സംവിധായകൻ മണിരത്‌നത്തോടൊപ്പം ദളപതിയിൽ അഭിനയിച്ച സമയത്തെ ചില സംഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ രജനീകാന്ത്. സംവിധാകനെ പറ്റിക്കാൻ നടൻ കമൽഹാസൻ തന്നെ സഹായിച്ച കഥയാണ് പൊന്നിയിൻ സെൽവന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ രജനീകാന്ത് പങ്കുവച്ചത്.
രജനീകാന്തിന്റെ വാക്കുകൾ: മണിരത്‌നത്തോടൊപ്പം വർക്ക് ചെയ്തപ്പോഴുണ്ടായ ഒരു സംഭവമുണ്ട്. ദളപതിയുടെ ഷൂട്ടിങ്ങിന്റെ ആദ്യത്തെ ദിവസം. മൈസൂരാണ് ചിത്രീകരണം നടക്കുന്നത്. ഞാനൊരു ഹിന്ദി സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ബോംബെയിൽ നിന്ന് അർദ്ധരാത്രിയോടെയാണ് എത്തിയത്. പിറ്റേന്ന് രാവിലെതന്നെ ഞാൻ മേക്കപ്പിന് ചെന്നു. അപ്പോൾ മേക്കപ്പ്മാൻ പറഞ്ഞു എന്റെ മുഖത്ത് മേക്കപ്പൊന്നും ഇടണ്ട കുറച്ച് ഫൗണ്ടേഷൻ മാത്രം മതിയെന്നാണ് അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നതെന്ന്. എനിക്ക് ആശങ്കയായി. ഞാൻ നല്ല ഫ്രെഷ് ആപ്പിൾ പോലെയിരിക്കുന്ന മമ്മൂട്ടിയുടെ ഒപ്പമാണ് അഭിനയിക്കേണ്ടത്. പക്ഷെ അവസാനം ഞാൻ സമ്മതിച്ചു.
അടുത്തത് കോസ്റ്റ്യൂമിനെ കുറിച്ചുള്ള കാര്യങ്ങളായി. ഭയങ്കര ലൂസ് ആയ പാന്റ്‌സും ഷർട്ടുകളുമായി കോസ്റ്റിയൂമർ വന്നു. ഞാൻ ചോദിച്ചു എന്താണിത്? കൊണ്ടുപോയി ടൈറ്റാക്കി തരാനും പറഞ്ഞു. അടുത്തത് ചെരിപ്പിന്റെ പ്രശ്‌നമാണ്. എനിക്കുവേണ്ടി വള്ളിച്ചെരുപ്പാണ് കൊണ്ടുവന്നിരുന്നത്. ഞാൻ എന്റെ വോക്കിങ് ഷൂ തന്നെയിട്ടു. എന്നിട്ട് മണിരത്‌നത്തിന്റെ മുന്നിലേക്ക് പോയി. അദ്ദേഹമെന്നോട്ട് കോസ്റ്റ്യൂം ഇട്ടിട്ട് വരാൻ പറഞ്ഞു, ഞാൻ പറഞ്ഞു കോസ്റ്റിയൂമിലാണെന്ന, പുള്ളി എന്നെയൊന്ന് അടിമുടി നോക്കി എന്നിട്ട് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
ഒരു നദിക്കരയിൽ ആണ് ചിത്രീകരണം നടക്കുന്നത്. ഞാനും ശോഭനയുമാണ് സീനിലുള്ളത്. ഞങ്ങൾ രണ്ടുപേരും റെഡിയായി പറഞ്ഞ സ്ഥലത്ത് ചെന്ന് നിന്നെങ്കിലും ഷൂട്ടിങ്ങൊന്നും നടന്നില്ല. മണിരത്‌നവും അദ്ദേഹത്തിന്റെ ഭാര്യ സുഹാസിനിയും മറ്റുചില അണിയറപ്രവർത്തകരും ചേർന്ന് എന്തൊക്കെയോ ചർച്ചയിലായിരുന്നു. അപ്പോൾ ശോഭന എന്നോട് ചോദിച്ചു, 'അവർ എന്തായിരിക്കുന്ന സംസാരിക്കുന്നത്, ഇനി സാറിനെ മാറ്റി കമൽഹാസനെ കൊണ്ടുവരാൻ പ്ലാൻ ചെയ്യുവായിരിക്കുമോ? എന്ന്. പിറ്റേ ദിവസം ഞാൻ ഒരു പ്രശ്‌നവും പറയാതെ തന്ന കോസ്റ്റ്യൂം ഇട്ട് ചെന്നു, ഷൂട്ടിങ്ങും തുടങ്ങി. എന്നിട്ടും ഒന്നു ഓക്കെ ആകുന്നില്ല. എല്ലാ ഷോട്ടും ഒരു 12,13 പ്രാവശ്യം റീട്ടേക്ക് പോകും. കാരണം, ഞാൻ ഓരോ രംഗത്തിനും വേണ്ട ചില റെഡിമെയ്ഡ് എക്‌സ്പ്രഷനുമായിട്ടാണ് എത്തിയത്. പ്രണയം, അത്ഭുതം, ഭയം, സംശയം എല്ലാത്തിനും എന്റെ കൈയിൽ എക്‌സ്പ്രഷനുണ്ട്. ഞാൻ അതെടുത്ത് പ്രയോഗിക്കും, പക്ഷെ മണിരത്‌നം സമ്മതിക്കില്ല. ഫീൽ... ഫീൽ എന്ന് പുള്ളി പറയും. എന്ത് ഫീൽ... ഫീൽ എന്നാണ് ഞാൻ ആ സമയം മനസ്സിൽ ചിന്തിക്കുന്നത്.
അവസാനം ഞാൻ കമൽഹാസനെ വിളിച്ച് ഇതെല്ലാം പറഞ്ഞു. കമൽ ചിരിച്ചു എന്നിട്ട് എനിക്കൊരു ഉപദേശം തന്നു. മണിരത്‌നം എന്തെങ്കിലും ചെയ്യാൻ പറയുമ്പോൾ അതേക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നതുപോലെ കാണിച്ചിട്ട് ഒന്നു അഭിനയിച്ച് കാണിക്കാമോ എന്ന് ചോദിക്കണം. എന്നിട്ട് അദ്ദേഹം എന്താണോ കാണിക്കുന്നത് അതുതന്നെ കാമറയുടെ മുന്നിൽ ചെയ്താൽ മതി, എന്നായിരുന്നു ആ ഉപദേശം. ഞാൻ അങ്ങനെതന്നെ ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates