ക്ലിപ്തമുണ്ട്, ബോബിയുണ്ട്, വെളിപാടിന്റെ പുസ്തകമുണ്ട്, വര്‍ണ്യത്തില്‍ ആശങ്കയുണ്ട്-പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍

ക്ലിപ്തമുണ്ട്, ബോബിയുണ്ട്, വെളിപാടിന്റെ പുസ്തകമുണ്ട്, വര്‍ണ്യത്തില്‍ ആശങ്കയുണ്ട്-പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതും ചാനലുകളും ചലചിത്ര പ്രവര്‍ത്തകരും തമ്മിലുള്ള രസച്ചേര്‍ച്ച കുറഞ്ഞതുമൊക്കെയായി മലയാള സിനിമ മേഖലയില്‍ കഴിഞ്ഞ ഒരു മാസം സംഭവബഹുലമായിരുന്നു. പ്രശ്‌നങ്ങള്‍ പലവിധമായതോടെ തിയേറ്ററുകളില്‍ നിന്നും ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. ഇതിനിടയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷികളും തുടങ്ങിയ നല്ല ചിത്രങ്ങള്‍ക്കു ആളെത്തുകയും ചെയ്തു.

എന്നാല്‍ ഈ മാസം ഒരുപിടി മികച്ച ചിത്രങ്ങളാണ് തിയെറ്ററുകളിലെത്തുന്നത്. മികച്ച സിനിമകളാണ് ഈ മാസം പ്രേക്ഷകരെ പ്രതീക്ഷിച്ചു
 തിയേറ്ററുകളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് ഈ മാസം ഏറ്റുമുട്ടാനെത്തുന്നത്.

വെളിപാടിന്റെ പുസ്തകം
മോഹന്‍ലാല്‍ ലാല്‍ജോസ് ടീം 19 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം ഈ മാസം 24നാണ് തിയെറ്ററുകളിലെത്തുക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. കാംപസ് പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രഫസറുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്.

ചങ്ക്‌സ്
ഹാപ്പി വെഡിങ്ങിനു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചങ്ക്‌സ്. കാംപസ് പശ്ചാതലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനീഷ് ഹമീദ്, സനൂപ് തൈക്കൂടം, ജോസഫ് വിജീഷ് എന്നിവരാണ് തിരക്കഥ. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപീ സുന്ദര്‍. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ഹണിറോസാണ് നായിക. ഈമാസം നാലിനു തിയേറ്ററുകളിലെത്തും.

വര്‍ണ്യത്തില്‍ ആശങ്ക
ട്രെയിലറില്‍ മികച്ച പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്നു. കുഞ്ചാക്കോ ബോബനാണ് നായകന്‍. സുരാജ് വെഞ്ഞാറമൂഡ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത് തൃശ്ശൂര്‍ ഗോപാല്‍ജിയാണ്. നാലിനാണ് റിലീസ്.

ക്ലിന്റ്
ഏഴു വയസിനുള്ളില്‍ 25,000 ഓളം ചിത്രങ്ങള്‍ വരച്ച് അകാലത്തില്‍ പൊലിഞ്ഞ കുരുന്നു പ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ കഥപറയുന്ന ചിത്രമാണ് ക്ലിന്റ്. റീമ കല്ലിങ്കല്‍, ഉണ്ണി മുകുന്ദന്‍ മാസ്റ്റര്‍ അലോക് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്‍. ഈ മാസം നാലിനു തിയേറ്ററുകളിലെത്തും.

തൃശിവപേരൂര്‍ ക്ലിപ്തം
ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍. ആമേന്‍ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാന്‍ഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറില്‍ ഫരീദ്ഖാനും ഷലീല്‍ അസീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂര്‍ ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അപര്‍ണാ ബാലമുരളിയാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ഇര്‍ഷാദ്, ഡോ. റോണി രാജ്, ബാബുരാജ്, വിജയകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി.എസ്. റഫീഖാണ്. ഈ മാസം റിലീസുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറ്റ് 
ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് കാറ്റ് ഈ മാസം തിയെറ്ററുകളിലെത്തും. റിവഞ്ച് ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണിത്. ആസിഫ് അലിക്കൊപ്പം മുരളി ഗോപിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ബോബി
സഹീര്‍ ഹൈദ്രോസ് സംവിധാനം ചെയ്യുന്ന ബോബിയില്‍ നായകന്‍ മണിയന്‍ പിള്ള രാജുവിന്റെ മകനായ നിരഞ്ജ് ആണ്. ഷെബി സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 18നാണ് തിയെറ്റുകളിലെത്തുക. മിയ ജോര്‍ജ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com