

സംസ്ഥാന സർക്കാർ സ്കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസത്തിൽ വരെ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ഈ മാസം അപേക്ഷിക്കണം. മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കൾക്ക് 2025-2026 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പ് എന്നിവയ്ക്ക് ഒക്ടോബർ മാസത്തിൽ അപേക്ഷിക്കണം.
എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള 2025-26 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം പ്ര സിദ്ധീകരിച്ചു.
ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ http://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 13 മുതൽ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്.
അപേക്ഷ http://nmmse.kerala.gov.in മുഖേന ഓൺലൈനായി നൽകാം. ഒക്ടോബർ 27 നകം അപേക്ഷ സമർപ്പിക്കണം.
രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായഐ ഐ ടി,ഐ ഐ എം,ഐ ഐ ഐ എസ് സി,ഐ എം എസ് സി എന്നീ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. \
ഐ ഐ ടി,ഐ ഐ എം,ഐ ഐ ഐ എസ് സി,ഐ എം എസ് സി കളിൽ ഉപരി പഠനം (PG/PhD) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ബി.ടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും, ഐഐഎമ്മുകളിലും, ഐ ഐ എസ്സി കളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ ഐഎം എസ് സി കളിലെ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
ബി പി എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകരെ പരിഗണിച്ചതിനുശേഷം മാത്രമേ എ പി എൽ വിഭാഗത്തിൽപ്പെട്ട കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുളള വിദ്യാർത്ഥികളെ പരിഗണിക്കുകയുളളൂ. കേരളത്തിലെ സ്ഥിരതാമസക്കാരായ/കേരളത്തിൽ ജനിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കും.
ഒരേ കുടുംബ വാർഷിക വരുമാനം വരുന്ന വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥിയ്ക്കായിരിക്കും സ്‌കോളർഷിപ്പിന് മുൻഗണന നൽകുക. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിക്ക് കോഴ്‌സ് കാലാവധിക്കുളളിൽ 50,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്.
മുൻ വർഷം വകുപ്പിൽ നിന്നും പ്രസ്തുത സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ മറ്റു വകുപ്പുകളിൽ / സ്ഥാപനങ്ങളിൽ നിന്നും ഐ ഐ ടി,ഐ ഐ എം,ഐ ഐ ഐ എസ് സി,ഐ എം എസ് സി എന്നീ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ പ്രസ്തുത സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വരെയാണ്. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, വകുപ്പിൽ നേരിട്ടോ അപേക്ഷ ലഭ്യമാക്കണം.
സ്കോളർഷിപ്പ് അനുവദിക്കുന്ന കോഴ്സുകൾ സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090, 0471-2300523.
തിരുവനന്തപുരം ജില്ലയിലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളായവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം.
2025-2026 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പിനാണ് അപേക്ഷകൾ ക്ഷണിച്ചത്.
അപേക്ഷകൾ ഒക്ടോബർ 15 നകം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2448451.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates