മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്ക് | Published: 28th November 2022 12:36 PM |
Last Updated: 28th November 2022 12:36 PM | A+A A- |

മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായപ്പോൾ/ ഇൻസ്റ്റഗ്രാം
നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
ഇന്നും എന്നും എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. ക്രീം നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരുന്നത്. സിംപിൾ ലുക്കിൽ അതിസുന്ദരിയായിരുന്നു മഞ്ജിമ. ക്രീം ഷർട്ടും മുണ്ടുമായിരുന്നു ഗൗതത്തിന്റെ വേഷം. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.
മൂന്നു വർഷത്തെ പ്രണയം
മൂന്നു വർഷത്തെ പ്രണയത്തിനുശേഷമാണ് മഞ്ജിമയും ഗൗതവും ഒന്നാകുന്നത്. അടുത്തിടെയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രണയം തുറന്നു പറഞ്ഞത്. "മൂന്ന് വർഷം മുമ്പ്, ഞാൻ എല്ലാം നഷ്ടപ്പെട്ട് നിന്ന അവസ്ഥയിൽ നീയെന്റെ ജീവിതത്തിലേക്ക് ഒരു കാവൽ മാലാഖയെപ്പോലെ കടന്നുവന്നു. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് നീ മാറ്റി, ഞാൻ എത്രമാത്രം അനുഗ്രഹീതയാണെന്ന് മനസിലാക്കാൻ നീയെന്നെ സഹായിച്ചു.
എല്ലാം തകർന്നെന്ന് എനിക്ക് തോന്നുമ്പോഴും നീ എന്നെ മുന്നോട്ട് വലിച്ചു. എന്റെ കുറവുകളെ അംഗീകരിക്കാനും എപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ എന്താണോ, ആ എന്നെ നീ എത്രമാത്രം സ്നേഹിക്കുന്നു എന്നതാണ് ഞാൻ നിന്നിൽ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. നീ എന്നും എന്റെ ഏറ്റവും ഫേവറേറ്റ്", എന്ന് കുറിച്ചാണ് ഒന്നിച്ചുള്ള ചിത്രങ്ങൾ മഞ്ജിമ പങ്കുവച്ചത്.
ബാലതാരമായി സിനിമയിലേക്ക് എത്തിയ മഞ്ജിമ പിന്നീട് നായികയാവുകയായിരുന്നു. പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നീട് സിനിമയിൽ നിന്ന് മാറി നിന്ന മഞ്ജിമ വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നിവിന്റെ നായികയായാണ് തിരിച്ചുവരുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.
നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആർ. മുരുഗദോസ് നിർമിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തിൽ ഗൗതം കാർത്തിക്ക് എത്തുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അനിഖയ്ക്ക് 18; പിറന്നാള്‍ ആഘോഷമാക്കി താരം, ചിത്രങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ