'ഛയ്യ ഛയ്യ' പാടി എആർ റഹ്മാൻ, സ്റ്റേജിൽ കയറിവന്ന് പരിപാടി നിർത്തിച്ച് പൊലീസ്; വിഡിയോ

അനുവദിച്ച സമയം കഴിഞ്ഞെന്ന് പറഞ്ഞ് റഹ്മാൻ പാടിക്കൊണ്ടിരിക്കുന്ന സ്റ്റേജിലേക്ക് പൊലീസ് കയറി വരികയായിരുന്നു
എആർ റഹ്മാന്റെ പരിപാടിയിലേക്ക് പൊലീസ് എത്തുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
എആർ റഹ്മാന്റെ പരിപാടിയിലേക്ക് പൊലീസ് എത്തുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

സം​ഗീതജ്ഞൻ എആർ റഹ്മാന്റെ സം​ഗീതപരിപാടി നിർത്തിച്ച് പൊലീസ്. പൂനെയിൽ നടന്ന ലൈവ് പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞെന്ന് പറഞ്ഞ് റഹ്മാൻ പാടിക്കൊണ്ടിരിക്കുന്ന സ്റ്റേജിലേക്ക് പൊലീസ് കയറി വരികയായിരുന്നു. സമയം കഴിഞ്ഞെന്നും പരിപാടി നിർത്താനും ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

പൂനെയിലെ രാജ ബഹദൂർ മിൽ ഏരിയയിലാണ് പരിപാടി നടന്നത്. 8 മണി മുതൽ 10 മണിവരെയാണ് പരിപാടിക്ക് സമയം അനുവദിച്ചിരുന്നത്. 10.14ന് അവസാന ​ഗാനം പാടുന്നതിന് ഇടയിലാണ് പൊലീസ് വേദിയിലേക്ക് കയറിയത്. ഛയ്യ ഛയ്യ എന്ന ​ഗാനമാണ് റഹ്മാൻ പാടിക്കൊണ്ടിരുന്നത്. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി പൂനെ പൊലീസ് രം​ഗത്തെത്തി. 10 മണി കഴിഞ്ഞതിനാലാണ് ഇടപെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. സമയം കഴിഞ്ഞിട്ടും പാടിയത് എന്തിനാണെന്ന് റഹ്മാനോട് പൊലീസ് ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് വന്നതിനു പിന്നാലെ റഹ്മാൻ വേദി വിട്ടു. 

അതിനു പിന്നാലെ പൂനെയിലെ പരിപാടിയെക്കുറിച്ച് കുറിപ്പുമായി റഹ്മാൻ എത്തി. പൂനെയുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്. വീണ്ടും പരിപാടിയുമായി എത്തുമെന്നും താരം കുറിച്ചു. അതിനിടെ റഹ്മാനെ പൂനെ പൊലീസ് അപമാനിച്ചു എന്ന ആരോപണവുമായി നിരവധി ആരാധകരാണ് രം​ഗത്തെത്തിയത്. സമയം കഴിഞ്ഞു എന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറിച്ചെല്ലുകയല്ല വേണ്ടിയിരുന്നതെന്നും മാന്യമായി പെരുമാറണമായിരുന്നു എന്നും ആരാധകർ കുറിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com