിഷയങ്ങൾ വീണ്ടും അവലോകനം ചെയ്യുക. ഇത് നിങ്ങളുടെ പരീക്ഷ എഴുതുന്ന വേഗതയും ഉത്തരങ്ങളുടെ കൃത്യതയും മെച്ചപ്പെടുത്തുന്ന ഫലപ്രദമായ സംവിധാനം ആയിരിക്കും, ഇത് രണ്ടും ജെ ഇ ഇ പോലുള്ള സമയബന്ധിതമായ പരീക്ഷയിൽ വിജയിക്കുന്നതിന് നിർണായകമാണ്.
ഓരോ തവണയും നിങ്ങളുടെ പരീക്ഷ എഴുതുന്ന സമയം മെച്ചപ്പെടുന്നുണ്ടോ എന്ന് നോക്കുക. ഇടവേളകളില്ലാതെ ഓരോ പരിശീലന പരീക്ഷയും പൂർത്തിയാക്കണം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ എത്ര ഉത്തരം എഴുതാൻ സാധിച്ചു. എത്രയെണ്ണം ശരിയായി എന്ന് ഓരോ തവണയും പരിശോധിച്ച് ഉറപ്പുവരുത്തണം.
സമയം മാനേജ് ചെയ്യുന്നത് ശരിയായില്ലെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനേക്കാൾ പ്രയാസകരമാകും പരീക്ഷ എഴുതുക എന്നത്. ഇത് മറികടക്കാൻ പഠന സമയത്തിനായി കൃത്യതയുള്ളതും കർശനമായി നടപ്പാക്കാൻ കഴിയുന്നതുമായ പദ്ധതി തയ്യാറാക്കണം. അതുവഴി പഠനം റിവ്യൂ ചെയ്യുക, പ്രോബ്ലം സോൾവിങ്, പരിശീലന പരീക്ഷകൾ എന്നിവയെല്ലാം ഈ ദൈനംദിന ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ കഴിയും.
ഓരോ വിഷയത്തിനും നിശ്ചിത പഠന സമയം നീക്കിവയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പഠനത്തിനിടയിലെ ക്ഷീണം ഒഴിവാക്കാൻ ചെറിയ ഇടവേളകൾ എടുക്കുക.
പഠിക്കുന്ന സമയം അതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക. സ്ഥിരമായ പഠന സമയം അനിവാര്യമാണ്; ഓരോ ദിവസവും നന്നായി ആസൂത്രണം ചെയ്ത നാല് മണിക്കൂർ പഠനത്തിനായി മാറ്റിവെക്കുക. ഇത് തുടർച്ചയായ നാല് മണിക്കൂർ ആകാതിരിക്കുക. അതിനിടയിലുള്ള ഇടവേളകളും സമയബന്ധിതമായിരിക്കണം. ശ്രദ്ധ മാറുന്ന സമയങ്ങളിൽ ഇടവേളകൾ എടുക്കണം.
പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് നിരവധി പുസ്തകങ്ങൾ എടുത്ത് പഠിക്കാനൊരുങ്ങുന്നത് ഗുണകരമല്ല.തെരഞ്ഞെടുത്ത, കൃത്യതയുള്ള, വിശ്വസനീയമായ പുസ്തകങ്ങൾ പഠിക്കാൻ ഉപയോഗിക്കുക. ക്വസ്റ്റ്യൻബാങ്ക് പോലുള്ളവയിൽ ശ്രദ്ധകേന്ദ്രീകരിക്കാം.
റിവിഷൻ , അസൈൻമെന്റുകൾ എന്നിവ പഠിച്ചകാര്യങ്ങൾ വേഗത്തിൽ ഓർമ്മിക്കാൻ സഹായകമാണ്. കൂടുതൽ വായിക്കുക എന്നതല്ല, ഗുണപരമായും ലക്ഷ്യബോധത്തോടെയുമുള്ള പഠനമാണ് ഈ സമയത്ത് ആവശ്യം.
പഠന ശൈലി നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ മാറ്റുക. സ്വയം പഠനം, റെക്കോർഡ് ചെയ്ത ക്ലാസുകൾ, ഗ്രൂപ്പായുള്ള പഠനം. മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തുകൊണ്ടുള്ള പഠനം അങ്ങനെ പല രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോകാം. അതിൽ നിങ്ങൾക്ക് അനുയോജ്യമായ രീതി തെരഞ്ഞെടുക്കണം.
ഇപ്പോൾ പ്രധാനം, നിങ്ങൾ എത്ര സമയം പഠിക്കാൻ ചെലവഴിക്കുന്നു എന്നതല്ല, മറിച്ച് നിങ്ങൾ സമയം എത്ര കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നതാണ്. പഠിക്കുന്ന സമയം അതിൽ മാത്രം ശ്രദ്ധപതിപ്പിക്കുക.
പഠനസമയം കൃത്യമായി പിന്തുടരുക. ചിലർക്ക് രാവിലെ പഠിക്കാനാകും കൂടുതൽ സൗകര്യം, ചിലർക്ക് രാത്രിയിലാകും. സമയം ഏതായാലും ആ സമയം അതിനായി മാത്രം മാറ്റിവെക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates