'സ്വപ്നാടനങ്ങളുടെ യവനിക', മലയാളത്തിന്റെ ആദ്യ ന്യൂജൻ സിനിമാക്കാരന് വിട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 12:26 PM  |  

Last Updated: 24th September 2023 12:26 PM  |   A+A-   |  

kg_george

കെജി ജോർജ്/ഫോട്ടോ: ഫെയ്സ്ബുക്ക്

 

ഡാൻസും മരം ചുറ്റി പ്രണയവുമായി നായികാനായകന്മാർ കളം നിറഞ്ഞിരുന്ന കാലം. ആളുകളെ തിയറ്ററിൽ കയറ്റാൻ ഇത്തരം ​ഗിമ്മിക്കുകൾ ഇല്ലാതെ പറ്റില്ല. ഈ സമയത്താണ് സ്വപ്നാടനം എന്ന തന്റെ ആദ്യ ചിത്രവുമായി കെജി ജോർജ് എത്തുന്നത്. മലയാളികൾ കണ്ടു പരിചയിച്ച സിനിമാ കാഴ്ചയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു ചിത്രം. പതിവ് കൊമേഷ്യൽ സിനിമയുടെ ചേരുവകളൊന്നുമില്ലാതെ എത്തിയ പക്കാ ന്യൂജൻ പടം. മലയാള സിനിമയെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് ചിത്രം വമ്പൻ വിജയമായി മാറി. സ്വപ്നാടനത്തിലൂടെ കെജി ജോർജ് തീർത്ത ആ വിപ്ലവമാണ് 80കളിലെ മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയെഴുതിയത്. 

22 വർഷമാണ് കെജി ജോർജ് എന്ന സംവിധായകൻ മലയാളത്തിൽ നിറഞ്ഞു നിന്നിരുന്നത്. 19 സിനിമകൾ സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. മനുഷ്യന്റെ മാനസികവ്യഥകളിലൂടെയായിരുന്നു എന്നും ജോര്‍ജ് സഞ്ചരിച്ചത്. അദ്ദേഹത്തിനായി പ്രത്യേക ജോണർ ഇല്ല, ഏത് വിഭാ​ഗത്തിൽ ചിത്രമെടുത്താലും അതിലെല്ലാം കെജി ജോർജ് സ്റ്റൈലുണ്ടായിരുന്നു. നായക സങ്കൽപ്പത്തിനൊപ്പം അദ്ദേഹം ഒരിക്കലും സഞ്ചരിച്ചില്ല. എന്നും അദ്ദേഹത്തിന്റെ നായകൻ തിരക്കഥ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സിനിമകൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത്. 

തിരുവല്ലയിൽ സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മേയ് 24നാണ് കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെജിഎസ്സിന്റെ ജനനം.  ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്സ് പൂർത്തിയാക്കി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സംവിധായക സഹായിയായി 1972ൽ മായ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. 

1974ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി. 1976ലാണ് സ്വപ്നാടനം പിറക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ രാജ്യാന്തര ശ്രദ്ധനേടാൻ അദ്ദേഹത്തിനായി. ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ‘സ്വപ്നാടനം’ നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. തുടർന്നങ്ങോട്ട് മലയാളി പ്രേക്ഷകർ പുതിയൊരു ദൃശ്യവിരുന്നിന് സാക്ഷിയാവുകയായിരുന്നു. 

യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കോലങ്ങൾ, മേള തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇവയിൽ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി.1990ൽ ഈ കണ്ണി കൂടി എന്ന ചിത്രത്തിനു ശേഷം കെജി ജോർജ് നീണ്ട ഇടവേളയെടുത്തു. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. അദ്ദേഹത്തിന്റെ അവസാനചിത്രവും ഇതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ