ആരുമെത്തിയില്ല, നടൻ രാജ്മോഹന്റെ മൃതദേഹം ഏറ്റെടുത്ത് ചലച്ചിത്ര അക്കാദമി; സംസ്കാരം ഇന്ന്

അവസാന കാലത്ത് അനാഥാലയത്തിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്താത്തതിനെ തുടർന്നാണ് ജനറൽ ആശുപത്രി മോർച്ചറിയിൽ മൂന്ന്ദിവസത്തോളം സൂക്ഷിക്കേണ്ടിവന്നത്
രാജ്മോഹൻ
രാജ്മോഹൻ

തിരുവനന്തപുരം; ഏറ്റെടുക്കാൻ ആരുമില്ലാതെ ജനറൽ ആശുപത്രി മോർച്ചറിയിലായിരുന്ന നടൻ രാജ്‌മോഹന്റെ മൃതദേഹം സംസ്ഥാന ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. ഞായറാഴ്ചയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് അദ്ദേഹം മരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താതിരുന്നത് വലിയ വാർത്തയായിരുന്നു. തുടർന്നാണ് രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ ചലച്ചിത്ര അക്കാദമി തീരുമാനിച്ചത്. 

മൃതദേഹം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10ന് ഏറ്റുവാങ്ങും. തുടർന്ന് 10.15 മുതൽ ഭാരത് ഭവനിൽ പൊതുദർശനത്തിന് വെയ്ക്കും. 11- ന് ശാന്തികവാടത്തിൽ സംസ്‌കരിക്കും. അവസാന കാലത്ത് അനാഥാലയത്തിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്താത്തതിനെ തുടർന്നാണ് ജനറൽ ആശുപത്രി മോർച്ചറിയിൽ മൂന്ന്ദിവസത്തോളം സൂക്ഷിക്കേണ്ടിവന്നത്. 

കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവൽ ആധാരമാക്കിയുള്ള സിനിമയിൽ മാധവൻ എന്ന നായകവേഷമാണ് രാജ്മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്മോഹൻ. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമ പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹൻ. ഏറെക്കാലം നോക്കാൻ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി. 

രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന വാർത്തകളെ തുടർന്ന് മന്ത്രി വി.എൻ.വാസവൻ ഇടപെട്ടിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ചലച്ചിത്ര അക്കാദമിയും സാമൂഹ്യ നീതി വകുപ്പും നടപടികൾ വേഗത്തിലാക്കിയത്. ഏറ്റെടുക്കാൻ ആരുമില്ലാത്ത മൃതശരീരങ്ങളുണ്ടെങ്കിൽ പത്രപ്പരസ്യം നൽകി അവകാശികൾ എത്തുമോയെന്ന് ഏഴ് ദിവസം കാത്തിരിക്കണമെന്നാണ് നിയമം. പൊലീസ് അന്വേഷണത്തിനൊടുവിൽ മൂന്നു ദിവസം എന്ന ഇളവ് നൽകി സർക്കാർ മൃതദേഹം ഏറ്റെടുക്കാൻ അക്കാദമിയെ അനുവദിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com