'ഞങ്ങളുടെ കല്യാണത്തിന് അദ്ദേഹം നേരത്തേയെത്തി, രണ്ടര മണിക്കൂര്‍ കാത്തുനിന്നു'; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി ജയറാം

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച് ജയറാം/ ടെലിവിഷൻ സ്ക്രീൻഷോട്ട്, ഫെയ്‌സ്ബുക്ക്
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച് ജയറാം/ ടെലിവിഷൻ സ്ക്രീൻഷോട്ട്, ഫെയ്‌സ്ബുക്ക്

ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം. അദ്ദേഹവുമായി നീണ്ട 35 വർഷത്തെ ആത്മബന്ധമുണ്ടെന്നും കുടുംബത്തിലെ ഒരു അം​ഗത്തെ പോലെയായിരുന്നുവെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹത്തിന് എല്ലാവരെക്കാളും നേരത്തെ അദ്ദേഹം എത്തി. രണ്ടര മണിക്കൂറോളം ടൗൺ ഹാളിൽ ഞങ്ങൾക്കു വേണ്ടി കാത്തുനിന്നു. തങ്ങളുടെ തലയിൽ കൈവച്ച് ആദ്യം അനു​ഗ്രഹിച്ചതു ഉമ്മൻചാണ്ടിയായിരുന്നുവെന്നും ജയറാം പറഞ്ഞു. 

'സാറുമായി 35 വർഷത്തെ ആത്മബന്ധം എനിക്കുണ്ട്. സാറുമായും അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരുമായും. ശരിക്കും ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. സാറിന്റെ ലളിതമായ രീതികളെക്കുറിച്ച് ഞാനായി ഒന്നും പറയേണ്ട കാര്യമില്ലല്ലോ, ലോകത്തുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യമാണ്. പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓർമ വരുന്നൊരു കാര്യമുണ്ട്.

1992 സെപ്റ്റംബർ ഏഴാം തീയതിയായിരുന്നു എന്റെ കല്യാണം. എട്ടാം തീയതി ടൗൺ ഹാളിൽ വച്ചാ‌യിരുന്നു റിസപ്‌ഷന്‍. ആറര മണിക്കാണ് എല്ലാവരെയും ക്ഷണിച്ചിരുന്നത്. വൈകുന്നേരം നാലര മണിയായപ്പോൾ ടൗൺ ഹാളിൽ നിന്നൊരു വിളി വന്നു. ഒരാൾ നേരത്തെ വന്ന് കാത്ത് നിൽക്കുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ പുതുപ്പള്ളി എംഎൽഎ ഉമ്മൻ ചാണ്ടി സർ എന്നായിരുന്നു മറുപടി.

ടൗൺ ഹാൾ അപ്പോൾ തുറന്നിട്ടില്ല, അദ്ദേഹം ഞങ്ങൾ വരുന്നത് വരെ രണ്ടര മണിക്കൂറോളം അവിടെ കാത്തിരുന്നു. ആദ്യമായി എന്റെയും എന്റെ ഭാര്യയുടെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചത് സാറാണ്. പിന്നെയും എത്ര എത്രയോ മുഹൂർത്തങ്ങൾ ജീവിതത്തിലുണ്ടായി. എന്റെ മകന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ ആ കൈകളിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യമുണ്ടായി. എനിക്കും എത്രയോ പുരസ്കാരങ്ങൾ. ഈ പുതുപ്പള്ളി പള്ളി പെരുന്നാളിന് അദ്ദേഹത്തോടൊപ്പമാണ് ഞാൻ വന്നിട്ടുള്ളത്.

ഏറ്റവും അവസാനമായി ഞാൻ അദ്ദേഹത്തെ പിറന്നാൾ ദിവസമാണ് വിളിക്കുന്നത്. അച്ചുവാണ് ഫോൺ എടുത്തത്. അദ്ദേഹത്തിന് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് അച്ചു പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാൻ വിഡിയോ കോളിൽ വരാം, അദ്ദേഹത്തെ ഒന്നു കൈ വീശി കാണിച്ചാൽ മതിയെന്നു പറഞ്ഞു. അപ്പോൾ തന്നെ വിളിച്ചു, എന്നെ അനുഗ്രഹിക്കുന്നതു പോലെ രണ്ടു കൈകളും ഉയർത്തി കാണിച്ചു. അവസാനമായി നേരിട്ടു കാണാൻ സാധിച്ചില്ല.'–ജയറാം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com