

കൂട്ടത്തില്‍ ഒരാളുടെ ബാച്‌ലർസ് പാര്‍ട്ടി ആഘോഷിക്കാനാണ് അവര്‍ 11പേര്‍ റിസോര്‍ട്ടിലേക്ക് എത്തുന്നത്. പാര്‍ട്ടിക്ക് ഇടയില്‍ ഒരു വിചിത്രമായ കളി ഇവര്‍ കളിക്കും. അത് അവസാനിക്കുന്നത് ഒരാളുടെ കൊലപാതകത്തിലാണ്. ആ റിസോര്‍ട്ടില്‍ എത്തുന്ന 12ാമന്‍ കൂടി ഇവരുടെ കളിയുടെ ഭാഗമാകുന്നതോടെ ഇവര്‍ക്കിടയിലെ പലരഹസ്യങ്ങളും പുറത്തുവരികയാണ്, അവസാനം ആ കൊലപാതകിയും. ഒറ്റ രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്.
സൂപ്പര്‍ഹിറ്റായി മാറിയ ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12th മാന്‍. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. ഈ പ്രതീക്ഷ കാക്കാന്‍ ജീത്തു ജോസഫിനായി. അടിമുടി ദുരൂഹത നിറച്ചാണ് ചിത്രം മുന്നോട്ടുപോകുന്നത്. അതിനിടയിലെ ട്വിസ്റ്റുകള്‍ സിനിമയെ കൂടുതല്‍ ത്രില്ലിങ്ങാക്കുന്നുണ്ട്.
11 പേരുടെ സൗഹൃദത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കോളജ് കാലം മുതല്‍ ഒന്നിച്ചുള്ളവരാണ് ഇവരില്‍ ആറു പേര്‍. വിവാഹിതരാവുന്നതോടെ ഇവരുടെ പങ്കാളികളുടെ ഈ സൗഹൃദ വലയത്തിലേക്ക് വരും. കൂട്ടത്തിലൊരാളുടെ ബാച്‌ലർസ് പാര്‍ട്ടി ആഘോഷിക്കാനാണ് ഇവര്‍ റിസോര്‍ട്ടില്‍ എത്തുന്നത്. വെള്ളമടിച്ച് ബഹളം വച്ച് ഇവരുടെ മൂഡ് നാശമാക്കാന്‍ വരുന്ന അലമ്പന്റെ റോളിലാണ് ആദ്യ ഭാഗത്ത് മോഹന്‍ലാലിനെ കാണിക്കുന്നത്. രണ്ടാം പകുതി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലേക്ക് വരുന്നത്.
കൊലപാതകം തെളിയിക്കാനുള്ള രീതിയിലെ പുതുമ തന്നെയാണ് 12th മാനെ മികച്ചതാക്കുന്നത്. അടച്ചിട്ടൊരു മുറിയില്‍ അവശേഷിക്കുന്ന പത്തുപേരെ ഒരു മേശക്ക് ഇരുപുറവുമിരുത്തി അവരുടെ ഫോണും അതിലേക്ക് വരുന്ന കോള്‍സും വാട്‌സാപ് സന്ദേശങ്ങളും പരിശോധിച്ച് ഒരു മിസ്റ്ററി മൂഡിലൂടെയാണ് അന്വേഷണം മുന്നോട്ട് പോവുന്നത്. അതിനിടെ പലരിലേക്കും സംശയത്തിന്റെ നിഴല്‍ പതിയുന്നുണ്ട്. ആദ്യാവസാനം വരെ അവരില്‍ ആരാണ് കൊലപാതകി എന്നറിയാന്‍ നമ്മളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സംവിധായകനായി.
രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന സിനിമയുടെ നട്ടെല്ലായി നില്‍ക്കുന്നത് തിരക്കഥ തന്നെയാണ്. ഒരുപോലെ സ്‌ക്രീന്‍ സ്‌പേയ്‌സുള്ള 11 പേരുടെ ജീവിതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തിരക്കഥയ്ക്കായി രണ്ടാം പകുതി മുഴുവനും മുന്നോട്ടുപോവുന്നത് സംഭാഷണങ്ങളുടെ കരുത്തിലാണ്. അതിനൊപ്പം തന്നെ കഥാപാത്രങ്ങളുടെ ഓര്‍മകളിലേക്കും തിരിച്ചുമുള്ള കാമറയുടെ യാത്രയും മനോഹരമാണ്.
ചന്ദ്രശേഖരന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചിരിക്കുന്നത്. എന്നാല്‍ ആദ്യ ഭാഗത്തിലെ വഷളന്‍ വേഷം ഇതിനു മുന്‍പ് മോഹന്‍ലാല്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. മലയാളത്തിലെ വലിയ യുവതാരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കി.
തന്റെ കയ്യില്‍ ത്രില്ലര്‍ സിനിമകള്‍ ഭദ്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് 12th മാനിലൂടെ ജീത്തു ജോസഫ്. ദൃശ്യം മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ശക്തികൂട്ടാന്‍ പോന്നതാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ഈ ഹാട്രിക് വിജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates