നാടക വേദിയിൽ തെളിഞ്ഞ നടൻ, പകരക്കാരനില്ലാത്ത കൊച്ചുപ്രേമൻ

ശബ്ദത്തിലേയും ശരീരത്തിലേയും പ്രത്യേകതകൾ ഉപയോ​ഗിച്ച് അദ്ദേഹം ഓരോ കഥാപാത്രങ്ങളിലും തന്റേതായ വ്യക്തിമുന്ദ്ര പതിപ്പിക്കുകയായിരുന്നു
കൊച്ചുപ്രേമൻ/ചിത്രം: ഫേയ്സ്ബുക്ക്
കൊച്ചുപ്രേമൻ/ചിത്രം: ഫേയ്സ്ബുക്ക്

'മച്ചമ്പീ...' എന്ന വിളി കേട്ടാൽ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ഒരേ ഒരാളുടെ രൂപം മാത്രമായിരിക്കും. അത് കൊച്ചുപ്രേമന്റേതാണ്. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും ആ വിളി ആവർത്തിക്കാനാവില്ല. കൊച്ചുപ്രേമൻ എന്ന നടൻ വ്യത്യസ്തനാവുന്നത് ഇവിടെയാണ്. മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടൻ. തന്റെ ശബ്ദത്തിലേയും ശരീരത്തിലേയും പ്രത്യേകതകൾ ഉപയോ​ഗിച്ച് അദ്ദേഹം ഓരോ കഥാപാത്രങ്ങളിലും തന്റേതായ വ്യക്തിമുന്ദ്ര പതിപ്പിക്കുകയായിരുന്നു. 

നാടകരം​ഗത്തിലൂടെയാണ് കൊച്ചുപ്രേമൻ സിനിമയിലേക്ക് എത്തുന്നത്.  തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ലാണ് കൊച്ചു പ്രേമന്റെ ജനനം. കെഎസ് പ്രേംകുമാർ എന്നാണ് ശരിയായ പേര്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയും ശ്രദ്ധേയനായി.

സ്കൂൾ പഠനശേഷം തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത്.  ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും തുടർന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.  കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങളിലൂടെ പ്രേം കുമാർ ശ്രദ്ധേയനായി. നാടകത്തിൽ പ്രവർത്തിക്കുമ്പോഴാണ് പ്രേംകുമാർ എന്ന പേര് മാറ്റി കൊച്ചു പ്രേമൻ എന്ന പേര് സ്വീകരിക്കുന്നത്. തന്റെ അതേ പേരുള്ള മറ്റൊരു സുഹൃത്ത് നാടകസമിതിയിൽ ഉണ്ടായതിനാൽ സ്വയം കൊച്ചുപ്രേമൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 

കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ.സി.കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്. 1979-ൽ റിലീസായ ഏഴു നിറങ്ങളായിരുന്നു ആദ്യ ചിത്രം. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. തുടർന്ന് അദ്ദേഹത്തിനൊപ്പം എട്ടു സിനിമകൾ ചെയ്തു. 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛനിലൂടെയാണ് താൻ സിനിമ നടനായി അറിയപ്പെടാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം പറയുന്നത്.  ഗുരു എന്ന ചിത്രത്തിലെ വ്യത്യസ്തമായ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

തിളക്കത്തിലെ വെളിച്ചപ്പാടിന്റെ വേഷത്തിലൂടെയാണ് കൂടുതൽ കഥാപാത്രങ്ങൾ അ​ദ്ദേഹത്തെ തേടിയെത്തിയത്. ചെറിയ വേഷത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാനുള്ള കഴിവാണ് കൊച്ചുപ്രേമനെ വ്യത്യസ്തമാക്കിയത്. എന്നാൽ കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കരിയർ. ഏറെ ശ്രദ്ധിക്കപ്പെട്ട ​മോഹൻലാലിന്റെ ​ഗുരു എന്ന ചിത്രത്തിലെ കഥാപാത്രം മികച്ച അഭിപ്രായം നേടിയിരുന്നു. രഞ്ജിത്തിന്റെ ലീല എന്ന സിനിമയിലെ കഥാപാത്രവും ഏറെ ചർച്ചകൾക്ക് വഴിവച്ചു. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. 
 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com