

ഇന്ത്യയിലെ 15 വയസ്സുവരെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ സമയബന്ധിതമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ) രാജ്യത്തെ എല്ലാ സ്കൂളുകളോടും ആവശ്യപ്പെട്ടു. ഈ നിർദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാന, കേന്ദ്രഭരണ ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകുകയും ചെയ്തു.
അഞ്ച് വയസ്സുള്ള കുട്ടികൾക്ക്, പതിനഞ്ച് വയസ്സാകുമ്പോൾ, നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ (MBU) സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.
കുട്ടികളുടെ ആധാറിലുള്ള ബയോമെട്രിക് വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിൽ ഇത് നിർണ്ണായകമാണ്.
ആധാർ ബയോമെട്രിക് വിവരം പുതുക്കാത്ത ഏകദേശം 17 കോടി ആധാർ നമ്പറുകളുണ്ടെന്നാണ് കണക്ക്.
നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ (MBU) കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അല്ലാത്തപക്ഷം പിന്നീട് വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ആധികാരികത ഉറപ്പാക്കുന്നതിലും, NEET, JEE, CUET തുടങ്ങിയ മത്സര, സർവകലാശാലാ പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്യുന്നതിലും കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.
പലപ്പോഴും വിദ്യാർത്ഥികളും രക്ഷിതാക്കളും അവസാന നിമിഷം ആധാർ പുതുക്കാൻ തിരക്കുകൂട്ടുന്നത് അനാവശ്യ ആശങ്കകളിലേക്ക് നയിക്കുന്നു. സമയബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ മുഖേന ഇത് ഒഴിവാക്കാനാകും.
യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) ആപ്ലിക്കേഷനിൽ സ്കൂൾ വിദ്യാർത്ഥികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കുന്നതിനായി (MBU) യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പദ്ധതി നടപ്പാക്കുന്നു.
സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പുകളുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കുന്നതിനുള്ള നടപടികൾ (MBU) സുഗമമാകും.
ഈ സംരംഭത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടും നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കൽ ക്യാമ്പുകൾ നടത്തുന്നതിനുള്ള പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ) സി ഇ ഒ ഭുവനേഷ് കുമാർ എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയിട്ടുണ്ട്.
"സ്കൂളുകളിൽ ഇതിനായുള്ള ക്യാമ്പ് സംഘടിപ്പിച്ച്, നിർബന്ധിത ആധാർ ബയോമെട്രിക് വിവരം പുതുക്കാത്ത വിവരങ്ങൾ എളുപ്പത്തിൽ പുതുക്കാൻ കഴിയുമെന്ന് കരുതുന്നു.
ബയോമെട്രിക് വിവരം പുതുക്കാത്ത വിദ്യാർത്ഥികളെ സ്കൂളുകൾ എങ്ങനെ തിരിച്ചറിയും എന്നതായിരുന്നു പ്രധാന ചോദ്യം. യു ഐഡിഎഐയുടെയും കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെയും സാങ്കേതിക വിഭാഗം UDISE+ ആപ്ലിക്കേഷൻ മുഖേന സാധിക്കും. .
ഇപ്പോൾ എല്ലാ സ്കൂളുകൾക്കും പുതുക്കാത്ത നിർബന്ധിത ആധാർ ബയോമെട്രിക് വിവരം സംബന്ധിച്ച വിവരങ്ങൾ കാണാൻ കഴിയും." സി ഇ ഒയുടെ കത്തിൽ വ്യക്തമാക്കി
യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+), സ്ക്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന, സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന് കീഴിലുള്ള ഒരു വിദ്യാഭ്യാസ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം ആണ്.
കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരം പുതുക്കുന്നത് സുഗമമാക്കാൻ യുഐഡിഎഐ (UIDAI)യും സ്കൂൾ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിച്ച ഈ സംരംഭം ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates