

എംപുരാന്റെ വിജയത്തിന് ശേഷം മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയങ്കരിയായ ശോഭനയാണ് നായികയായെത്തുന്നത്. കെ ആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. എം രഞ്ജിത്താണ് തുടരും നിർമിക്കുന്നത്. ടാക്സി ഡ്രൈവറായ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമൊക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പഴയ ലാലേട്ടൻ തിരിച്ചെത്തി എന്ന തരത്തിലും ആരാധകർക്കിടയിൽ ചർച്ചകളുയർന്നു. മോഹൻലാലിനെക്കുറിച്ചും ഷൺമുഖം എന്ന കഥാപാത്രത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് തരുൺ മൂർത്തിയിപ്പോൾ.
പഴയ ലാലേട്ടനെ തിരികെ കൊണ്ടുവരണമെന്ന ചിന്തയോടെയാണോ ഷൺമുഖം എന്ന കഥാപാത്രത്തെ ഡവലപ് ചെയ്തത് എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു തരുൺ മൂർത്തിയുടെ മറുപടി. "തുടരും അങ്ങനെയൊരു സിനിമ അല്ലെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് അദ്ദേഹം പറഞ്ഞു. ഷൺമുഖം സ്നേഹനിധിയായ ഒരു കുടുംബനാഥനാണ്. ട്രെയ്‌ലർ കാണുമ്പോൾ ലാലേട്ടൻ മുൻപ് ചെയ്തിട്ടുള്ള വേഷങ്ങളൊക്കെ ചിലപ്പോൾ പ്രേക്ഷകർക്ക് ഓർമ വന്നേക്കാം.
പക്ഷേ ഞങ്ങൾ മനപൂർവം അതിനായി ഒന്നും പുനഃസൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. മോഹൻലാലിന്റെ എനിക്കിഷ്ടപ്പെട്ട ചില മാനറിസങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ പോലും അദ്ദേഹം പറഞ്ഞു, "അതൊക്കെ കഴിഞ്ഞതല്ലെ മോനേ... നമുക്കു പുതിയത് എന്തേലും ട്രൈ ചെയ്‌താലോ?" എന്ന്. പുതിയത് എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടെന്ന് അതോടെ എനിക്ക് മനസിലായി.
അടുത്ത കാലത്തായി നമ്മൾ അദ്ദേഹത്തിലെ താരത്തെ ആഘോഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ നമ്മൾ മറന്നു തുടങ്ങി. അദ്ദേഹം ഇപ്പോഴും ഇവിടെയുണ്ടെന്ന് പ്രേക്ഷകരെ ഓർമിപ്പിക്കാനുള്ള എന്റെ ശ്രമമാണ് തുടരും".- തരുൺ മൂർത്തി പറഞ്ഞു.
തന്റെയുള്ളിലെ ഫാൻബോയ് ഇപ്പോഴും ആവേശത്തിലാണെന്നും തരുൺ കൂട്ടിച്ചേർത്തു. "ഷൺമുഖത്തിന്, മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിലേക്ക് മാറാനുള്ള സാധ്യതയും തുടരും ചിത്രത്തിലുണ്ടായിരുന്നു. എന്റെ ഈ ആശങ്കയെക്കുറിച്ച് രഞ്ജിത്തേട്ടനോട് (നിർമാതാവ് രഞ്ജിത്ത്) ഞാൻ സംസാരിച്ചു. എന്റെ സിനിമകളിൽ ഞാൻ സൃഷ്ടിക്കുന്ന ലോകം കണ്ടിട്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ആ സമീപനം മാറ്റണമെന്ന് അദ്ദേഹമോ ലാലേട്ടനോ ആഗ്രഹിച്ചില്ല. എന്റെ ലോകത്തേക്ക് മോഹൻലാലിനെ കൊണ്ടുവരാനാണ് അവർ ആഗ്രഹിച്ചത്. പലപ്പോഴും സംഭവിക്കുന്നത് സിനിമാ നിർമാതാക്കൾ അവരുടെ കാര്യങ്ങൾ മറന്ന് അദ്ദേഹത്തിന് വേണ്ടി ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ശ്രമിക്കുക എന്നതാണ്. അത് തിരിച്ചടിയായി മാറിയേക്കാം".- തരുൺ മൂർത്തി വ്യക്തമാക്കി.
"ഇങ്ങനെയൊരു പ്രൊജക്ടിനായി എന്നെ സമീപിച്ചപ്പോൾ, അത് മോഹൻലാലിന്റെ കൂടെയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെ ആവേശമായിരുന്നു. പക്ഷേ, ഒരു മോഹൻലാൽ സിനിമ ആയതു കൊണ്ട് മാത്രം അതിൽ പങ്കാളിയാകരുത് എന്ന് എനിക്കുണ്ടായിരുന്നു. ഒരു ഫിലിംമേക്കർ എന്ന നിലയിൽ എനിക്ക് താല്പ്പര്യമുള്ള എന്തെങ്കിലും അതിൽ ഉണ്ടായിരിക്കണം.
ഭാഗ്യവശാൽ, അദ്ദേഹത്തിന്റെ ജീവിതവും ആ കഥാപാത്രം എന്താണെന്നുമൊക്കെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എനിക്ക് മനസ്സിലായി. സൂപ്പർ സ്റ്റാറിന്റെ യാതൊരു പ്രഭാവലയമില്ലാതെ ഒരു സാധാരണക്കാരനായി ആ നടനെ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണ്.
ഞാൻ മുൻപ് ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ ഷൺമുഖവും എല്ലാത്തരം വികാരങ്ങളും സംഘർഷങ്ങളുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹത്തിന്റെ ജീവിതവും സാഹചര്യങ്ങളുമൊക്കെ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ കഴിയും".- തരുൺ മൂർത്തി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates