30 വർഷം മുൻപ് പത്മരാജന്റെ മുന്നിൽ നടന്ന രഹസ്യ മോതിരം മാറ്റം; ചിത്രം പുറത്ത്
നടൻ ജയറാമിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത് പത്മരാജനാണ്. പിന്നീട് നിരവധി പത്മരാജൻ സിനിമകളിലാണ് ജയറാം വേഷമിട്ടത്. പത്മരാജനോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം ജയറാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പത്മരാജനെ സാക്ഷിയാക്കിക്കൊണ്ട് നടന്ന ഒരു മോതിരം മാറലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിവാഹത്തിനു മുൻപ് ജയറാമും പാർവതിയും തമ്മിൽ നടന്ന മോതിരം മാറലിന്റേതാണ് ചിത്രം. സിനിമയുടെ ഭാഗമായിരുന്നില്ല ഈ രഹസ്യ മോതിരം മാറൽ. പത്മരാജന്റെ മകൻ തന്നെയാണ് അപൂർവ ചിത്രം പങ്കുവച്ചത്. മാലയിട്ട പത്മരാജന്റെ ചിത്രത്തിനു മുന്നിലായിരുന്നു മോതിരം മാറൽ. 'മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരംമാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ,) സിനിമയിലല്ല.'- എന്ന കുറിപ്പിലാണ് അനന്ദ പത്മനാഭൻ ചിത്രം പങ്കുവച്ചത്.
ഇതിനൊപ്പം പൊന്നിയിൻ സെൽവനിലെ ജയറാമിന്റെ ആഴ്വാർ കടിയൻ നമ്പിയായുള്ള പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് താരത്തിന് അയച്ച ഓഡിയോ സന്ദേശവും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ ജയറാം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അതിനായി ഏറെ റിസർച്ച് ചെയ്തിട്ടുണ്ടെന്ന് മനസിലായെന്നും അദ്ദേഹം പറയുന്നുണ്ട്.
'നമ്പി വരുന്ന ഏരിയയെ അങ്ങ് പ്രകാശമാനമാക്കുകയാണ്. അതുവരെയുണ്ടാകുന്ന മൂഡ് മുഴുവൻ മാറ്റി ലൈറ്റർ മൂഡിലേക്കു കൊണ്ടുവന്നത് നമ്പിയുടെ പ്രകടനമാണ്. എത്രപേർ അത് തിരിച്ചറിഞ്ഞെന്ന് അറിയില്ല. കാർത്തി ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിലും അതിൽ നമ്മൾ കണ്ടിട്ടുള്ള ബോഡി ലാംഗ്വേജ് തന്നെയാണ്. പക്ഷേ നമ്പി ചെയ്യുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. സമീപകാലത്തുള്ള കോമിക് ബോഡി ലാംഗ്വേജ് വളരെ ശ്രദ്ധാപൂർവം മാറ്റി വച്ചിരിക്കുന്നു. സാധാരണ എല്ലാത്തിലും ‘ഹേ’ എന്ന് പറഞ്ഞു ഞെട്ടുക, തോള് ഉയർത്തുക അങ്ങനെയൊക്കെയുള്ള സാധനങ്ങൾ ഇതിൽനിന്ന് പൂർണമായി ഒഴിവാക്കിയാണ് ചെയ്തിട്ടുള്ളത്. എനിക്ക് തോന്നുന്നു വലിയൊരു റിസേർച് ഇതിനു പിന്നിലുണ്ടെന്ന്.അതിഗംഭീരമായ അഭിനയം. എനിക്ക് തോന്നുന്നു തെന്നാലിക്ക് ശേഷം ഇപ്പോഴാണ് തമിഴിൽ ഇങ്ങനെ ഒരു മുഴുനീള ഹാസ്യ കഥാപാത്രം ചെയ്യുന്നതെന്ന്.'- അനന്ദ പത്മനാഭൻ പറഞ്ഞു.
അഭിനന്ദ സന്ദേശത്തിന് ജയറാം മറുപടിയും നൽകി. 'ഞാൻ ഒരു സിനിമ ചെയ്തിട്ട് പഴ്‌സനൽ ആയി എന്നെ വിളിച്ച ആളുകളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും. രജനികാന്ത് തൊട്ട് ഇങ്ങോട്ട്, അല്ലെങ്കിൽ മറ്റു ഭാഷകളിൽനിന്ന് നിത്യേന അഭിനന്ദനങ്ങൾ വരികയാണ്. എന്റെ വീട്ടിൽ ഇത്രയും ബൊക്കെയും പൂക്കളും ഇന്നേവരെ ഇങ്ങനെ കൊടുത്തയച്ചിട്ടില്ല. നമ്പി ആഴത്തിൽ ജനങ്ങളിലേക്ക് എത്തി. പപ്പൻ പറഞ്ഞതു ശരിയാണ് ഞാൻ കുറെ ഹോംവർക് ചെയ്തിട്ടാണ് ചെയ്തത്.'- ജയറാം പറഞ്ഞു.
പത്മരാജൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഏറെ സന്തോഷിക്കുമായിരുന്നെന്നും താരം പറയുന്നുണ്ട്. 'പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷപ്പെട്ടേനെ. അദ്ദേഹം കൊണ്ടുവന്ന ഒരാള്‍ മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷവും എന്തെങ്കിലുമൊക്കെ ചെയ്തു നിൽക്കുന്നില്ലേ, നന്നായി എന്ന് ആൾക്കാരെകൊണ്ടു പറയിക്കുന്നില്ലേ. സാർ ഉണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷിക്കുമായിരുന്നു. സാറിന്റെ ആത്മാവ് മുകളിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാകും.'- ജയറാം പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
