കെഎഎസില്‍ സമഗ്ര മാറ്റം നിര്‍ദേശിച്ച് സര്‍ക്കാര്‍; ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നത് ഇങ്ങനെ | Explainer

പുതിയ തസ്തികകള്‍ കണ്ടെത്തി കെഎഎസ് നിയമനത്തിന് അവസരമൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
KAS
Kerala KAS Rule Changes 2026: Key Amendments Explained
Updated on: 
2 min read

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. 2018ലെ കെഎഎസ് സ്‌പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം, കേഡര്‍ ഘടന, സ്ഥാനക്കയറ്റം, പരിശീലനം, ശമ്പളം തുടങ്ങിയ മേഖലകളിലാണ് പ്രധാന മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. നിലവിലെ നിയമനരീതിയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിടുന്ന ഭേദഗതി ഉദ്യോഗാര്‍ഥികളെയും നിലവില്‍ സര്‍വീസിലുള്ള കെഎഎസ് ഉദ്യോഗസ്ഥരെയും ഒരുപോലെ ബാധിച്ചേക്കും.

പുതിയ ഭേദഗതിയുടെ ഭാഗമായി 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളില്‍ 10 ശതമാനം കെഎഎസിനായി മാറ്റിവയ്ക്കണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കാനാണ് നിര്‍ദേശം. പകരം, ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം തസ്തികകളിലാണ് കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതെന്ന് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ തീരുമാനിക്കും. ഇതോടെ കെഎഎസില്‍ ഉള്‍പ്പെടുത്തുന്ന തസ്തികകളുടെ കാര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കും. ഇതിലൂടെ പുതിയ തസ്തികകള്‍ കണ്ടെത്തി കെഎഎസ് നിയമനത്തിന് അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.

സ്ഥാനക്കയറ്റത്തിലും മാറ്റം

കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കാമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കാനാണ് കരടിലെ നിര്‍ദേശം. ഇത് നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെയും ഭാവിയില്‍ കെഎഎസിലേക്ക് എത്തുന്നവരെയും സംബന്ധിച്ച് പ്രധാനപ്പെട്ട മാറ്റമാണ്.

കെഎഎസ് നിയമനത്തിനുള്ള മത്സരപരീക്ഷയുടെ രീതി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പ്രത്യേക ഉത്തരവുകളിലൂടെ തീരുമാനിക്കും. ഇക്കാര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷനുമായി കൂടിയാലോചന നടത്തണമെന്നും നിര്‍ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കേണ്ട വകുപ്പുതല പരീക്ഷകളും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും.

കേഡര്‍ ഘടന സര്‍ക്കാര്‍ തീരുമാനിക്കും

കെഎഎസ് കേഡറില്‍ ഉള്‍പ്പെടുത്തേണ്ട തസ്തികകളും ആകെ അംഗബലവും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന രീതിയാണ് പുതിയ ഭേദഗതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേഡര്‍ ഘടന നിശ്ചിത ഇടവേളകളില്‍ പുനഃപരിശോധിക്കാനും വ്യവസ്ഥയുണ്ട്. ഇതിലൂടെ വിവിധ വകുപ്പുകളിലെ തസ്തികകള്‍ കെഎഎസിന്റെ ഭാഗമാക്കുന്നതില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും.

KAS
ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വ്യവസ്ഥകളിലും മാറ്റം വരുത്താന്‍ നിര്‍ദേശമുണ്ട്

സ്ട്രീം 2, സ്ട്രീം 3 നിയമനത്തില്‍ മാറ്റം

കെഎഎസിലെ സ്ട്രീം 2, സ്ട്രീം 3 വിഭാഗങ്ങളിലേക്കുള്ള നിയമന യോഗ്യതകളിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ട്രീം 2 വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ ഫുള്‍ മെമ്പറോ അംഗീകൃത പ്രൊബേഷണറോ ആയിരിക്കണം. ഒന്നാം ഗസറ്റഡ് ഓഫീസറോ അതിനു മുകളിലുള്ള തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാകില്ല.

സ്ട്രീം 3 വിഭാഗത്തില്‍ ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരില്‍നിന്ന് നേരിട്ടുള്ള നിയമനം നടത്താം. എന്നാല്‍, ബന്ധപ്പെട്ട തസ്തികയോ അതിന്റെ തൊട്ടടുത്ത പ്രൊമോഷന്‍ തസ്തികയോ കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളതായിരിക്കണം. സ്ട്രീം 3 നിയമനത്തിന് ശേഷം തസ്തികകളില്‍ സര്‍ക്കാര്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങള്‍ നിലവില്‍ നിയമനം ലഭിച്ച ഉദ്യോഗസ്ഥരെ ബാധിക്കില്ലെന്നും കരടില്‍ പറയുന്നു.

സ്ട്രീം 1 വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ സ്വഭാവവും പൂര്‍വചരിത്രവും നിയമനത്തിന് മുമ്പ് പരിശോധിക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സര്‍വീസില്‍ നേരത്തേ ജോലി ചെയ്ത് സര്‍വീസ് ക്രമപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഇതില്‍ പ്രത്യേക ഇളവുണ്ട്.

പരിശീലനത്തിലും ശമ്പളത്തിലും മാറ്റം

പുതുതായി നിയമിക്കപ്പെടുന്ന കെഎഎസ് ഉദ്യോഗസ്ഥരുടെ പരിശീലന കാലയളവിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. 18 മാസമോ സര്‍ക്കാര്‍ തീരുമാനിക്കുന്ന മറ്റൊരു കാലയളവിലോ പരിശീലനം നല്‍കാമെന്നാണ് കരട് ഭേദഗതിയിലെ വ്യവസ്ഥ. പരിശീലനത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ തീരുമാനിക്കും. ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വ്യവസ്ഥകളിലും മാറ്റം വരുത്താന്‍ നിര്‍ദേശമുണ്ട്. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലോ അല്ലാതെയോ സര്‍ക്കാരിന് കാലാകാലങ്ങളില്‍ ശമ്പളം തീരുമാനിക്കാമെന്നതാണ് നിര്‍ദേശം.

റിസര്‍വ് വ്യവസ്ഥകളിലും മാറ്റം

കെഎഎസ് കേഡറിന്റെ ആകെ അംഗബലത്തിന്റെ 15 ശതമാനം പരിശീലന റിസര്‍വായും 25 ശതമാനം ഡെപ്യൂട്ടേഷന്‍ റിസര്‍വായും അനുവദിക്കാനും കരട് ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. നിയമന പരീക്ഷയുടെ രീതി, ഉദ്യോഗസ്ഥര്‍ വിജയിക്കേണ്ട വകുപ്പുതല പരീക്ഷകള്‍ എന്നിവ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന രീതിയും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷനുമായി കൂടിയാലോചന നടത്തണമെന്നും കരടില്‍ പറയുന്നു.

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം

2018ലെ കെഎഎസ് സ്‌പെഷ്യല്‍ റൂള്‍സില്‍ സമഗ്ര മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള കരട് ഭേദഗതിയാണിത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടിന്മേല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ നവംബര്‍ 25 വരെ സമയമുണ്ട്. നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ഭേദഗതി സംബന്ധിച്ച തുടര്‍നടപടികള്‍.

കെഎഎസ് നിയമനരീതിയിലും ഉദ്യോഗസ്ഥരുടെ കരിയര്‍ പുരോഗതിയിലും സ്വാധീനം ചെലുത്താവുന്ന നിര്‍ദേശങ്ങളാണ് പുതിയ കരടിലുള്ളത്. എന്നാല്‍, ഭേദഗതികള്‍ അന്തിമമായി അംഗീകരിച്ച് വിജ്ഞാപനം ചെയ്യുന്നതുവരെ ഇവ നിര്‍ദേശങ്ങള്‍ മാത്രമായിരിക്കും. അതിനാല്‍ ഉദ്യോഗാര്‍ഥികള്‍ നിലവിലുള്ള നിയമങ്ങളും യോഗ്യതാ വ്യവസ്ഥകളും അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങളെടുക്കേണ്ടത്.

രണ്ടാം കെഎഎസ് ബാച്ചിന്റെ റാങ്ക് പട്ടികയുടെ കാലാവധി 2027 ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് ഈ ഭേദഗതി നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്. 100 പേരുള്ള റാങ്ക് പട്ടികയില്‍ നിന്ന് ഒരാളെ മാത്രമാണ് ഇതുവരെ നിയമിച്ചത്. കൂടതല്‍ പേർക്ക് നിയമനം നല്‍കാണ് സർക്കാര്ർ ലക്ഷ്യമിടുന്നത്. എന്നാല്‍ തസ്തികകളുടെ സംവരണവും ഐഎഎസ് സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഒഴിവാക്കാനുള്ള നീക്കം ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

KAS
വാക്കും ഉറപ്പും മറക്കുന്ന 'വിദ്യ'
KAS
സിവിൽ എഞ്ചിനീയറിങ് യോഗ്യതയുണ്ടോ? KIIDC-യിൽ ഇന്റേൺഷിപ്പ് ട്രെയിനിയാകാം
KAS
ബി.കോം കഴിഞ്ഞോ? സി-ഡിറ്റിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ആകാം, ശമ്പളം 31,020 രൂപ വരെ
Summary

Kerala Government Proposes Major Changes to KAS Rules; How Will Aspirants Be Affected?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER