കനല്‍ കെട്ടിട്ടില്ല, ഈ 'പാപ്പനെ' തൊട്ടാല്‍ പൊള്ളും; റിവ്യൂ 

അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന പക്കാ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് പാപ്പന്‍
കനല്‍ കെട്ടിട്ടില്ല, ഈ 'പാപ്പനെ' തൊട്ടാല്‍ പൊള്ളും; റിവ്യൂ 

കാട്ടിനുള്ളിലെ മരത്തിനു മുകളിലായി ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നു. അതിനു പിന്നാലെ അതേ രീതിയില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെടുന്നു. ഇതോടെ മകള്‍ നടത്തുന്ന അന്വേഷണത്തിലേക്ക് അനൗദ്യോഗികമായി മുന്‍ പൊലീസുകാരനായ അച്ഛന്‍ കൂടി എത്തുകയാണ്. അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന പക്കാ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് പാപ്പന്‍. 

ലേലം, പത്രം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി തിരിച്ചുവരുന്നു എന്നതും ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ ജോഷിയുടെ മുന്‍ സിനിമകളിലേതുപോലെ ആഗ്രി യങ് മാനായല്ല പാപ്പനില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. 

ജീവിതത്തിലും കരിയറിലും പരാജയപ്പെട്ടുപോയ ലോകത്തിനു മുന്നില്‍ കുറ്റക്കാരനാക്കപ്പെട്ട ഒരു പഴയ പൊലീസുകാരനായാണ്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായി. മാസ് ഡയലോഗോ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോ ഇല്ലെങ്കിലും വളരെ തന്മയത്വത്തോടെ എബ്രഹാം മാത്യുവിനെ പ്രേക്ഷകരില്‍ എത്തിക്കാന്‍ സുരേഷ് ഗോപിക്കായി. ഒരു കൈതളര്‍ന്ന്, പ്രായമായ ആളായാണ് എത്തുന്നതെങ്കിലും സുരേഷ് ഗോപിയുടെ പ്രസന്‍സ് തന്നെ ചിത്രത്തിന് കരുത്താവുന്നുണ്ട്. 

വളരെ പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്. കൊലപാതക കേസിന്റെ അന്വേഷണം എബ്രഹാം മാത്യുവിന്റെ മകള്‍ നാന്‍സി എബ്രഹാമിനായിരിക്കും. പഴയൊരു കേസുമായി ഈ കൊലപാതകങ്ങള്‍ക്കുള്ള ബന്ധമാണ് അന്വേഷണത്തിലേക്ക് എബ്രഹാമിനെ എത്തിക്കുന്നത്. ആദ്യ പകുതി മുന്നോട്ടുപോകുന്നത് കേസന്വേഷണത്തിലൂടെയാണ്. അതിനൊപ്പം തന്നെ എബ്രഹാം മാത്യുവിന്റെ പഴയ കാലവും പറഞ്ഞു പോകുന്നുണ്ട്. 

രണ്ടാം പകുതിയിലാണ് ചിത്രം കൂടുതല്‍ ത്രില്ലിങ്ങാവുന്നത്. കൊലയാളിയിലേക്കുള്ള യാത്രയെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ ജോഷിക്കും ടീമിനുമായിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യം മുതല്‍ എബ്രഹാം മാത്യുവിനെ ഉള്‍പ്പടെ പലരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്. പ്രേക്ഷകരുടെ കണ്ണില്‍ പെടാതെ കൊലയാളിയെ തിരശീലയ്ക്കുള്ളില്‍ മറച്ചുപിടിക്കാന്‍ കഴിഞ്ഞു എന്നതിലും സിനിമ കയ്യടി അര്‍ഹിക്കുന്നു. എന്നാല്‍ ആദ്യ പകുതിയെ കുറച്ചുകൂടി കാച്ചിക്കുറിക്കി അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജിങ്ങാക്കാമായിരുന്നു. അപ്രധാനമായ പല കാര്യങ്ങളും കഥാപാത്രങ്ങളും അനാവശ്യമായി ഉള്‍പ്പെടുത്തിയതായി അനുഭവപ്പെട്ടു. 

സുരേഷ് ഗോപിയെപ്പോലെ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രം മകളായി എത്തിയ നിത പിള്ളയുടേത് ആയിരുന്നു. ആദ്യ ഭാഗം മുഴുവനും നിറഞ്ഞു നില്‍ക്കുന്നത് നാന്‍സിയായി എത്തിയ നിതയാണ്. സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ അതിന് അനുസരിച്ചുള്ള പ്രാധാന്യം ഗോകുലിന്റെ മൈക്കിള്‍ എന്ന കഥാപാത്രത്തിന് ലഭിച്ചില്ല. ഷമ്മി തിലകന്റെ ചാക്കോ അതിഗംഭീരമായി. ആശ ശരത്ത്, വിജയരാഘവന്‍ നൈല ഉഷ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു

പതിവു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ക്കു സമാനമാണ് പാപ്പന്‍. ട്വിസ്റ്റുകളിലോ സസ്‌പെന്‍സിലോ ഒന്നും പുതുമയില്ലെങ്കില്‍ കൂടി ചിത്രം രസകരമായ പറഞ്ഞുവയ്ക്കാന്‍ ജോഷിക്കും തിരക്കഥാകൃത്ത് ആര്‍ജെ ഷാനും ആയി. സൂപ്പര്‍താര പദവിയിലേക്കുള്ള സുരേഷ് ഗോപിയുടെ മടങ്ങിവരവിന് പാപ്പന്‍ ശക്തിപകരുമോ എന്ന് നമുക്ക് കാത്തിരിക്കാം. എന്തായാലും തീരുമാനം പ്രേക്ഷകരുടെ കയ്യിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com