
മക്കളായ പ്രണവ്, വിസ്മയ എന്നിവരുടെ താല്പര്യങ്ങളെക്കുറിച്ച് പറഞ്ഞ് നടൻ മോഹൻലാൽ. മന്ത്രി സജി ചെറിയാനുമായി നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ കുടുംബത്തെ കുറിച്ച് സംസാരിച്ചത്. മകള്‍ വിസ്മയക്ക് കായികരംഗത്തോടാണ് താല്പര്യമെന്നും മകന്‍ പ്രണവിന് സാഹിത്യവും സംഗീതവുമാണ് കൂടുതല്‍ ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'കുടുംബ വിശേഷത്തിലേക്ക് പോകാം അല്ലേ. ഭാര്യ, മക്കൾ ഇവരൊക്കെ എന്ത് ചെയ്യുന്നു' എന്ന മന്ത്രിയുടെ ചോദ്യത്തിനാണ് മോഹൻലാൽ മറുപടി പറഞ്ഞത്. "മകൾ തായ്‌ലൻഡിലാണ്. അവൾ കുറച്ച് സ്പോർട്സ് ബെയ്സ്ഡ് ആയിട്ടുള്ള കുട്ടിയാണ്. മൊയ്തായ് എന്നൊരു മാർഷ്യൽ ആർട്സ് പഠിച്ചു കൊണ്ടിരിക്കുകയാണ്. മകൻ ചുരുക്കം സിനിമകളിൽ അഭിനയിക്കുന്ന ആളാണ്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു.
കൂടുതലും അയാളൊരുപാട് യാത്രകൾ ചെയ്യുന്നുണ്ട്. സംഗീതത്തിലും എഴുത്തിലുമാണ് താല്പര്യം. മദ്രാസിലാണ് താമസിക്കുന്നത്. കേരളത്തിൽ വരും, ഇവിടെ എറണാകുളത്താണ് താമസം. ഇടയ്ക്ക് ദുബായിൽ ഞങ്ങൾ താമസിക്കാറുണ്ട്. സിനിമ അഭിനയം എന്നുള്ളതല്ല, അവർക്ക് കൂടുതലും സാഹിത്യം, കവിത, മ്യൂസിക് അങ്ങനെയുള്ള കാര്യങ്ങളിലാണ് താല്പര്യം". - മോഹൻലാൽ പറഞ്ഞു.
തിരശീലയ്ക്ക് പിന്നിൽ നിൽക്കാനാണോ കൂടുതൽ താല്പര്യമെന്ന ചോദ്യത്തിനും മോഹൻലാൽ മറുപടി പറഞ്ഞു. "ഡിസ്അപ്പിയറിങ് ആക്ട് എന്നാണ് അതിനെ പറയുന്നത്. ആക്ഷന്റെയും കട്ടിനുമിടയിലാണ് സിനിമയിൽ. നാടകവും ബാക്കിയുള്ള പെർഫോമൻസുകളുമൊക്കെ വേറെയാണ്. സിനിമയിൽ വളരെ കുറച്ച് സമയം മാത്രമേയുള്ളൂ ആക്ടർ. ബാക്കി സമയം മോഹൻലാൽ ആയി തന്നെയാണ്.
വേറെയൊരു കഥാപാത്രമായി മാറുന്നത് എന്നെ സംബന്ധിച്ചൊരു മെഡിറ്റേഷനാകാം, അല്ലെങ്കിലൊരു ഡിസ്അപ്പിയറിങ് ആക്ട് എന്നു വേണമെങ്കിൽ പറയാം. മോഹൻലാൽ എന്നു പറയുന്ന ആളെ മാറ്റിനിർത്തിയിട്ട്, വേറെയൊരാളായി മാറി നമ്മൾ തിരിച്ചു പോകുന്നു. അങ്ങ് പറഞ്ഞതുപോലെ ഞാൻ കർട്ടന് പിറകിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതൊരു ഷൈ ആയിട്ടുള്ള കാര്യമില്ല.
അങ്ങനെയാണ് അതിന്റെ സ്വഭാവം, ആദ്യം മുതലേ അങ്ങനെയാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്നത്. അത് എങ്ങനെ എന്ന് ചോദിച്ചാൽ അതെനിക്ക് പറയാനറിയില്ല. അത് ദൈവികമായ ഒരനുഗ്രഹമായാണ് ഞാൻ കാണുന്നത്".- മോഹൻലാൽ പറഞ്ഞു.
ചെങ്ങന്നൂരില്‍ വെച്ച് നടക്കുന്ന കുടുംബശ്രീയുടെ സരസ് മേളയുടെ ഉദ്ഘാടകനായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാലും മന്ത്രിയും ചേര്‍ന്നുള്ള അഭിമുഖം നടന്നത്. മോഹന്‍ലാലിന്റെ കരിയറും ജീവിതവുമായി ബന്ധപ്പെട്ട ഈ സംഭാഷണം സജി ചെറിയാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക