'ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയൻ എന്നെ പിന്തുടരുന്നു, പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യ'; കങ്കണ റണാവത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 04:31 PM  |  

Last Updated: 05th February 2023 04:44 PM  |   A+A-   |  

kangana_ranaut

കങ്കണ റണാവത്ത്/ചിത്രം; ഫേയ്സ്ബുക്ക്

 

ബോളിവുഡിലെ പ്രമുഖനായ നടൻ തന്നെ പിന്തുടരുകയാണെന്ന ആരോപണവുമായി നടി കങ്കണ റണാവത്ത്. കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താൻ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്. ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയനാണ് ഇയാളെന്നും ഭാര്യയുടെ പിന്തുണയും ഇയാൾക്കുണ്ടെന്നുമാണ് കങ്കണ പറയുന്നത്. തന്നെപ്പോലെ നിർമാതാവാകാനും വസ്ത്രം ധരിക്കാനുമെല്ലാം ഇയാൾ ഭാര്യയെ നിർബന്ധിക്കുകയാണെന്നും കങ്കണ പറഞ്ഞു. അടുത്തിടെ കുഞ്ഞിന് ജന്മം നൽകിയ താരദമ്പതികളെ ഉദ്ദേശിച്ചുള്ളതാണ് കങ്കണയുടെ പോസ്റ്റ്. 

കങ്കണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാൻ എവിടെ പോയാലും അവർ എന്നെ പിന്തുടരുകയും നിരീക്ഷിക്കുകയുമാണ്. തെരുവിൽ മാത്രമല്ല എന്റെ കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം അവർ എന്റെ ചിത്രമെടുക്കാൻ സൂം ലെൻസ് വെച്ചിരിക്കുകയാണ്. പണം കൊടുക്കുന്നവരെ മാത്രമേ പാപ്പരാസികൾ ഇപ്പോൾ സന്ദർശിക്കാറുള്ളൂ എന്ന് എല്ലാവർക്കും അറിയാം. ഫോട്ടോ എടുക്കാൻ പണം ചോദിക്കുന്നവർ പോലുമുണ്ട്. ഞാനോ എന്റെ ടീമോ അവർക്ക് പണം നൽകുന്നില്ല. പിന്നെ ആരാണ് പണം നൽകുന്നത്. രാവിലെ 6.30 ന് എന്റെ ഫോട്ടോ എടുക്കുകയാണ്. അവർക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂൾ ലഭിക്കുന്നത്. ഈ ചിത്രങ്ങൾകൊണ്ട് അവർ എന്താണ് ചെയ്യുന്നത്.

രാവിലെയുള്ള എന്റെ കൊറിയോ​ഗ്രാഫി പ്രാക്ടീസ് സെഷൻ കഴിഞ്ഞപ്പോൾ ആരും പണം കൊടുക്കാതെ തന്നെ സ്റ്റുഡിയോയിലേക്ക് വന്നിരിക്കുകയാണ്. അതും ഞായറാഴ്ച. എന്റെ വാട്സ്ആപ് ഡേറ്റ ചോരുണ്ടെന്ന് എനിക്ക് ഉറപ്പാണ്. പ്രൊഫഷണൽ ഡീലുകളും എന്തിന് വ്യക്തി​ഗത വിവരങ്ങൾ പോലും ചോർത്തിയെടുക്കുകയാണ്. ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വാതിൽക്കൽ വന്നുനിൽക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാൾ അറിയപ്പെടുന്ന പെണ്ണുപിടിയനും കാസനോവയുമാണ്. ഇപ്പോൾ ബോളിവുഡിലെ സ്വജന പക്ഷപാത മാഫിയ ബ്രിഗേഡിന്റെ വൈസ് പ്രസിഡന്റുമാണ്.

ഇയാൾ ഭാര്യയെ നിർമാതാവാകാൻ നിർബന്ധിക്കുകയും സ്ത്രീപക്ഷ സിനിമകൾ എടുക്കാൻ നിർബന്ധിക്കുകയുമാണ്. എന്തിനേറെ പറയുന്നു എന്നെപ്പോലെ വസ്ത്രം ധരിക്കാനും വീടിന്റെ ഇന്റീരിയർ എന്റേതുപോലെ ആക്കാനും അയാൾ നിർബന്ധിക്കുകയാണ്. എന്റെ ഹെയർ സ്റ്റൈലിസ്റ്റിനെ വരെ വിലക്കെടുത്തു. വർഷങ്ങളായി എനിക്ക് പരിചയമുണ്ടായിരുന്ന ഹോം സ്റ്റൈലിസ്റ്റ് പിന്നീട് എനിക്കൊപ്പം വർക്ക് ചെയ്യാൻ പോലും തയാറായില്ല. അയാളുടെ ഭാര്യ അയാളുടെ ഈ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്റെ സഹോദരന്റെ വിവാഹ റിസപ്ഷനിൽ ധരിച്ചതുപോലെയുള്ള സാരിയാണ് അവർ സ്വന്തം വിവാഹത്തിന് ധരിച്ചത്.

അടുത്തിടെ എന്റെ ഫിലിം കോസ്റ്റ്യൂം ഡിസൈനറായ സുഹൃത്ത്, ഒരു പതിറ്റാണ്ട് പിരിചയമുള്ള സുഹൃത്ത് വളരെ അപ്രതീക്ഷിതമായി ഞാനുമായി തല്ലിട്ടുപിരിഞ്ഞു. ഇപ്പോൾ ആ ദമ്പതികൾക്കൊപ്പമാണ് ജോലി നോക്കുന്നത്. എന്റെ ബിസിനസ് പാർട്ട്ണേഴ്സ് ഞാനുമായുള്ള കരാറുകളിൽ നിന്ന് അവസാന നിമിഷത്തിൽ ഒരു കാരണവുമില്ലാതെ പിന്തിരിയുകയാണ്. എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിലാക്കാനും അയാൾ ശ്രമിക്കുകയാണ്.

അതിനിടെ ഭാര്യയെ അയാൾ മറ്റൊരു ഫ്ളോറിലാണ് പാർപ്പിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിൽ വേർപിരിഞ്ഞാണ് അവർ താമസിക്കുന്നത്. ഈ കരാറിനോട് അവർ നോ പറയണമെന്നും അയാളിൽ ഒരു കണ്ണു വേണമെന്നുമാണ് എനിക്ക് പറയാനുള്ളത്. അയാൾക്ക് എങ്ങനെയാണ് ഈ വിവരങ്ങൾ ലഭിക്കുന്നത്. അയാൾ എന്തിനുള്ള പുറപ്പാടിലാണ്. അയാൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അവളും ആ കുട്ടിയും പ്രശ്നത്തിലാകും. അവളുടെ ജീവിതത്തിന്റെ നിയന്ത്രണം അവൾ സ്വയം ഏറ്റെടുക്കണം. നിയമവിരു​ദ്ധമായി അവനൊന്നും ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം. പ്രിയപ്പെട്ട പെൺകുട്ടി, നിനക്കും നിന്റെ നവജാതശിശുവിനും എന്റെ സ്നേഹം.

അതിനു പിന്നാലെ പോസ്റ്റിനു താഴെ ചർച്ച കൊഴുക്കുകയാണ്. ബോളിവുഡ് താരജോഡികളാണ് രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും കുറിച്ചാണ് പോസ്റ്റ് എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഇത് ആദ്യമായിട്ടല്ല കങ്കണ താരങ്ങൾക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

നടിയെ കുഞ്ഞിലെ മുതല്‍ അറിയാം, മകളെ പോലെ; ദിലീപാണ് കുറ്റക്കാരനെന്ന് അറിഞ്ഞാല്‍ ഞെട്ടും; ഇന്ദ്രന്‍സ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ