ഞെട്ടിക്കാൻ ദുൽഖർ, ഒപ്പം സണ്ണി ഡിയോളും; 'ചുപ്' ടീസർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 12:26 PM  |  

Last Updated: 09th July 2022 12:26 PM  |   A+A-   |  

dulquer_salmaan_chup

വീഡിയോ ദൃശ്യം

 

മലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡ് കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ താരത്തിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തെത്തിയത്. ആര്‍ ബല്‍കി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഹാപ്പി ബർത്ത്ഡേ പാടി ന്യൂസ് പേപ്പർ ഫ്ളവർകൊണ്ട് ബൊക്കെ ഉണ്ടാക്കുന്ന ദുൽഖറിനെയാണ് ടീസറിൽ കാണുന്നത്. അഭിനയം കൊണ്ട് ദുൽഖർ അമ്പരപ്പിക്കും എന്നാണ് ടീസർ നൽകുന്ന സൂചന. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. 

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചിത്രം എത്തുന്നത്. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷികത്തിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്‍റെ ജന്മ വാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. 

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

'വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്ക്, കൂട്ടുപ്രതിയായ ഞാന്‍ ഭാര്യയുമായി സുഖമായി ഉറങ്ങാന്‍ പോകുന്നു'; കൃഷ്ണ ശങ്കർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ