

ന്യൂഡല്‍ഹി: യുകെയിലെ പ്രധാനപ്പെട്ട് ഒമ്പത് യൂണിവേഴ്സിറ്റികൾ ഇന്ത്യൻ നഗരങ്ങളിൽ കാമ്പസ് സ്ഥാപിക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശന വേളയിലാണ് ഈ പ്രഖ്യാപനം. യുകെയിലെ എക്കാലത്തെയും വലിയ വിദ്യാഭ്യാസ പ്രതിനിധി സംഘത്തോടൊപ്പമുള്ള ഈ സന്ദർശനത്തിനിടയിലാണ് ഈ പ്രഖ്യാപനം വരുന്നത്.
ഇന്ത്യയും യുകെയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
ട്രംപ് ഭരണകൂടം യു എസിലേക്കുള്ള വിസയിൽ കടുത്ത നടപടികൾ സ്വീകരിച്ചതോടെ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. അതിന് പുറമെ, വിവിധ കാരണങ്ങളാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട വിദ്യാഭ്യാസ സ്ഥലമായി യുകെ മാറിവരുകയും ചെയ്യുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്.
സതാംപ്ടൺ സർവകലാശാല ഉൾപ്പെടെ ഒമ്പത് പ്രമുഖ ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും പ്രഖ്യാപിച്ചു. സതാംപ്ടൺ സർവകലാശാലയുടെ ഗുരുഗ്രാം കാമ്പസ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് പോകാതെ തന്നെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുക, ഇന്നൊവേഷനും നൈപുണ്യ വികസനവും വർദ്ധിപ്പിക്കുന്നതിന് സഹകരണ ഗവേഷണവും അക്കാദമിക്-വ്യവസായ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ കാമ്പസുകൾ സ്ഥാപിക്കാൻ അഞ്ച് പ്രശസ്ത യുകെ സർവകലാശാലകൾ തീരുമാനിച്ചിട്ടുണ്ട്. . സതാംപ്ടൺ സർവകലാശാലയ്ക്ക് പുറമേ, 2026ൽ മുംബൈയിൽ ഒരു പുതിയ എന്റർപ്രൈസ് കാമ്പസ് തുറക്കുന്നതിന് ബ്രിസ്റ്റോൾ സർവകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനിൽ (യുജിസി) നിന്ന് അനുമതി ലഭിച്ചു.
1. സതാംപ്ടൺ സർവകലാശാല - ഗുരുഗ്രാം (കാമ്പസ് പ്രവർത്തനംആരംഭിച്ചു)
2. ലിവർപൂൾ സർവകലാശാല - ബെംഗളുരു
3. യോർക്ക് സർവകലാശാല - മുംബൈ
4. അബർഡീൻ സർവകലാശാല - മുംബൈ
5. ബ്രിസ്റ്റോൾ സർവകലാശാല - മുംബൈ
വിഷൻ 2035 റോഡ്മാപ്പിന് കീഴിലുള്ള ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി ഇന്ത്യൻ പ്രധാനമനന്ത്രി മോദിയുംബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും അവലോകനം ചെയ്തു.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നൊവേഷൻ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് 10 വർഷത്തെ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2025 ജൂലൈയിൽ പ്രധാനമന്ത്രി മോദിയുടെ യുകെ സന്ദർശന വേളയിൽ സ്വീകരിച്ച ഇന്ത്യ-യുകെ വിഷൻ 2035 റോഡ് മാപ്പ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനുള്ള ഈ വഴികൾ തുറന്നത്.
ഇന്ത്യയിൽ യുകെ സർവകലാശാല കാമ്പസുകൾ സ്ഥാപിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഇന്ത്യയിലെയും യുകെയിലെയും സ്ഥാപനങ്ങൾക്കിടയിൽ സഹകരണപരമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും, അക്കാദമിക്-വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
