'ഒരുമാസം കൊടുത്താല്‍ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് ഇത് അപമാനം'; വിമര്‍ശനം

'പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ അവാര്‍ഡ് കൊടുക്കേണ്ടത്'
നഞ്ചമ്മ, ലിനു ലാല്‍/ ചിത്രം: ഫേയ്സ്ബുക്ക്
നഞ്ചമ്മ, ലിനു ലാല്‍/ ചിത്രം: ഫേയ്സ്ബുക്ക്

ഞ്ചമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ലിനു ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ചെറുപ്പം മുതല്‍ സംഗീതത്തെ ജീവിതമായി കാണുന്ന നിരവധി പേരുണ്ടെന്നും അവര്‍ക്കാണ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് എന്നാണ് ലിനു പറയുന്നത്. 

ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാന്‍ നഞ്ചമ്മയ്ക്ക് സാധിക്കില്ല. നഞ്ചമ്മയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് ഇന്‍സല്‍ട്ടായി തോന്നുമെന്നും വിഡിയോയില്‍ പറയുന്നു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരമാര്‍ശമായിരുന്നു നഞ്ചമ്മയ്ക്ക് നല്‍കേണ്ടിയിരുന്നതെന്നും ലിനു പറയുന്നു. ലിനുവിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. കൂടുതല്‍ പേരും വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. 

ലിനു ലാലിന്റെ വാക്കുകള്‍

ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്ക് സംശയമുണ്ട്. നഞ്ചമ്മയോട് എനിക്ക് ഒരു വിരോധവുമില്ല. അവരെ വളരെ അധികം ഇഷ്ടമാണ്. ആ ഫോക്‌സ് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ അവാര്‍ഡ് കൊടുക്കേണ്ടത്. 

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് വിചാരിക്കുന്നവര്‍. എനിക്ക് അറിയാവുന്ന ഒരുപാട് പേരുണ്ട്. എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും ആവാം എന്നാണ് അവര്‍ ചിന്തിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. 

പുതിയൊരു സോങ് കമ്പോസ് ചെയ്തിട്ട് നഞ്ചമ്മയെ വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് നടക്കില്ല. നഞ്ചമ്മയ്ക്ക് ആ പാട്ട് പാടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. പെരെടുത്ത് പറഞ്ഞ് അവര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്നല്ല പറയുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്ക് ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോള്‍ ഇന്‍സല്‍ട്ടായി ഫീല്‍ ചെയ്യില്ലേ എന്ന് എനിക്കു തോന്നി. അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനും ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതിനാല്‍ ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com