മികച്ച ഏഷ്യൻ നടനായി ടൊവിനോ തോമസ്, 2018ലൂടെ രാജ്യാന്തര പുരസ്‍കാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 03:40 PM  |  

Last Updated: 27th September 2023 03:40 PM  |   A+A-   |  

tovino_thomas

ടൊവിനോ തോമസ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

കേരളത്തിന്റെ പ്രളയകാലം പറഞ്ഞ 2018ലെ പ്രകടനത്തിലൂടെ നടൻ ടൊവിനോ തോമസിന് രാജ്യാന്തര പുരസ്കാരം. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ നേടിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയർത്തെഴുന്നേൽക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ മലയാളികൾ എന്താണ് ചെയ്തതെന്ന് പിന്നീട് ലോകം കണ്ടതാണ്. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇതെപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനു വേണ്ടിയാണ്.’- എന്ന കുറിപ്പിലാണ് ടൊവിനോ പുരസ്കാര സന്തോഷം പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

കൈയിൽ പുരസ്കാരം പിടിച്ചു നിൽക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായും ടൊവിനോ മാറി. നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'2018' ഓസ്കറിലേക്ക്; ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ