

ഇന്ത്യയിലെ സർഗാത്മക പ്രതിഭകളെ വളർത്തിയെടുക്കാൻ നെറ്റ്ഫ്ലിക്സും ഐഐസിടിയും ഫിക്കിയും കൈകോർക്കുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ സർഗാത്മകമായ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി എന്നീ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഈ പങ്കാളിത്തം പ്രയോജനപ്പെടും. പാഠ്യപദ്ധതി വികസനം, സ്‌കോളർഷിപ്പുകൾ, മെന്റർഷിപ്പ് എന്നിവയാണ് ഇതിലൂടെ നൽകുന്നത്.
ഡിജിറ്റൽ ക്രിയേറ്റേഴ്സിനെ സാങ്കേതികമായും സർഗാത്മകമായും ശക്തിപ്പെടുത്തുകയും അതുവഴി ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യമിടുന്നത്.
എവിജിസി- എക്സ് ആർ (AVGC-XR - ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിങ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) എന്നീ മേഖലകളിൽ ഇന്ത്യയിലെ വിദ്യാർത്ഥികളുടെ നൈപുണ്യങ്ങളും സർഗാത്മകതയും വളർത്തിയെടുക്കുന്നതിനായാണ് പദ്ധതി. നെറ്റ്ഫ്ലിക്സ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (IICT), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി- Ficci) എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും.
ഫിക്കി ഫ്രെയിംസ് (FICCI FRAMES) 2025 പരിപാടിയിൽ ഇതിനായുള്ള ധാരണാപത്രം (MoU) ഒപ്പുവച്ചു.
"ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ , ഐഐസിടിയുമായി സഹകരിച്ച് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നെറ്റ്ഫ്ലിക്സ് സ്കോളർഷിപ്പുകൾ നൽകും. ഇതിനായി നെറ്റ്ഫ്ലിക്സ്, നെറ്റ്ഫ്ലിക്സ് ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും.
മാധ്യമ, വിനോദ മേഖലകളിൽ പ്രതിഭകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സമർപ്പിത ശ്രമമാണ് നെറ്റ്ഫ്ലിക്സ് ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റി.
ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയുടെ എവിജിസി- എക്സ് ആർ (AVGC-XR) മേഖലയെ രൂപപ്പെടുത്താൻ സഹായിക്കുന്നതിന് അക്കാദമിക്, വ്യവസായ, നയങ്ങളിൽ നിന്നുള്ള പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്ന ഗവേഷണ വികസന (ആർ ആൻഡ് ഡി) കൗൺസിൽ, അക്കാദമിക് കൗൺസിൽ, ഇൻഡസ്ട്രി ഡെവലപ്മെന്റ് കൗൺസിൽ എന്നീ ഐഐസിടിയുടെ മൂന്ന് കൗൺസിലുകളിലും നെറ്റ്ഫ്ലിക്സ് പങ്കാളിയാകും," എന്ന് വ്യക്തമാക്കി.
ഇതോടെ, മെയ് മാസത്തിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയിൽ (WAVES) ഐഐസിടിയുമായി സഹകരിക്കുന്നതിന് ധാരണാപത്രങ്ങളിൽ എൻവിഡിയ, ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ കമ്പനികൾ ഒപ്പുവച്ചിരുന്നു. ആ പട്ടികയിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയും ഇടം നേടി.
"മാധ്യമ, വിനോദ മേഖലകളിൽ നൈപുണ്യ വികസനവും ഇൻക്ലൂസിവ് ആക്‌സസും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ അടിസ്ഥാനമാക്കി, ഇന്ത്യയുടെ എവിജിസി (AVGC)മേഖലയെ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ കാഴ്ചപ്പാടുമായി ഐഐസിടി (IICT),ഫിക്കി (FICCI) എന്നിവയുമായുള്ള ഈ പദ്ധതി യോജിക്കുന്നു," നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഗ്ലോബൽ അഫയേഴ്‌സ് ഡയറക്ടർ മഹിമ കൗൾ പറഞ്ഞു.
ഐഐസിടിയെ പാഠ്യപദ്ധതി വികസനത്തിൽ നെറ്റ്ഫ്ലിക്സ് പിന്തുണയ്ക്കുകയും വ്യവസായ പ്രൊഫഷണലുകൾക്ക് ഐഐസിടി വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിടുകയും പരിശീലനം നൽകാൻ സൗകര്യമൊരുക്കുകയും ചെയ്യും.
ഇതിൽ ശിൽപ്പശാലകൾ, മാസ്റ്റർക്ലാസുകൾ, ഗസ്റ്റ് ലക്ചേഴ്സ് എന്നിവ ഉൾപ്പെടുന്നു. നെറ്റ്ഫ്ലിക്സും ഫിക്കിയുമായുള്ള (എഫ്ഐസിസിഐ) ഈ സഹകരണം അക്കാദമിക് മേഖലയും സർഗ്ഗാത്മക വ്യവസായവും തമ്മിലുള്ള വിടവ് നികത്തുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് ഐഐസിടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിശ്വാസ് ദിയോസ്‌കർ പറഞ്ഞു.
" സർഗാത്മകമായ സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവിയിലേക്കുള്ള പ്രതിഭകളെ പരിപോഷിപ്പിക്കുകയും, ഇന്നൊവേഷന് പ്രചോദനം നൽകുകയും, മേഖലയിൽ സുസ്ഥിര വളർച്ചയ്ക്കുള്ള വഴികൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ സഹകരണം സാധ്യമാക്കുന്നതിൽ ഫിക്കി (FICCI )അഭിമാനിക്കുന്നു," ഫിക്കി എവിജിസി-എക്സ് ആർ (FICCI AVGC-XR) ഫോറം ചെയർമാൻ മുഞ്ജൽ ഷ്രോഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates