'മകന്‍ ജനിച്ചതിന് പിന്നാലെ വഴക്ക്, ഡിവോഴ്‌സിനായി വക്കീലിനെ വരെ കണ്ടു; ഒന്നിപ്പിച്ചത് പൂര്‍ണിമയും ഇന്ദ്രജിത്തും'

'പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടെ സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്'
priya mohan nihal
പൂര്‍ണിമയും ഇന്ദ്രജിത്തും, പ്രിയ മോഹനും നിഹാലുംഇൻസ്റ്റ​ഗ്രാം
Updated on

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ദമ്പതികളാണ് പ്രിയ മോഹനും നിഹാലും. സിനിമയിലും സീരിയലിലും സജീവമായിരുന്ന ഇവര്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് വ്‌ളോഗിങ്ങിലാണ്. ഒന്നിച്ചുള്ള യാത്രകളുടേയും മറ്റും വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ദാമ്പത്യബന്ധത്തിലുണ്ടായ വിള്ളലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

കുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായത്. വിവാഹമോചനത്തേക്കുറിച്ച് ചിന്തിച്ചെന്നും പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും ഇടപെടലാണ് ആ ചിന്തയില്‍ നിന്ന് മാറ്റിയതെന്നും ഇവര്‍ പറയുന്നു.

'മൂന്നു വർഷം മുമ്പ് ഞങ്ങൾക്കിടയിൽ വലിയ വഴക്ക് നടന്നു. മിഡ് ലൈഫ് ക്രൈസിസാണെന്ന് പറയാം. വക്കീലൻമാരെ വരെ കണ്ടു. എടുത്തു പറയാൻ ഒരു കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്ട്രേഷനും എടുത്ത് ചാ‌ട്ടവുമായിരുന്നു. അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടിയായിരിക്കും. മകൻ ജനിച്ച സമയത്തായിരുന്നു പ്രശ്നങ്ങൾ. പൂർണിമയും ഇന്ദ്രേട്ടനും ഞങ്ങളോടു അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവാഹമോചനത്തിൽ എത്തിയേനെ. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടെ സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്.'- നിഹാൽ പറഞ്ഞു.

കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ബന്ധങ്ങൾ എളുപ്പമാക്കില്ലെന്നും അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് ഇവർ പറയുന്നത്. ജോലി ഉപേക്ഷിച്ച് മകനെയും നോക്കി പ്രിയ വീട്ടിലിരുന്ന സമയത്താണ് കൂടുതൽ പ്രശ്നങ്ങളുണ്ടായത്. എന്നാൽ ബിസിനസിന്റെ കാര്യത്തിലേക്ക് ഇറങ്ങി പ്രിയ കുറേക്കൂടി തിരക്കുകളിലേക്ക് കടന്നതോടെ പ്രശ്നങ്ങൾ മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

‘കല്യാണം കഴിഞ്ഞ സമയത്ത് ഞാൻ സീരിയലിൽ അഭിനയിക്കുകയായിരുന്നു. ഞാൻ ആ തിരക്കുകളിലായിരുന്നു. മകൻ വന്നതിനു ശേഷം ഞാൻ മുഴുവൻ സമയവും വീട്ടിലായി. ഡെലിവറി കഴിഞ്ഞ സമയത്ത് കുറച്ച് വിഷാദാവസ്ഥ വരുമല്ലോ. ഹോർമോൺ വ്യതിയാനങ്ങളും മുഴുവൻ സമയവും കുഞ്ഞിനെ നോക്കലും ജോലിയില്ലാതെ വീട്ടിലിരിക്കാനും തുടങ്ങി ആ സമയത്താണ് ഞങ്ങൾ വഴക്കിട്ടത്. ബിസിനസിന്റെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങിയതോടെ അതിൽ തിരക്കായി. അതോടെ ജീവിതത്തിലും സന്തോഷം അനുഭവപ്പെടാൻ തുടങ്ങി. അതുകൊണ്ട്, ഏതെങ്കിലും ഒരു കാര്യത്തിൽ ഏർപ്പെട്ടിരിക്കുക എന്നത് വളരെ പ്രധാനമാണ്,’ ദമ്പതികൾ വ്യക്തമാക്കി.

നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ. അഭിനയത്തിലും സജീവമായിരുന്നു. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ പിള്ള. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com