ചിത്രം; ഇൻസ്റ്റാ​ഗ്രാം
ചിത്രം; ഇൻസ്റ്റാ​ഗ്രാം

'ശ്രീലങ്കയിൽ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വളരെ കൂളായ മമ്മൂക്ക'; ഫോട്ടോയുമായി സുജിത്ത് വാസുദേവ്

മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിലെ ചിത്രീകരണാനുഭവത്തെക്കുറിച്ചാണ് സുജിത്ത് പങ്കുവച്ചത്

പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി കുറച്ചുനാൾ ശ്രീലങ്കയിലായിരുന്നു സൂപ്പർതാരം മമ്മൂട്ടി. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രമായ കടുഗണ്ണാവ ദിനങ്ങളിൽ അഭിനയിക്കാനായാണ് മമ്മൂട്ടി കടൽ കടന്നത്. രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തിലേക്ക് എത്തിയ സൂപ്പർതാരത്തിന് വൻ സ്വീകരണമാണ് ശ്രീലങ്ക ഒരുക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ  ഛായാഗ്രാഹകനായ സുജിത്ത് വാസുദേവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിലെ ചിത്രീകരണാനുഭവത്തെക്കുറിച്ചാണ് സുജിത്ത് പങ്കുവച്ചത്. 'എന്നെ സംബന്ധിച്ച് ശ്രീലങ്കയില്‍ സംഭവബഹുലമായ ഒരു ദിവസമായിരുന്നു അത്. കടുഗണ്ണാവ ദിനങ്ങള്‍. ജോലി സംബന്ധമായ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വളരെ കൂള്‍ ആയിരുന്നു മമ്മൂക്ക. മമ്മൂക്ക, ശങ്കര്‍ രാമകൃഷ്ണന്‍, കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഇവര്‍ക്കെല്ലാം ഒപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു.'- മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സുജിത്ത് വാസുദേവ് കുറിച്ചു. 

ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയെ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയും രാജ്യത്തെ ടൂറിസം മന്ത്രിയുമെല്ലാം താരത്തെ സന്ദർശിച്ചിരുന്നു. എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com