

തിയറ്ററുകളിൽ ആഘോഷമാകുകയാണ് രജനീകാന്തിന്റെ ജയിലർ. 400 കോടി കടന്ന് മുന്നേറുകയാണ് ചിത്രം. തെന്നിന്ത്യയിൽ ആരാധകർ ആഘോഷിക്കുമ്പോൾ ഹിമാലയൻ യാത്രയിലാണ് താരം. ജയിലറിന്റെ റിലീസിന് തൊട്ടുമുൻപായാണ് അദ്ദേഹം ഹിമാലയത്തിലേക്ക് യാത്ര തിരിച്ചത്. ഇപ്പോൾ ഉത്തർപ്രദേശിലാണ് താരമുള്ളത്. ലഖ്നൗവിൽ എത്തിയ താരം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ജയിലർ കാണുമെന്ന് വ്യക്തമാക്കി.
ലഖ്നൗ വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിത്യനാഥിനെ സന്ദർശിക്കുമെന്നും ഒന്നിച്ച് ജയിലർ കാണുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജയിലറിന് കിട്ടുന്ന മികച്ച പ്രതികരണങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു താരത്തിന്റെ മറുപടി.
ലഖ്നൗവിൽ നടക്കുന്ന സ്പെഷ്യൽ സ്ക്രീനിങ്ങിൽ വച്ചായിരിക്കും മുഖ്യമന്ത്രിക്കൊപ്പം രജനി ജയിലർ കാണുക. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സിനിമ കാണാൻ എത്തും. ഗവർണർ ആനന്ദിബെൻ പട്ടേലിനെ രാജ് ഭവനിൽ എത്തി രജനീകാന്ത് കണ്ടിരുന്നു. പങ്കെടുക്കും. നാളെ അയോദ്യ സന്ദർശിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.
കഴിഞ്ഞദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. ഏറെക്കാലമായി വിചാരിക്കുന്നതാണ് ഈ ക്ഷേത്രത്തിൽ വരണമെന്ന് എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. നല്ല അനുഭവമായിരുന്നെന്നും ഇനിയും ഇവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡ് ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സിപി രാധാകൃഷ്ണനുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തി. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ വൻ അഭിപ്രായം നേടിയാണ് മുന്നേറുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകമാണ് ചിത്രം 400 കോടി ക്ലബ്ബിൽ കയറിയത്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം 250 കോടിയോളം സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates