സംഗീത സംവിധായകൻ എൻപി പ്രഭാകരൻ അന്തരിച്ചു

ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർ‌ന്നായിരുന്നു അന്ത്യം
എൻപി പ്രഭാകരൻ /ചിത്രം: ഫേയ്സ്ബുക്ക്
എൻപി പ്രഭാകരൻ /ചിത്രം: ഫേയ്സ്ബുക്ക്

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എൻപി പ്രഭാകരൻ അന്തരിച്ചു. 75 വയസായിരുന്നു.  ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർ‌ന്നായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു. 

വ്യാഴാഴ്ച പരമ്പനങ്ങാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുന്നതിനിടെ ഒല്ലൂരിൽ വച്ച് രാത്രി 10 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് റെയിൽ വേ ജീവനക്കാരുടെ സഹായത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ റെക്കോർഡിങ്ങിനുള്ള പാട്ടുകൾക്ക് സം​ഗീത സംവിധാനം നിർവഹിച്ച് തേഞ്ഞിപ്പാലത്തെ സ്വന്തം വീട്ടിലെത്തി വിശ്രമിച്ച ശേഷമായിരുന്നു യാത്ര. 

പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവൾ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. തരംഗിണിയുടെ ഓണഗാനങ്ങൾ അടക്കം നിരവധി ആൽബങ്ങൾക്കും ടിവി പരമ്പരകൾക്കും നാടകങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. സിത്താര കൃഷ്ണകുമാർ അടക്കം ഒട്ടേറെപ്പേർക്ക് സംഗീത ലോകത്തേക്കു വഴികാട്ടിയത് അദ്ദേഹമാണ്. 2021ലാണ് സംഗീത നാടക അക്കാദമിയുടെ മികച്ച സം​ഗീത സംവിധായകനുള്ള അവാർഡ് സ്വന്തമാക്കുന്നത്. 

കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2 ന് കോട്ടയത്ത്. ഉഷാ കുമാരിയാണ് ഭാര്യ. ആനന്ദ് പ്രഭു, അനീഷ് പ്രഭു എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com