

ന്യൂഡല്‍ഹി: ദേശീയ തലത്തിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ കൊഴിഞ്ഞു പോക്കിൽ ഗണ്യമായ കുറവ് എന്ന നേട്ടം കൈവരിച്ചതിനൊപ്പം, അദ്ധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു. ചരിത്രത്തിലാദ്യമായാണ് ഒരു അധ്യയന വർഷത്തിൽ അദ്ധ്യാപകരുടെ എണ്ണം ഒരു കോടിയിൽ കൂടുതലാകുന്നത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് 2024-25 അധ്യയന വർഷത്തിലെ ഈ കണക്കുകൾ പുറത്തുവന്നത്.
സ്കൂളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകരുടെ എണ്ണം കൂടുന്നത് അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം മെച്ചപ്പെട്ടതു കൊണ്ടാണെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 2023- 2023 മുതൽ ഈ രീതി കാണാനാകുന്നതാണ്.
ഫൗണ്ടേഷണൽ, പ്രൈമറി, മിഡിൽ, സെക്കൻഡറി തലങ്ങളിലെ വിദ്യാർത്ഥി-അധ്യാപക അനുപാതം (PTR) ഇപ്പോൾ യഥാക്രമം 10, 13, 17, 21 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ഇവയെല്ലാം എൻ ഇ പി ശുപാർശ ചെയ്യുന്ന 1:30 അനുപാതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായി മെച്ചപ്പെട്ട അനുപാതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദേശീയ തലത്തിൽ 2022-23 അധ്യയന വർഷത്തിൽ 94,83,294 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. 2023-24 ആയപ്പോൾ അത് 98,07,600 ആയി ഉയർന്നു. 2024-25 ൽ അദ്ധ്യാപകരുടെ എണ്ണം ഒരു കോടി കവിഞ്ഞ്, 1,01,22,420 ആയി വർദ്ധിച്ചു.
സ്കൂൾ അദ്ധ്യാപന രംഗത്ത് വരുന്നതിൽ വർഷങ്ങളായി സ്ത്രീകളാണ് കൂടുതൽ. ആ നില ഇപ്പോഴും തുടരുന്നുവെന്ന് മാത്രമല്ല, അവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. മുൻ അധ്യയന വർഷത്തിൽ അദ്ധ്യാപികമാരുടെ എണ്ണം 52.3 ശതമാനം ആയിരുന്നുവെങ്കിൽ ഇപ്പോഴത് 54.2ശതമാനമായി ഉയർന്നു.
പെൺകുട്ടികൾ സ്കൂളിൽ ചേരുന്നതിലെ എണ്ണം സംബന്ധിച്ച് 2022-23 നേക്കാൾ നേരിയ വ്യത്യാസം രണ്ട് വർഷം കൊണ്ട് ഉണ്ടായി. 2022-23 ൽ മൊത്തത്തിലുള്ള ശതമാനം 48 ശതമാനം ആയിരുന്നുവെങ്കിൽ 2024-25 ആയപ്പോഴേക്കും 48.3 ശതമാനം ആയി.
ഇതേ സമയം ഹൈസ്കൂൾ തലത്തിൽ ഉൾപ്പടെ പഠനം നിർത്തിപ്പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
2022-23, 2023-24 എന്നീ കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് 2024–25 അധ്യയന വർഷത്തിൽ പ്രൈമറി, മിഡിൽ, സെക്കൻഡറി തലങ്ങളിലുടനീളം കൊഴിഞ്ഞുപോക്ക് നിരക്കിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പ്രൈമറി തലത്തിൽ നിരക്ക് 3.7% ൽ നിന്ന് 2.3% ആയും, മിഡിൽ സ്കൂൾ തലത്തിൽ 5.2% ൽ നിന്ന് 3.5% ആയും, സെക്കൻഡറി (ഹൈസ്കൂൾ) തലത്തിൽ 10.9% ൽ നിന്ന് 8.2% ആയും കുറഞ്ഞു.
ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസവിവരങ്ങൾ സൂക്ഷിക്കാനുള്ള യൂണിഫൈഡ് ഡിസ്ട്രിക് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ (യുഡിഐഎസ്ഇ) പ്ലസിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates