പൃഥ്വി വേലുത്തമ്പി ദളവ, നിവിന്‍ കൊച്ചുണ്ണി, ദുല്‍ഖര്‍ സുകുമാരകുറുപ്പ്, കഴിഞ്ഞില്ല, മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായും എത്തും

യുവ താരങ്ങള്‍ ചരിത്ര പുരുഷന്മാരുടെ വേഷങ്ങളിലെത്തുമ്പോള്‍ മമ്മൂട്ടിയും പിന്നോട്ടില്ല
പൃഥ്വി വേലുത്തമ്പി ദളവ, നിവിന്‍ കൊച്ചുണ്ണി, ദുല്‍ഖര്‍ സുകുമാരകുറുപ്പ്, കഴിഞ്ഞില്ല, മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായും എത്തും

പൃഥ്വിരാജ് വേലുത്തമ്പി ദളവ, നിവിന്‍ പോളി കായംകുളം കൊച്ചുണ്ണി, ദുല്‍ഖര്‍ സുകുമാരക്കുറുപ്പ്. യുവ താരങ്ങള്‍ ചരിത്ര പുരുഷന്മാരുടെ വേഷങ്ങളിലെത്തുമ്പോള്‍ മമ്മൂട്ടിയും പിന്നോട്ടില്ല. കുഞ്ഞാലിമരയ്ക്കാരായാണ് മമ്മൂട്ടി എത്തുമെന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. 

സാമൂതിരിയുടെ പടത്തലവനായി മമ്മൂട്ടി തന്നെ

പഴശിരാജയ്ക്ക് ശേഷം ചരിത്ര പുരുഷനായി മമ്മൂട്ടിയെത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യുന്നത് ഉറുമിക്ക് കഥയെഴുതിയ ശങ്കര്‍ രാമകൃഷ്ണനാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനരില്‍ ഷാജി നടേശനും, സന്തോഷ് ശിവനും, ആര്യയും ചേര്‍ന്നാണ് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ബിഗ് ബജറ്റ് സിനിമ നിര്‍മിക്കുന്നത്. 

മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബര്‍ ഏഴിന് കുഞ്ഞാലിമരയ്ക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി സഹകരിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ തയ്യാറാക്കിയ കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ചുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടിയായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ക്ക് ശബ്ദം നല്‍കിയത്. 

കുഞ്ഞാലിമരയ്ക്കാറിന്റെ വേഷത്തില്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ ടീസറും സെപ്റ്റംബര്‍ ഏഴിന് പുറത്തിറക്കാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നു. 1967ല്‍ പുറത്തിറങ്ങിയ കുഞ്ഞാലിമരയ്ക്കാറില്‍ ശ്രീധരന്‍ നായരായിരുന്നു നാവികപ്പടയുടെ തലവനായി എത്തിയത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും എസ്.എസ്.രാജന്‍ സംവിധാനം ചെയ്ത ചിത്രം നേടിയിരുന്നു. 

വേലുത്തമ്പിയായി പൃഥ്വി

ചരിത്രപുരുഷന്മാരില്‍ വേലുത്തമ്പി ദളവയായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. രണ്‍ജി പണിക്കരിന്റെ തിരക്കഥയില്‍ വിജി തമ്പിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. വേലുത്തമ്പിയായി താനെത്തുമെന്ന വാര്‍ത്തകള്‍ പൃഥ്വിരാജ് സ്ഥിരീകരിച്ചു കഴിഞ്ഞു. 

1962ല്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു വേലുത്തമ്പി ദളവയായി എത്തിയത്. ആദ്യം ബ്രിട്ടീഷുകാരുമായി അടുത്തു നില്‍ക്കുകയും, പിന്നീട് ബ്രിട്ടീഷ് പടയ്‌ക്കെതിരെ പോരാടുകയും ചെയ്ത തിരുവിതാംകൂര്‍ ദളവയെ കുറിച്ചുള്ള സിനിമ നാല് വര്‍ഷത്തോളമായി ആലോചനയിലുണ്ടായിരുന്നതായി പൃഥ്വി പറയുന്നു. വിജി തമ്പിയുടെ കരിയറില്‍ ഇത്രയും ഗ്യാപ് വന്നത് ഈ പ്രോജക്ടിന് വേണ്ടിയാണെന്നും പൃഥി പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് 2019ല്‍ ആയിരിക്കും ആരംഭിക്കുക എന്ന് വിജി തമ്പിയും വ്യക്തമാക്കി. 

കേരളം കണ്ട പെരും കള്ളനാകാന്‍ നിവിന്‍

മമ്മൂട്ടിയും, പൃഥ്വിയും ചരിത്രപുരുഷന്മാരായി എത്തുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ കള്ളനായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ കായംകുളും കൊച്ചുണ്ണി ഒരുക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ഭാഗമായ അണിയറ പ്രവര്‍ത്തകര്‍ കൊച്ചുണ്ണിക്കായെത്തും എന്ന പ്രത്യേകതയുമുണ്ട്. 

ബാഹുബലി, മഗധീര എന്നിവയ്ക്ക് വിഷ്വല്‍ എഫക്ട് ഒരുക്കിയ ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോയാണ് കൊച്ചുണ്ണിക്ക് വേണ്ടിയും വരുന്നത്. മുന്‍പ് കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായി കൊച്ചുണ്ണിയെ അടുത്തറിയാന്‍ സാധിക്കുന്ന രീതിയിലാണ് റോഷന്‍ ആന്‍ഡ്രൂസിന്റേയും കൂട്ടരുടേയും പരീക്ഷണം. രണ്ട് വര്‍ഷം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറായിരിക്കുന്നത്. 

അമല പോളാണ് നിവിന്റെ നായിക എന്നാണ് സൂചന. ചിത്രീകരണം കൂടുതലായും ശ്രീലങ്കയിലായിരിക്കും. സെപ്തംബര്‍ ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്. 

ദുരൂഹതകള്‍ ഒളിപ്പിച്ച് ദുല്‍ഖര്‍

ദുരൂഹതയില്‍ ഒളിച്ചിരിക്കുന്ന സുകുമാരകുറുപ്പായിട്ടാണ് ദുല്‍ഖര്‍ സല്‍മാനെത്തുന്നത്. ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ച സെക്കന്‍ഡ് ഷോയിലൂടെ ശ്രദ്ധേയനായ ശ്രീനാഥ് രാജേന്ദ്രനാണ് പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ കഥ പറയുന്നത്. 

2018ല്‍ സുകുമാരകുറുപ്പിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ദുല്‍ഖര്‍ പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com