

വിദേശപഠനത്തിനായി വർഷങ്ങളായി ഇന്ത്യൻ വിദ്യാർഥികൾ തെരഞ്ഞെടുത്തിരുന്നത് കാനഡ ആയിരുന്നു. എന്നാൽ 2026 എത്തിയപ്പോഴേക്കും ഈ പ്രവണതയിൽ വലിയ മാറ്റമാണ് കാണുന്നത്. ഉയർന്ന പഠനച്ചെലവ്, വിസ നിരസിക്കൽ,കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവ കാരണം നിരവധി വിദ്യാർഥികൾ ഇപ്പോൾ ജർമനിയാണ് തെരഞ്ഞെടുക്കുന്നത്.
ലോകോത്തര നിലവാരമുള്ള സർവകലാശാലകളിൽ കുറഞ്ഞ ചെലവിൽ പഠിക്കാനാകുന്നതാണ് ജർമനിയുടെ പ്രധാന ആകർഷണം.ജർമനിയിലെ പൊതു സർവകലാശാലകളിൽ ട്യൂഷൻ ഫീസ് ഇല്ലാതെയോ വളരെ കുറഞ്ഞ ഫീസോ ആയതിനാൽ വിദ്യാർഥികൾക്ക് വലിയ വിദ്യാഭ്യാസ വായ്പകളില്ലാതെ പഠനം പൂർത്തിയാക്കാൻ സാധിക്കുന്നു.
കാനഡയിൽ ഫീസും ജീവിതച്ചെലവും ഉൾപ്പെടെ മൊത്തം ചെലവ് 85,000 കനേഡിയൻ ഡോളറി (58 ലക്ഷം രൂപ) ലധികം തുക ചെലവാകണം. എന്നാൽ ജർമനിയിൽ അത്രയും തുക ആവശ്യമില്ല. വിദ്യാർഥികൾക്ക് വാർഷിക ചെലവുകൾക്കായി ബ്ലോക്ക്ഡ് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കണം എന്നത് ഒഴിച്ചാൽ ചെലവ് കാനഡയേക്കാൾ വളരെ കുറവാണ് ഇവിടെ.
കുറഞ്ഞ ജീവിതച്ചെലവും വിദ്യാർഥി സൗഹൃദ നയങ്ങളും കാരണം പഠനശേഷം സാമ്പത്തിക നേട്ടം കൂടുതലാണ് എന്നതും ജർമനി ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ ആകർഷകമായ വിദേശപഠന കേന്ദ്രമായി മാറുകയാണ്.
കൂടാതെ, യൂറോപ്യൻ യൂണിയന്റെ ബ്ലൂ കാർഡ് സംവിധാനത്തിലൂടെ പെർമനന്റ് റെസിഡൻസ് അടക്കമുള്ള കാര്യങ്ങൾ ജർമനി വാഗ്ദാനം ചെയ്യുന്നു. ദീർഘകാല കരിയർ വളർച്ചയും യൂറോപ്പിൽ സ്ഥിര താമസവും ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഇത് ഏറെ പ്രയോജനകരമാണ്.
ഇപ്പോൾ ജർമനിയിലെ നിരവധി സർവകലാശാലകൾ എൻജിനീയറിങ്, ബിസിനസ്, ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ഇംഗ്ലീഷ് മീഡിയം മാസ്റ്റേഴ്സ് പ്രോഗ്രാമുകളും നൽകുന്നുണ്ട്. ജർമൻ ഭാഷ അറിയാത്ത വിദ്യാർഥികൾക്കും ഇതിലൂടെ ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ആഗോള തൊഴിൽ സാധ്യതകളും നേടാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates