ആറു വർഷത്തിൽ അധികമായി സന്തോഷ് വർക്കി എന്ന യുവാവിൽ നിന്ന് താൻ അനുഭവിക്കുന്ന ശല്യപ്പെടുത്തലിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് നിത്യ മേനോൻ തുറന്നു പറഞ്ഞത്. തന്റെ മാതാപിതാക്കളെ പോലും വിളിക്കുമായിരുന്നെന്നും 30 നമ്പറുകളോളം ബ്ലോക്ക് ചെയ്യേണ്ടിവന്നു എന്നുമാണ് താരം പറഞ്ഞത്. അതിനു പിന്നാലെ സന്തോഷ് വർക്കിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.
തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിയെ പ്രണയിക്കുകയും അവളെ തേടി എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിൽ പോലും നേരിട്ടുപോയ ആളാണ് സന്തോഷ് വർക്കി എന്നാണ് അഖിൽ മാരാൻ കുറിച്ചത്. അസഹിഷ്ണുതയോടെ ഒഴിവാക്കിയിട്ടും അയാൾ വീണ്ടും തന്റെ പരിശ്രമം തുടരുന്നു. സന്തോഷ് വർക്കി തന്റെ പ്രണയം അറിയിക്കാൻ അവരെ മുപത്തിൽ അധികം നമ്പറിൽ നിന്നായി ബന്ധപ്പെടുന്നു. 6 വർഷങ്ങൾക്ക് മുൻപ് തന്നെ ശല്യം ചെയ്ത ഒരു കീടത്തെ തന്നെക്കാൾ കൂടുതൽ ജനം തിരിച്ചറിയുന്ന ഒരു കാലത്തേക്ക് ഈശ്വരൻ കൊണ്ട് ചെന്നെത്തിക്കും എന്ന് നിത്യ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ലെന്നും അഖിൽ മാരാർ കുറിച്ചു. ലക്ഷ്യം സത്യമാണെങ്കിൽ ആഗ്രഹങ്ങൾക്ക് വിലങ് തടിയില്ല എന്ന് തെളിയിക്കുകയാണ് സന്തോഷ് വർക്കി എന്നാണ് സംവിധായകന്റെ പ്രശംസ. അതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തി. പ്രണയവും സ്റ്റോക്കിങ്ങും തമ്മിൽ വ്യത്യാസമുണ്ടെന്നും ഒരു സ്ത്രീ നോ പറഞ്ഞാൽ അവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയല്ല വേണ്ടതെന്നുമാണ് കമന്റുകൾ.
അഖിൽ മാരാരിന്റെ കുറിപ്പ് വായിക്കാം
ആഗ്രഹത്തിനൊക്കെ ഒരു പരിധിയില്ലെടെ എന്ന് നമുക്കു ചോദിക്കാം..
ഇവന് തലയ്ക്ക് വെളിവില്ല എന്ന് ആക്ഷേപിക്കാം..
ഇവനെ ഒക്കെ എന്തിനാണ് ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നതെന്ന് പറഞ്ഞു പുശ്ചിക്കാം..
പക്ഷെ ഞാൻ ഇയാളെക്കുറിച്ചു നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്
അൽകെമിസ്റ് എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വരികൾ ആണ്..
നിങ്ങളുടെ ലക്ഷ്യം ഉറച്ചതാണെങ്കിൽ അതിലേക്ക് എത്തിചേരാൻ ആത്മാർഥമായി നിങ്ങൾ പരിശ്രമിച്ചാൽ ഈ പ്രകൃതി നിങ്ങൾക്കായി ഗൂഢാലോചന നടത്തും...
സ്വന്തം ശരീര സോന്ദര്യത്തെ കുറിച്ചു സ്വയ ബോധമുള്ള ഒരു പുരുഷൻ സ്വന്തം നാട്ടിലെ സുന്ദരിയായ ഒരു പെണ്ണിനെ പ്രേമിക്കാൻ പോലും ഭയക്കുന്ന കാലത്തു അതി സുന്ദരിയായ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിയെ അയാൾ പ്രണയിക്കുന്നു..പ്രണയിച്ചിട്ടു വെറുതെ ഇരുന്നില്ല ..അയാൾ അവളെ തേടി എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിൽ പോലും നേരിൽ ചെല്ലുന്നു..
അസഹിഷ്ണുതയോടെ ഒഴിവാക്കിയിട്ടും അയാൾ വീണ്ടും തന്റെ പരിശ്രമം തുടരുന്നു...
കഥ പറയാൻ നിത്യമേനോനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടക്കാതെ പോകുന്ന സംവിധായകർക്കിടയിൽ സന്തോഷ് വർക്കി തന്റെ പ്രണയം അറിയിക്കാൻ അവരെ മുപത്തിൽ അധികം നമ്പറിൽ നിന്നായി ബന്ധപ്പെടുന്നു..
ഒഴിവാക്കപ്പെടും എന്നുറപ്പുണ്ടായിട്ടും അയാൾ നിത്യ മേനോന്റെ അച്ഛനെയും അമ്മയെയും ബന്ധപ്പെടുന്നു..
6 വർഷങ്ങൾക്ക് മുൻപ് തന്നെ ശല്യം ചെയ്ത ഒരു കീടത്തെ തന്നെക്കാൾ കൂടുതൽ ജനം തിരിച്ചറിയുന്ന ഒരു കാലത്തേക്ക് ഈശ്വരൻ കൊണ്ട് ചെന്നെത്തിക്കും എന്ന് നിത്യ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല..
അതെ ഇന്ന് സന്തോഷിന്റെ പ്രണയം കേരളം അറിയുന്നു..അയാളെ മലയാളികൾ ഒന്നടങ്കം തിരിച്ചറിയുന്നു..
ഓണ്ലൈൻ മാധ്യമങ്ങൾ മാറിയും തിരിഞ്ഞും അയാളുടെ അഭിമുഖങ്ങൾ എടുക്കുന്നു....
ആറാട്ട് പോലൊരു ദുരന്തത്തിൽ മോഹൻലാൽ ആറാടി എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ കക്ഷി ഒരു മമ്മൂട്ടി ഫാൻ ആണെന്നാണ് എനിക്ക് തോന്നിയത്..മോഹൻലാൽ എന്ന അസാമാന്യ പ്രതിഭയെ അധിക്ഷേപിച്ച പോലെയാണ് എനിക്ക്‌ആ അഭിപ്രായം തോന്നിയത്..അന്നയാൾ താരാരാധന മൂത്ത ഒരു വിഡ്ഢി എന്നാണ് ഞാൻ ചിന്തിച്ചത്..
പിന്നീട് ഓരോ സിനിമ ഇറങ്ങുമ്പോഴും അയാൾക്ക് പിന്നാലെ അഭിപ്രായങ്ങൾ തേടി പായുന്ന സോഷ്യൽ മീഡിയയെ കാണുമ്പോൾ പുശ്ചവും തോന്നി..
പക്ഷെ ഇന്ന് നോക്കുമ്പോൾ പ്രകൃതി അയാൾക്കായി നടത്തിയ ഒരു ഗൂഢാലോചന പോലെ തോന്നുന്നു...
നഷ്ട്ടപെട്ട പ്രണയത്തിന്റെ തീച്ചൂളയിൽ അയാൾ കേരളത്തിൽ ആറാടുകയാണ്...
ഒന്നും നടക്കില്ല എന്ന് ചിന്തിക്കാതെ എന്തും നടക്കും എന്ന് ചിന്തിച്ചു മുന്നോട്ട് പോകുക..
ലക്ഷ്യം സത്യമാണെങ്കിൽ ആഗ്രഹങ്ങൾക്ക് വിലങ് തടിയില്ല എന്ന് തെളിയിക്കുക ആണ് സന്തോഷ് വർക്കി..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates