

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യുഎഇ (ഷാർജ) പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത നിരവധി കീം (KEAM) അപേക്ഷകർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി നൽകുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണർ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഷാർജ (യുഎഇ), കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ കീം പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിന് കീം-2026 പോർട്ടൽ സജജമാക്കിയിരിക്കുന്നു.
ഗൾഫിൽ നിന്നും കേരളത്തിലെത്തുകയും ഷാർജ ( യു എഇ ) പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർക്ക് തിരികെ ഗൾഫിലേക്ക് പോകാൻ പറ്റാത്ത യാത്രാ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, കേരളത്തിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്.
അതുപോലെ, കേരളം പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർക്ക് നിലവിൽ ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്താൻ ബുദ്ധിമുട്ടുകൾ നേരിടുന്നുവെങ്കിൽ ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണെന്നും വിജ്ഞാപനത്തിൽ പറയുന്നു.
സമർപ്പിച്ച അപേക്ഷകളിൽ എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ഏപ്രിൽ ഏഴ് ഉച്ചയ്ക്ക് ഒന്ന് വരെ ലഭ്യമായിരിക്കും.
പരീക്ഷാ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് അധികമായി അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ടെങ്കിൽ, അത് ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഒരു മണിവരെ (IST) വരെ ലഭ്യമായിരിക്കും.
കീം പ്രവേശന പരീക്ഷയ്ക്കു അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ എട്ട് മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates