കന്നഡ നടൻ ടിഎസ് ലോഹിതാശ്വ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ടിഎസ് ലോഹിതാശ്വ
ടിഎസ് ലോഹിതാശ്വ

ബെം​ഗളൂരു; മുതിർന്ന കന്നഡ നടനും നാടകകൃത്തും എഴുത്തുകാരനുമായ ടിഎസ് ലോഹിതാശ്വ അന്തരിച്ചു. 80 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോഹിതാശ്വയുടെ മകനും നടനുമായ ശരത്ത് ലോഹിതാശ്വയാണ് മരണവിവരം പുറത്തുവിട്ടത്. 

ഹൃദയാഘാതം ഉണ്ടായതിനു പിന്നാലെ അദ്ദേഹത്തിന് ബ്രെയിൻ സംബന്ധമായ പ്രശ്നങ്ങളുണ്ടായി. ശ്വസനവും ബിപിയും ഇടക്കുവെച്ച് മെച്ചപ്പെട്ടെങ്കിലും പിന്നീട് മോശം അവസ്ഥയിൽ എത്തുകയായിരുന്നെന്ന് ശരത്ത് പറഞ്ഞു. 

500-ഓളം കന്നഡ സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ച നടനാണ് ലോഹിതാശ്വ. എ.കെ. 47, ദാദ, ദേവ, നീ ബരെദ കാദംബരി, സംഗ്ലിയാന തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. അന്തിം രാജ, ഗൃഹ ഭംഗ, മാൽഗുഡി ഡെയ്‌സ്, നാട്യറാണി ശന്താള എന്നീ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. റിട്ട. ഇംഗ്ലീഷ് പ്രൊഫസറാണ്. നാടകവും കവിതാ സമാഹാരവും ഉൾപ്പെടെയുള്ള കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. കർണാടക നാടക അക്കാദമി പുരസ്കാരം, കർണാടക രാജ്യോത്സവ പുരസ്കാരം എന്നിവ നേടി. 

ബെംഗളൂരുവിൽ കുമാരസ്വാമി ലേ ഔട്ടിലായിരുന്നു താമസം. വത്സലയാണ് ഭാര്യ. മൃതദേഹം ബുധനാഴ്ച രാവിലെ ജന്മനാടായ തുമകൂരു തൊണ്ടഗെരെയിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടക്കും. ലോഹിതാശ്വയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com