

ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ യു എന്‍ അഥവാ ഐക്യരാഷ്ട്രസഭയില്‍ ഒരു ജോലി ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരുടെയും സ്വപ്‌നമാണ്. യു എന്നില്‍ ഉണ്ടാകുന്ന എല്ലാ തൊഴിലവസരങ്ങളിലും അംഗരാജ്യങ്ങളിലെ പൗരര്‍ക്ക് തുല്യാവസരമാണ് ഉള്ളത്.
യു എന്നിലെ ജോലി വെറുമൊരു തൊഴില്‍ മാത്രമല്ല, മറിച്ച് ലോകവ്യാപകമായി നടത്തപ്പെടുന്ന വിവിധ സംരംഭങ്ങളില്‍ പങ്കാളികളാവാനും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും, രാഷ്ട്രങ്ങള്‍ക്കിടയിലെ സമാധാനം ഊട്ടിയുറപ്പിക്കാനുമുള്ള അവസരമാണ്.
വളരെ ഉയര്‍ന്ന ശമ്പളമാണ് യു എന്നിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. നികുതി (ടാക്‌സ്) രഹിതമായ ശമ്പളമാണ് യു എന്നിന്റേത് -പ്രതിവര്‍ഷം ഒരുലക്ഷം അമേരിക്കന്‍ ഡോളറിനും (88 ലക്ഷം രൂപക്കു മേല്‍) മേലെയാണ് ശരാശരി ശമ്പളം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, വാര്‍ഷിക അവധികള്‍ എന്നിവയും യു എന്നിലെ ജോലിയെ ആകര്‍ഷകമാക്കുന്നു.
യു എന്നില്‍ ഒരു ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല, എന്നാല്‍ അതികഠിനവുമല്ല. ഉയര്‍ന്ന കാറ്റഗറി തസ്തികകള്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വകലാശാലാ ബിരുദമാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലെ പ്രാവീണ്യം യു എന്നിലെ ജോലികള്‍ക്ക് വളരെ പ്രധാനമാണ്.
തൊഴില്‍ പരിചയം, പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് എന്നിവ വിവിധ ജോലികള്‍ ലഭിക്കാന്‍ ആവശ്യമാണ്. യു എന്നിന്റെ മറ്റ് ഔദ്യോഗിക ഭാഷകളായ അറബിക്, സ്പാനിഷ്, ചൈനീസ്, റഷ്യന്‍ എന്നിവയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കും.
താഴ്ന്ന കാറ്റഗറി ഉദ്യോഗങ്ങള്‍ക്ക് ഹൈസ്‌ക്കൂള്‍ ഡിപ്ലോമയാണ് ( പോളിടെക്നിക് തത്തുല്യയോഗ്യതയാണ്) ആവശ്യപ്പെടുന്നത്.
ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയ്ക്കു ശേഷം പ്രവൃത്തി പരിചയം ആര്‍ജ്ജിക്കുക എന്നത് യു എന്നില്‍ ജോലി ലഭിക്കാന്‍ പരമപ്രധാനമാണ്. പ്രവൃത്തി പരിചയമെന്നത് സര്‍ക്കാര്‍ മേഖലയിലെ ജോലിയിലോ, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ (എന്‍ ജി ഒ) നിന്നുള്ളതോ ആകാം. യു എന്നിലെ ചെറിയൊരു വിഭാഗം ജോലികള്‍ ഗ്രാജുവേഷൻ പൂര്‍ത്തിയായവര്‍ക്കു ലഭിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ജോലികളുടെയും സ്വഭാവം ഇതല്ല.
വളരെ വ്യത്യസ്തമായ വര്‍ക്ക് ഫോഴ്‌സ് നിലവിലുള്ള സ്ഥാപനമാണ് യു എന്‍. ഇന്റേണ്‍ഷിപ്പ് തലം മുതല്‍ സീനിയര്‍ ലീഡര്‍ഷിപ്പ് തലം വരെ ഇതു നീളുന്നു. യു എന്നിലെ സ്റ്റാഫിന്റെ 57 ശതമാനം വരെ ഡിപ്പാര്‍ട്ട്‌മെന്റ്/ഓഫീസ്, റീജിയണല്‍ കമ്മീഷനുകള്‍, ട്രൈബ്യൂണലുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നു. അവശേഷിക്കുന്ന 43 ശതമാനം പീസ് കീപ്പിങ് ഓപ്പറേഷന്‍സ് (സമാധാന ദൗത്യങ്ങൾ), പ്രത്യേക രാഷ്ട്രീയ മിഷനുകള്‍ എന്നിവയിലാണ് പ്രവര്‍ത്തിക്കുന്നത്.
വിവിധ കാറ്റഗറികളിലായാണ് യു എന്നിലെ ജീവനക്കാരുള്ളത്-ഓരോ കാറ്റഗറിക്കും വിവിധ ലെവലുകളുണ്ട്. തസ്തികയുടെ ഉത്തരവാദിത്തങ്ങളും ആവശ്യകതകളും കണക്കിലെടുത്താണ് ലെവലുകള്‍.
പ്രൊഫഷണല്‍ ആന്‍ഡ് ഹയര്‍ കാറ്റഗറി, ജനറല്‍ സര്‍വീസ് ആന്‍ഡ് റിലേറ്റഡ് കാറ്റഗറി, നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് സര്‍വീസ്, സീനിയര്‍ അപോയിന്റ്മെന്റ് -എന്നിങ്ങനെ. യു എന്നിലെ ഏതു ജോലിയിലും മുന്നോട്ടുള്ള കുതിപ്പ് കഴിവും യോഗ്യതകളും അനുസരിച്ചാണ്. ഒരോരുത്തരുടെയും ജോലിയിലെ മികവുകള്‍ കൃത്യമായി വിലയിരുത്തപ്പെടുന്നു.
പ്രൊഫഷണല്‍ ആന്‍ഡ് ഹയര്‍ കാറ്റഗറികള്‍
രാജ്യാന്തര തലത്തില്‍ പ്രധാനപ്പെട്ട വിവിധ ഉദ്യമങ്ങള്‍ക്കായി നിയമിക്കപ്പെടു ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിലേത്. എന്‍ട്രി ലെവല്‍-മിഡ് ലെവല്‍-സീനിയര്‍ ലെവല്‍ പ്രൊഫഷണലുകളാണ് ഈ വിഭാഗത്തിലുണ്ടാവുക. അഡ്വാന്‍സ്ഡ് സര്‍വകലാശാല ബിരുദം/ബിരുദാന്തര ബിരുദം. വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത കാലയളവിലെ പ്രവൃത്തിപരിചയവുമാണ് ഈ കാറ്റഗറികളില്‍ ജോലി ലഭിക്കാന്‍ വേണ്ടത്.
ഇക്കണോമിക്, സോഷ്യല്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി, ലീഗല്‍, ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് സപ്ലൈ ചെയിന്‍, മാനേജ്‌മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, പീസ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ സയന്‍സ് തുടങ്ങിയ മേഖലകളിലാണ് ഈ കാറ്റഗറിയിലെ ജോലികള്‍.
എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വരെ വര്‍ഷത്തെ പ്രവൃത്തി പരിചയവും, മിഡ് ലെവല്‍ പ്രൊഫഷണലുകള്‍ക്ക് ഏഴ് മുതല്‍ 10 വരെ വര്‍ഷം പ്രവൃത്തി പരിചയവും, സീനിയര്‍ ലെവല്‍ പ്രൊഫഷണലുകള്‍ക്ക് 15 വര്‍ഷം വരെ പ്രവൃത്തിപരിചയവും വേണ്ടിവരും.
ജനറല്‍ സര്‍വീസ്
അഡ്മിനിസ്‌ട്രേറ്റീവ്, സെക്രട്ടേറിയല്‍, ക്ലറിക്കല്‍ സപ്പോര്‍ട്ട് ജോലികളാണ് ജനറല്‍ സര്‍വീസിലേത്. പ്രിന്റിങ്, സെക്യൂരിറ്റി, ബില്‍ഡിങ് മെയിന്റനന്‍സ് തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് ടെക്‌നിക്കല്‍ ജോലികളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. പ്രൊഫഷണല്‍ ആന്‍ഡ് ഹയര്‍ കാറ്റഗറിയില്‍ പറഞ്ഞിട്ടുള്ള അതേ മേഖലകളിലാണ് ജനറല്‍ സര്‍വീസിലെ ജോലികളും വരുന്നത്.
യു എന്നിന്റെ പ്രത്യേക ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലുള്ളവരെയാണ് പൊതുവേ ജനറല്‍ കാറ്റഗറി ഉദ്യോഗങ്ങളിലേക്കു നിയമിക്കുക.
ജനറല്‍ സര്‍വീസിലെ ഉദ്യോഗങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ യോഗ്യതകളേ ആവശ്യമുള്ളു. ഹൈസ്‌കൂള്‍ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത നേടുകയും 18 വയസ്സ് പൂര്‍ത്തിയാവുകയും ചെയ്തവര്‍ക്ക് ഈ ജോലികള്‍ ലഭിക്കും. സാധാരണയായി നിശ്ചിത കാലയളവിലെ പ്രവൃത്തിപരിചയവും ആവശ്യമായി വരും.
നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍മാര്‍
പ്രൊഫഷണല്‍ ആന്‍ഡ് ഹയര്‍ കാറ്റഗറി ഉദ്യോഗങ്ങള്‍ക്ക് സമാനമായ യോഗ്യതകളും, പ്രവൃത്തിപരിചയവുമാണ് നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടാനും വേണ്ടത്.
യു എന്നിന്റെ പ്രത്യേക കാര്യാലയം സ്ഥിതിചെയ്യുന്ന, അഥവാ ഓപ്പറേഷന്‍ നടക്കുന്ന സ്ഥലത്തെ പ്രൊഫഷണലുകളെയാണ് ഈ ഉദ്യോഗത്തിലേക്കു നിയമിക്കുക. ഈ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേക രാജ്യത്തിനുള്ളില്‍ മാത്രമാണ് സേവനമനുഷ്ടിക്കുക. എ മുതല്‍ ഇ വരെ അഞ്ചു ലെവലുകളിലുള്ള നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍മാരെയാണ് നിയമിക്കുക.
ലെവല്‍ എ യില്‍ നിയമിക്കപ്പെടാന്‍ രണ്ടു വര്‍ഷം വരെ പ്രവൃത്തിപരിചയം വേണ്ടപ്പോള്‍ ലെവല്‍ ഇ യിലേക്ക് ഏഴു് വര്‍ഷത്തിലധികം പ്രവൃത്തിപരിചയം വേണം. റൈറ്റ്‌സ് ഓഫീസര്‍മാര്‍, പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഓഫീസര്‍മാര്‍, ലീഗല്‍ ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, സിവില്‍ എന്‍ജിനിയര്‍മാര്‍, ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളിലാണ് നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍മാരുടെ നിയമനം.
ഫീല്‍ഡ് സര്‍വീസ്
വിവിധ ഫീല്‍ഡ് മിഷനുകള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ നിയമിക്കപ്പെടുന്നവരാണ് ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.
യു എന്നിന്റെ വിവിധ ഫീല്‍ഡ് മിഷനുകള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ്-ടെക്‌നിക്കല്‍-ലോജിസ്റ്റിക്‌സ് സപ്പോട്ട് സര്‍വീസ് നല്‍കുക എന്നതാണ് ഈ കാറ്റഗറിയില്‍ നിയമിക്കപ്പെടുന്നവരുടെ പ്രധാന ജോലി.
ഫീല്‍ഡ് സര്‍വീസ് കാറ്റഗറിക്ക് നാലു ലെവലുകളുണ്ട്-എഫ്.എസ്-4 മുതല്‍ എഫ്.എസ്-7 വരെ ഹൈസ്‌കൂള്‍ ഡിപ്ലോമ അഥവാ തത്തുല്യയോഗ്യതയാണ് ഈ ജോലികള്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത.
ഫീല്‍ഡ് സര്‍വീസിന്റെ വിവിധ ലെവലുകളില്‍ നിയമിക്കപ്പെടാന്‍ ആറു മുതല്‍ 12 വര്‍ഷം വരെ പ്രവൃത്തി പരിചയവും വേണം.
സീനിയര്‍ അപ്പോയിന്റ്‌മെന്റ്‌സ്
യു എന്നിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഉന്നതമായ ഉദ്യോഗങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
യു എന്‍ സെക്രട്ടറി ജനറല്‍, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, അണ്ടര്‍ സെക്രട്ടറി ജനറല്‍, അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഉദ്യോഗങ്ങളെല്ലാം ഈ വിഭാഗത്തിലേതാണ്.
യു എന്നിലെ വിവിധ തസ്തികകളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ ഇത്തരം ഉന്നത ഉദ്യോഗങ്ങളിലേക്കു ക്രമേണ നിയമിക്കപ്പെടുന്നു.
യു എന്നിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തൊഴിലവസരങ്ങളില്‍ അപേക്ഷിക്കുകയാണ് വേണ്ടത്. careers.un.org വെബ്‌സൈറ്റില്‍ ഒഴിവുകളുടെ വിശദാംശങ്ങളും അപേക്ഷിക്കേണ്ട രീതികളും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ എല്ലാ വിശദാംശങ്ങളും ഈ സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (എക്‌സ്പീരിയന്‍സ്), നൈപുണ്യം (സ്കിൽ) എന്നിവയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥിയെ വിലയിരുത്തും.
തസ്തികയ്ക്കു വേണ്ട യോഗ്യതകളുള്ള പക്ഷം നോളഡ്ജ് ബേസ്ഡ് ടെസ്റ്റിന് ഉദ്യോഗാര്‍ത്ഥിയെ വിളിക്കും. സിമുലേഷന്‍ എക്‌സര്‍സൈസ്, കേസ് സ്റ്റഡി എന്നിവയും ഈ ഘട്ടത്തില്‍ നടത്താറുണ്ട്.
ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ അടുത്തതായി കോംപീറ്റന്‍സി ബേസ്ഡ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതുണ്ട്. സാധാരണയായി വീഡിയോ കോഫറന്‍സിങ്ങിലൂടെയോ ടെലിഫോണ്‍ കോളിലൂടെയോ ആണ് ഇത് നടത്തുന്നത്. ഈ ഘട്ടത്തിലും മികവു തെളിയിക്കുന്നവര്‍ക്കാണ് യു എന്നില്‍ ജോലി ലഭിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
