![shobana](http://media.assettype.com/samakalikamalayalam%2F2024-12-28%2F8zwljjf3%2Fshobana.jpg?w=480&auto=format%2Ccompress&fit=max)
കാരവൻ തനിക്ക് ശല്യമായാണ് തോന്നിയിട്ടുള്ളതെന്ന് നടി ശോഭന. സ്ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നു പോകുന്ന ഫീലാണ് കാരവനിൽ കയറി ഇരിക്കുമ്പോൾ ഉള്ളത്. തനിക്ക് താൽപ്പര്യം ഇല്ലെങ്കിലും കരവനിൽ കയറി ഇരിക്കാൻ തന്നോട് പറയുമെന്നും ശോഭന കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
'എനിക്ക് കാരവൻ താല്പര്യമില്ല. ഞാൻ വേണ്ടെന്നു പറഞ്ഞാലും എന്നോടു കാരവനിൽ കയറി ഇരിക്കാൻ പറയും. പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്നു പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടു പോയി തിരിച്ചു വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നത്. ഞാൻ മാത്രമല്ല എന്റെ തലമുറയിൽപ്പെട്ട ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികൾ അറിഞ്ഞു പെരുമാറുന്നവരായിരുന്നു.'- ശോഭന പറഞ്ഞു.
'കാരവൻ ഒരു ശല്യമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. അതിൽ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള കണക്ഷൻ കാരവൻ കളയുന്നു എന്നതല്ല. മൊത്തം സ്ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നു പോകുന്ന ഫീലാണ്. ഉദാഹരണത്തിന് ഒരു തറവാട്ടിലാണ് ഷൂട്ട് എന്നു കരുതൂ. അവിടെ സെറ്റിൽ തന്നെ ഇരിക്കുമ്പോൾ ആ ഇടവുമായി നമ്മൾ കണക്ട് ആകും. മറ്റ് ആർടിസ്റ്റുകൾ അഭിനയിക്കുന്നത് കാണാൻ കഴിയും. അങ്ങനെ ആ സ്ക്രിപ്റ്റിനെ ഉൾക്കൊള്ളാൻ കഴിയും. കാരവൻ വന്നപ്പോൾ ഇത്തരം കാര്യങ്ങൾ കട്ട് ആകുന്ന പോലെ. അതിൽ കയറി ഇരിക്കുമ്പോൾ നാം വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. കുറച്ചു നേരം സോഷ്യൽ മീഡിയ നോക്കും. വേറെ എന്തെങ്കിലും ചെയ്യും. അതുകൊണ്ട്, കാലാവസ്ഥ നല്ലതാണെങ്കിൽ ഞാൻ കാരവൻ വേണ്ടെന്നു പറയും. സെറ്റിലെ ഏതെങ്കിലും മുറിയിൽ ഇരുന്നോളാം എന്നു പറയും.'- താരം കൂട്ടിച്ചേർത്തു.
കാരവൻ വച്ചാണ് ഇപ്പോൾ ആർട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്നത് എന്നാണ് ശോഭന പറയുന്നത്. 'കൽക്കി സിനിമയിൽ ബച്ചൻ സർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നതു കാണാം. ഇടയ്ക്കിടെ എഴുന്നേൽക്കും. പിന്നെ ഇരിക്കും. അദ്ദേഹത്തിന് മാത്രമായി അഞ്ചു ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവൻ അവിടെയുണ്ട്. അദ്ദേഹം പക്ഷേ, അതിനുള്ളിൽ പോകില്ല. കാരണം, അത് ഒട്ടും സുഖപ്രദമല്ല. ഇപ്പോൾ കാരവൻ വച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത് എന്നു തോന്നുന്നു. ഞാനിപ്പോൾ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു ബിഗ് ബജറ്റ് പ്രോജക്ട് ആണ്. അവർ ചോദിച്ചു, എന്റെ കൂടെ എത്ര പേർ കാണുമെന്ന്! ഞാൻ പറഞ്ഞു, ആരും ഉണ്ടാകില്ല എന്ന്. അവർ ഞെട്ടിപ്പോയി. പലരും ആർടിസ്റ്റിനെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ്.'- ശോഭന പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക