
ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയാഘോഷം ഇന്ന് നടന്നിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. "സാധാരണ കാണാറുള്ള ഒരു ഹീറോയല്ല ഡൊമിനിക്കിലുള്ളത്.
പിരിച്ചുവിടപ്പെട്ട ഒരു പൊലീസുകാരനാണ്. അയാൾക്ക് അതിന്റേതായ ബുദ്ധിമുട്ടും ഫാമിലി പ്രശ്നങ്ങളുമൊക്കെയുണ്ട്. പിന്നെ അയാളൊരു ഡയബറ്റിക് രോഗിയാണ്. എല്ലാ ഹീറോയ്ക്കും ഗുസ്തിയൊന്നും ചെയ്യാൻ ആകില്ലല്ലോ. ഡൊമിനിക് അങ്ങനെയൊരു ഗുസ്തിക്കാരനൊന്നുമല്ല. ജീവൻ രക്ഷാർഥമുള്ള ഫൈറ്റുകൾ മാത്രമേ അയാൾക്കുള്ളൂ.
അതുകൊണ്ടാണ് ഇതിലെ ഫൈറ്റുകളൊക്കെ വളരെ ക്രിസ്പ് ആയത്. ഡൊമിനിക് വളരെ റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രമാണ്. ഗൗതം സാർ പറഞ്ഞിരുന്നു നമുക്ക് വേണമെങ്കിൽ ഫൈറ്റൊക്കെ കുറച്ചു കൂടി ആക്കാം, സ്വാഗ് കൊണ്ടുവരാമെന്നൊക്കെ. ഞാൻ പറഞ്ഞു, അതു വേണ്ടല്ലോ നമ്മൾ സ്വാഗ് ഒരുപാട് കണ്ടതല്ലേ എന്ന്. അതൊരു വ്യത്യസ്തമായ കഥാപാത്രമായിക്കോട്ടെ എന്ന്.
ഒരു സാധാരണ മനുഷ്യനായിക്കോട്ടെ, ഒരു സാധാരണക്കാരൻ ചെയ്യുന്നതൊക്കെ ചെയ്യുന്നതായിക്കോട്ടെ എന്ന് വിചാരിച്ചാണ് ആ കഥാപാത്രത്തെ അങ്ങനെ ആക്കിയത്. അത് സ്വീകരിക്കപ്പെടുക എന്ന് പറയുന്നത് വലിയ കാര്യമാണ്".- മമ്മൂട്ടി പറഞ്ഞു. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിനീത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക