വിമര്‍ശകരെ നിശബ്ദരാക്കരുത്; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കമല്‍ഹാസന്‍

 വിമര്‍ശകരെ നിശബ്ദരാക്കരുത്; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കമല്‍ഹാസന്‍

വിജയ് ചിത്രം മെര്‍സലിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ബിജെപിക്കെതിരെ കമല്‍ഹാസന്‍
Published on

ചെന്നൈ:വിജയ് ചിത്രം മെര്‍സലിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ബിജെപിക്കെതിരെ കമല്‍ഹാസന്‍. മെര്‍സലിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതാണ്. അതിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത്. വിമര്‍ശനത്തെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ്. വിമര്‍ശകരെ നിശബ്ദരാക്കരുത്,കമല്‍ഹാസന്‍ ട്വിറ്ററില്‍ പറഞ്ഞു. 

അതിനിടെ സിനിമയിലെ വിവാദമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യത്തോട് അണിയറ ശില്‍പികള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചതായാണ് സൂചന.

ബിജെപി നേതാവ് തമിളിസൈ സൗന്ദര്‍രാജന്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, എച്ച് രാജ തുടങ്ങിയ നേതാക്കളായിരുന്നു മെര്‍സലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 

ചിത്രത്തിലെ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുമുള്ള രംഗങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ഞങ്ങളത് നീക്കാന്‍ ആവശ്യപ്പെടുകയാണ്, വിജയ്‌യുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്നും ആക്ഷേപിച്ചായിരുന്നു ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. 

ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന നായക കഥാപാത്രത്തിന്റെ ഡൈലോഗിന് വലിയ കയ്യടിയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. മോദിയുടെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയെ വടിവേലുെേവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. 

ജിഎസ്ടി നടപ്പാക്കിയതിലെ വീഴ്ചയ്‌ക്കെതിരേയും നോട്ട് നിരോധനത്തിനെതിരേയും ഉയരുന്ന പ്രതിഷേധങ്ങളെ തടയാന്‍ ബിജെപി പാടുപെടുന്ന അവസ്ഥയിലാണ് വിജയ്‌യും സിനിമ വഴി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്.

മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് സംവിധായകന്‍ പാ. രഞ്ജിത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല,രഞ്ജിത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com