

ജോലിക്കായി നിയമനം നടത്തുന്നതിന് മുമ്പ് സ്ഥാപനങ്ങൾ നടത്തുന്ന ഇന്റർവ്യൂകൾ വെറും ഒരു ഔപചാരിക ചടങ്ങല്ല. അത് നിങ്ങൾ ആ സ്ഥാപനത്തിന് അനുയോജ്യമായ വ്യക്തിയാണോ എന്ന് കണ്ടെത്താൻ ഉള്ള ഏറ്റവും നല്ല മാർഗമാണ്. ജോലി അന്വേഷിക്കുന്നവരെ സംബന്ധിച്ച് അവരുടെ കഴിവുകളും വ്യക്തിത്വവും നൈപുണ്യവും സാമർത്ഥ്യവും എല്ലാം പ്രകടിപ്പിക്കാനുള്ള അവസരമാണ്. ജോലി അന്വേഷിക്കുന്ന വ്യക്തികൾക്ക് അവരുടെ സ്വപ്ന ജോലി ലഭിക്കാനുള്ള അവസാനത്തെയും, ഏറ്റവും നിർണായകവുമായ ഘട്ടം കൂടിയാണ് അഭിമുഖ പരീക്ഷകൾ. ചുരുക്കി പറഞ്ഞാൽ ജോലി കിട്ടുമോ, അല്ലെങ്കിൽ കൊടുക്കണോ എന്നത് തീരുമാനിക്കപ്പെടുന്നത് ഇന്റർവ്യൂകൾ വഴിയാണ്.
എന്നാൽ ഒരു വലിയ വിഭാഗം ആളുകൾക്ക് "ഇന്റർവ്യൂ" എന്ന വാക്ക് കേൾക്കുന്നത് തന്നെ ഉത്കണ്ഠയാണ്. അഭിമുഖത്തിനിടെ തൊണ്ട ഇടറുമോ, ഉത്തരങ്ങൾ മറന്ന് പോകുമോ, പറയാനുള്ള വാക്കുകൾ കിട്ടാതെ വരുമോ എന്നതൊക്കെയാണ് ഭീതിയുടെ പ്രധാന കാരണങ്ങൾ. ഏതൊക്കെ ചോദ്യങ്ങൾ ആയിരിക്കും നേരിടേണ്ടി വരിക എന്നുള്ള പേടി വേറെ. പ്രായഭേദമന്യേ പലർക്കും അഭിമുഖങ്ങൾ സംഭ്രമിപ്പിക്കുന്ന ഒരു പ്രക്രിയയായി തോന്നാം. ഇത്തരം സമ്മർദ്ദങ്ങൾ ഏത് സാമർത്ഥ്യമുള്ള ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസത്തെയും ബാധിച്ചേക്കാം.
ലോകമെമ്പാടും ആളുകൾക്കുള്ള സർവസാധാരണമായ ഈ ഭയം തിരിച്ചറിഞ്ഞ ഗൂഗിൾ കമ്പനി, അതിന് പ്രായോഗികവും ഉപയോക്തൃ സൗഹൃദവുമായൊരു ടൂളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ടൂളിന്റെ പേര്: ഗൂഗിൾ ഇന്റർവ്യൂ വാമപ്പ് (Google Interview Warmup). ഇത് ഉപയോഗിക്കുന്നത് വഴി ഉദ്യോഗാർത്ഥിക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ, മികച്ച മുന്നൊരുക്കത്തോടെ, ഭയമില്ലാതെ, കൃത്യമായ തയ്യാറെടുപ്പുകളോടെ യഥാർത്ഥ ഇന്റർവ്യൂകളെ നേരിടാൻ സാധിക്കും. പ്രത്യേകിച്ച് ദ്രുതഗതിയിൽ മാറ്റങ്ങളും വളർച്ചകളും ഉണ്ടാകുന്ന ടെക് മേഖലകളിൽ ഉള്ള ജോലികൾക്കായി.
ഗൂഗിൾ ഇന്റർവ്യൂ വാമപ്പ് എന്നത് ഗ്രോ വിത്ത് ഗൂഗിൾ (Grow with Google) പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത, നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു ടൂളാണ്. ഇത് ഒഴിവ് സമയങ്ങളിൽ, ശാന്തമായ അന്തരീക്ഷത്തിൽ, വീട്ടിലിരുന്ന്, സ്ഥാപനങ്ങൾ സാമാന്യമായി ചോദിച്ചുവരുന്ന ഇന്റർവ്യൂ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങളെ പരിശീലിപ്പിക്കുന്ന ഒരു സൗജന്യ പ്ലാറ്റ്ഫോമാണ്. ഇത് എപ്പോഴും ഏത് സമയത്തും നിങ്ങളുടെ ഒരു വ്യക്തിഗത ഇന്റർവ്യൂ കോച്ചായി പ്രവർത്തിക്കുന്നു. ഇത് മനുഷ്യ കോച്ചുകളെ പോലെയല്ല, നമ്മൾ എത്ര തവണ തെറ്റുകൾ വരുത്തിയാലും, ക്ഷമയോടെ കൃത്യമായ വിലയിരുത്തലുകൾ നടത്തി നമ്മളെ മെച്ചപ്പെടാൻ സഹായിക്കും. ഇത് ആദ്യമായി തൊഴിൽ അന്വേഷിക്കുന്നവർക്കും, കരിയർ മാറാൻ ആഗ്രഹിക്കുന്നവർക്കും, അല്ലെങ്കിൽ കുറച്ച് നാൾ ഇടവേളയെടുത്തതിന് ശേഷം തിരിച്ച് ഒരു ജോലിക്ക് ചേരാൻ ആത്മവിശ്വാസം കുറഞ്ഞവർക്കും സഹായകരമാണ്.
ഇത് ഉപയോഗിക്കുക എന്നത് വളരെ ലളിതമാണ്. ആദ്യം നിങ്ങൾക്ക് വേണ്ട ജോലിയുമായി ബന്ധപ്പെട്ട മേഖല തെരഞ്ഞെടുക്കണം. ഉദാഹരണത്തിന് ഡാറ്റ അനലിറ്റിക്സ്, ഐടി സപ്പോട്ട്, യൂഎക്സ് ഡിസൈൻ അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ് എന്നിവ. അതിന്റെ അടിസ്ഥാനത്തിൽ, ആ ജോലികൾക്കുള്ള അഭിമുഖങ്ങളിൽ ചോദിക്കാറുള്ള ചോദ്യങ്ങളുടെ ഒരു ശ്രേണി ഈ ടൂൾ നിങ്ങളോട് ചോദിക്കും. മറുപടി നിങ്ങൾക്ക് തിരിച്ച് സംസാരിച്ചോ അല്ലെങ്കിൽ ടൈപ്പ് ചെയ്‌തോ നൽകാം. ശേഷം ഈ ടൂൾ സ്പീച്ച് റെക്കഗ്നിഷനും എഐയും ഉപയോഗിച്ച് നിങ്ങളുടെ ഉത്തരങ്ങളെ അവലോകനം ചെയ്ത് ഉടനടി ഫീഡ്‌ബാക്ക് നൽകും.
ഗൂഗിൾ ഇന്റർവ്യൂ വാമപ്പിന്റെ ശ്രദ്ധേയമായ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ, നിങ്ങൾ നൽകിയ ഉത്തരത്തിലെ ഭാഷ പ്രയോഗങ്ങൾ, മേഖലയിൽ ഉപയോഗിച്ചുവരുന്ന പദാവലി, ആശയങ്ങൾ അവതരിപ്പിക്കുന്ന രീതി എന്നിവ ഹൈലൈറ്റ് ചെയ്യും. നിങ്ങൾ ചില വാക്കുകൾ എത്ര തവണ ഉപയോഗിക്കുന്നു എന്നും കാണിക്കുന്നു, അതിലൂടെ ആവർത്തനം ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ മറുപടികളെ ഗ്രേഡ് ചെയ്യുകയോ വിലയിരുത്തുകയോ ചെയ്യില്ല, സഹായകരമായ നിർദേശങ്ങൾ മാത്രമേ നൽകുകയുള്ളു. അതിനാൽ സമ്മർദ്ദമില്ലാതെ സ്വതന്ത്രമായി ഇന്റർവ്യൂ നേരിടുന്നത് പരിശീലിക്കാൻ സുഗമമായ അന്തരീക്ഷവും ഇത് സൃഷ്ടിക്കുന്നു.
ഗൂഗിൾ വാമപ്പ് ഉപയോഗിക്കാൻ ആദ്യം അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട മേഖല തെരഞ്ഞെടുക്കുക. ലോഗിൻ ചെയ്യുകയോ, ഏതെങ്കിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ഒന്നും ആവശ്യമില്ല. നേരിട്ട് പരിശീലനം തുടങ്ങുക, ഫീഡ്‌ബാക്ക് പരിശോധിക്കുക, പരിശീലനം എത്ര തവണ വേണമെങ്കിലും ആവർത്തിക്കാം. അതും നിങ്ങൾ ആഗ്രഹിക്കുന്ന വേഗത്തിൽ.
ഒരു കാര്യം കൂടി. ഇത് എല്ലാം തികഞ്ഞ ഒരു ടൂൾ അല്ലെങ്കിൽ ഒരു കോച്ചായി കണക്കാക്കരുത്. ഒരു മികച്ച ടൂളായിരിക്കുമ്പോഴും, യഥാർത്ഥ മനുഷ്യരുടെതുപോലെയുള്ള ഫീഡ്‌ബാക്കിന്റെ പൂർണത ഇതിന് തരാൻ കഴിയില്ല. അതായത് നിങ്ങളുടെ മറുപടികളുടെ ആഴം, ശരീരഭാഷ, സംസാരത്തിന്റെ ടോൺ എന്നിവ വിലയിരുത്താൻ ഇതിന് കഴിയില്ല. കൂടാതെ, ഇത് പ്രധാനമായും ഗ്രോ വിത്ത് ഗൂഗിൾ പദ്ധതിയുടെ ഭാഗമായ ചില പ്രത്യേക കരിയർ മേഖലകൾക്കായി (ഐടി, യൂഎക്സ്, ഡാറ്റ, അല്ലെങ്കിൽ പ്രൊജക്‌റ്റ് മാനേജ്മെന്റ്) രൂപകൽപ്പന ചെയ്തതാണ്. അതിനാൽ, നിങ്ങളുടെ തൊഴിൽ മേഖല ഇതിൽ നിന്ന് വിഭിന്നമാണെങ്കിൽ, ഉദാഹരണത്തിന് മെഡിക്കൽ, ക്രിയേറ്റീവ് ആർട്സ് തുടങ്ങിയവയ്ക്ക് ഈ ടൂൾ അത്ര പ്രയോജനകരമാകില്ല. എങ്കിലും, ഒരു അടിസ്ഥാന പരിശീലനത്തിനായി സൗജന്യമായി ലഭിക്കുന്ന ടൂൾ എന്ന നിലയിൽ, ഇത് നല്ലൊരു സഹായിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
