'ശബ്ദം പോയ ശേഷം ഞാന്‍ പാട്ട് കേള്‍ക്കാതായി, മൈക്കിന് മുന്നില്‍ എനിക്ക് പാടാനാവില്ല': മിന്‍മിനി
പാട്ട് പാടുന്നില്ലെങ്കിലും താന്‍ ഇപ്പോഴും ജീവിക്കുന്നത് സംഗീതത്തിലാണെന്ന് ഗായിക മിന്‍മിനി. സംഗീതം ഇല്ലാത്ത ജീവിതത്തെക്കുറിച്ച് തനിക്ക് ഓര്‍ക്കാനാവില്ല. തന്റെ ഓരോ ദിവസവും സംഗീതം കൊണ്ട് നിറഞ്ഞതാണെന്നും മിന്‍മിനി പറഞ്ഞു. ശബ്ദം പോയി എന്നതു മാത്രമല്ല തനിക്ക് മൈക്കിന് മുന്നില്‍ പാടാന്‍ പ്രയാസമാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സാസാരിക്കുകയായിരുന്നു മിന്‍മിനി.
'ഒരു സമയത്ത് പാട്ടുകേള്‍ക്കുന്നത് ഞാന്‍ നിര്‍ത്തിയിരുന്നു. പാട്ടു കേള്‍മ്പോള്‍ ഭയങ്കര വിഷമമായിരുന്നു. മനസിലേക്ക് വിഷമങ്ങള്‍ തന്നെ വന്നുകൊണ്ടിരിക്കും. പഴയ ഓര്‍മകളിലേക്കാണ് പാട്ടുകള്‍ എന്നെ കൊണ്ടുപോകാറുള്ളത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പാട്ടുകള്‍ കേള്‍ക്കാതിരുന്നത്. മറ്റ് ഗായകരുടെ പാട്ടുകള്‍ ഞാന്‍ സ്റ്റേജുകളില്‍ പാടുമായിരുന്നു. ആ പാട്ടുകളും എന്നെ വിഷമത്തിലാക്കി. ഞാന്‍ എന്റെ മക്കള്‍ക്കൊപ്പം സന്തോഷിച്ചിരിക്കേണ്ട സമയം ഒരു മുറിക്കുള്ളില്‍ പാട്ട് കേട്ട് വിഷമിച്ചിരിക്കാന്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്റെ മക്കളുടെ കൂടെ ജീവിച്ചു. മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതുമായിരുന്നു എന്റെ സന്തോഷം. ചെടികളുടെ കാര്യങ്ങള്‍ നോക്കും. ഒരു വീട്ടമ്മ എന്ന നിലയിലുള്ള എല്ലാ കാര്യങ്ങളും ചെയ്യും. അതാണ് ഞാന്‍. പാട്ടുകാരി എന്നത് സ്റ്റുഡിയോയുടെ ഉള്ളിലല്ലേ. ഭയങ്കര തിരക്കുപിടിച്ച് പാട്ടുപാടി നടന്നിരുന്നെങ്കിൽ മക്കളെ ഇത്ര നന്നായി നോക്കാന്‍ സാധിക്കില്ലായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.'
'ശബ്ദം പോയ ശേഷം റഹ്മാന്‍ എന്നെ വീണ്ടും പാട്ടുപാടിക്കാന്‍ ശ്രമിച്ചു. ഞാന്‍ അതിന് തയ്യാറായിരുന്നില്ല. പക്ഷേ അദ്ദേഹം നിര്‍ബന്ധിച്ചു. ഭാരതിരാജ സാറിന്റെ സിനിമയില്‍ പച്ചൈ കിളി പാടും എന്ന പാട്ടാണ് പാടിച്ചത്. ഒരുകണക്കിനാണ് ഞാന്‍ ആ വരികള്‍ പാടിയത്. റഹ്മാന്റെ കഴിവും ടെക്‌നോളജിയും ഉപയോഗിച്ചാണ് അതൊരു പാട്ടാക്കി മാറ്റിയത്. ആ പാട്ട് നന്നായി പാടാന്‍ പറ്റിയില്ല എന്നതില്‍ എനിക്ക് വേദനയുണ്ട്. ശബ്ദം പോയതിനു ശേഷം സംഗീത രംഗത്തു നിന്ന് ആരും എന്നെ പാട്ടുപാടാന്‍ വിളിച്ചിട്ടില്ല. എല്ലാവര്‍ക്കും എന്നോട് വലിയ സ്‌നേഹമായിരുന്നു. അവര്‍ക്കെല്ലാം എന്നെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കാം.'
'ശബ്ദം പോയപ്പോള്‍ എന്റെ കുടുംബം ഒന്നാകെ പിന്തുണച്ചു. വിവാഹത്തിന് മുന്‍പാണ് ശബ്ദം നഷ്ടപ്പെടുന്നത്. എന്റെ ചികിത്സ ചെന്നൈയിലായിരുന്നു. ആ സമയത്ത് എന്നെ നോക്കിയത് ഗായകന്‍ മനോയും ഭാര്യയുമാണ്. സ്വന്തം കുഞ്ഞിനെ പോലെയാണ് അവര്‍ എന്നെ നോക്കിയത്. ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനേയും ഗ്യാസ്‌ട്രോഎന്‍ട്രോളജസ്റ്റിനേയുമെല്ലാം കണ്ടു. നിരവധി ടെസ്റ്റുകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. എന്റെ ശബ്ദം പോയി എന്നതുമാത്രമല്ല, മൈക്കിന് മുന്നില്‍ എനിക്ക് പാടാന്‍ കഴിയില്ല.'
'എന്റെ ജീവിതം സംഗീതംകൊണ്ട് നിറഞ്ഞതാണ്. എന്റെ ഭര്‍ത്താവും കുട്ടികളുമെല്ലാം സംഗീതജ്ഞരാണ്. ഞങ്ങള്‍ സംസാരിക്കുന്നതും സംഗീതമാണ്. ഞങ്ങള്‍ക്ക് കൊച്ചിയില്‍ ഒരു മ്യൂസിക് അക്കാഡമിയുണ്ട്. മുന്‍പ് പാടിയിരുന്നതുപോലെ പാട്ടുപാടാന്‍ എനിക്കാവില്ല. മുന്‍പ് സ്റ്റേജില്‍ 15-16 ഗാനങ്ങള്‍ പാടിയിരുന്നെങ്കില്‍ ഇപ്പോള്‍ നാലോ അഞ്ചോ പാട്ടുപാടും.'-മിന്‍മിനി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക