

പകുതി എത്തി നിൽക്കുന്ന പ്രണയവും പണി തീരാത്ത ഒരു വീടും, ഒരു മലയാളി മിഡിൽ ക്ലാസുകാരന്റെ ജീവിതത്തിലൂടെ കുറേയേറെ യാഥാർഥ്യങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് യുവ സംവിധായകൻ വിഷ്ണു ജി രാഘവ് തന്റെ 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' എന്ന വെബ് സീരിസിലൂടെ. നീരജ് മാധവ് (വിനോദ്), അജു വർഗീസ് (പപ്പൻ), ഗൗരി (ഗൗരി കിഷൻ) തുടങ്ങിയവരാണ് സീരിസിൽ പ്രധാനവേഷങ്ങളിലെത്തിയത്.
വലിയ ബഹളമോ കോലാഹലങ്ങളോ ഒന്നുമില്ലാതെ ഏതൊരു മിഡിൽ ക്ലാസ് മലയാളിക്കും കണക്ട് ചെയ്യാൻ കഴിയുന്ന ഒരു വിഷയം ലളിതമായി പറഞ്ഞു വയ്ക്കുന്നതിൽ നൂറ് ശതമാനവും വിഷ്ണു വിജയിച്ചിട്ടുണ്ട് എന്ന് പറയാം. വീട്- വിവാഹം എന്നീ കാര്യങ്ങളിലുള്ള മലയാളികളുടെ പരമ്പരാഗത ചിന്താഗതി തന്നെയാണ് സീരിസിന്റെ പ്രധാന പ്രമേയം.
പ്രണയം, റിലേഷൻഷിപ്പ്, പാരന്റിങ്, സ്ത്രീ- പുരുഷബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള മാറിയ കാലത്തിന്റെ പ്രോഗസീവ് ചിന്തകളെ വളരെ ജെനുവിനായി കൈകാര്യം ചെയ്യാനും വിഷ്ണുവിനായി. ലവ് അണ്ടർ കൺസ്ട്രക്ഷന്റെ വിശേഷങ്ങളുമായി സംവിധായകൻ വിഷ്ണു രാഘവ് സമകാലിക മലയാളത്തിനൊപ്പം.
നമ്മൾ കണ്ടു പരിചയിച്ച മുഖങ്ങളിലൂടെയും റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങളിലൂടെയുമാണ് സീരിസ് സഞ്ചരിക്കുന്നത്. വളരെ സിംപിളായിട്ട് എങ്ങനെയാണ് ഇത്തരം വിഷയങ്ങൾ അവതരിപ്പിച്ചത്?
ഒരു റോംകോം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ലൈറ്റ് സബ്ജക്ട് ചെയ്യണമെന്ന് തന്നെയാണ് ആലോചിച്ചതും. പിന്നെ ഇതൊക്കെ എന്റെ ചുറ്റും നടന്നിട്ടുള്ള ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ്. രണ്ട് പേര് ദുബായിൽ വച്ച് കാണുന്നതും, കാനഡയിൽ പോകാൻ വേണ്ടി കല്യാണം കഴിച്ച എന്റെ രണ്ട് സുഹൃത്തുക്കളുടെ രജിസ്റ്റർ ഓഫിസിലെ കൺഫ്യൂഷനുകളും, കല്യാണവും വീടുപണിയും നടക്കാൻ പോകുന്ന സമയത്ത് ദുബായിലെ ജോലി പോയ സുഹൃത്തുമൊക്കെ എന്റെ സൗഹൃദവലയത്തിൽ ഉണ്ട്.
ഇത് കണക്ട് ചെയ്താൽ പഴയൊരു 'വരവേൽപ്പ്', 'മിഥുനം' പോലെയുള്ള സിനിമകളുടെ ഫ്ലേവർ പിടിക്കാമെന്നു കരുതി. ഇങ്ങനെയുള്ള കുറേ സിനിമകൾ കാണുകയും അതേക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതുപോലെയുള്ള സിനിമകൾ ഇപ്പോൾ ഇല്ലല്ലോ എന്ന് ഞങ്ങൾ പറഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിൽ നടന്ന രണ്ട് സംഭവങ്ങളും കൂടി കണക്ട് ചെയ്താലോ എന്നാലോചിക്കുന്നത്. അങ്ങനെയൊരു സാധ്യത കണ്ടതോടെയാണ് പിന്നെ ഈ പൊളിറ്റിക്സ് മാറ്റി പറയാലോ എന്ന് വിചാരിച്ചത്. അങ്ങനെയാണ് ലവ് അണ്ടർ കൺസ്ട്രക്ഷനിലേക്കെത്തുന്നത്.
പണി തീരാത്ത വീട് ഈ സീരിസിലെ ഒരു പ്രധാന കഥാപാത്രമാണല്ലോ? ആ ഐഡിയയ്ക്ക് പിന്നിൽ
'മിഥുനത്തി'ലെ ദാക്ഷായണി ബിസ്കറ്റ്സിന് പകരം നമുക്ക് കണക്ട് ആകുന്ന എന്താണെന്ന് ആലോചിച്ചപ്പോഴാണ് വീട് എന്ന ഇമോഷനിലേക്ക് വരുന്നത്. കാരണം ഒരു വീട് വയ്ക്കുന്നു എന്ന് പറയുമ്പോൾ തന്നെ പകുതി കാര്യങ്ങളും അവിടെ വ്യക്തമാണ്. എല്ലാവർക്കും അത് പെട്ടെന്ന് മനസിലാവുകയും ചെയ്യും. മറ്റ് ഭാഷകാർക്ക് നമുക്ക് കിട്ടുന്നതുപോലെ ആ ഇമോഷൻ കറക്ടായി കിട്ടണമെന്നില്ലെങ്കിലും വീട് തന്നെ തീരുമാനിക്കുകയായിരുന്നു.
പ്രണയത്തിലെ ബൗണ്ടറികളെ കുറിച്ചും റെഡ് ഫ്ളാഗുകളെ കുറിച്ചുമൊക്കെ കൃത്യമായ ധാരണകളുള്ള, വളരെ പ്രോഗ്രസീവായ നായികമാരാണ് സീരിസിലുള്ളത്. അത് ബോധപൂർവം ചെയ്തതായിരുന്നോ?
കുറച്ച് ഫെമിനിസം പറഞ്ഞു കളയാമെന്ന തരത്തിൽ ബോധപൂർവം ഈ സീരിസിൽ ഒന്നും ചെയ്തിട്ടില്ല. വ്യക്തിപരമായി ഗൗരി ഒരു നിലപാട് എടുക്കുന്നതിനോടാണ് എനിക്കും താല്പര്യം. പപ്പന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടിക്കും ഇത്തരം കാഴ്ചപ്പാടുള്ളത് വ്യക്തിപരമായി എനിക്ക് സന്തോഷമാണ്. ബോധപൂർവം നമ്മൾ ഒന്നും കഥയിൽ ഉൾപ്പെടുത്തിയിട്ടില്ല, ആ കഥാപാത്രങ്ങൾക്ക് ഒരു നിലപാട് ഉണ്ടാകണമെന്നേ ഉണ്ടായിരുന്നുള്ളൂ. നിലപാട് എടുക്കുന്നവരെ നോർമലൈസ് ചെയ്യണമെന്ന് ആഗ്രഹമുള്ളയാളാണ് ഞാൻ.
പൊളിറ്റിക്കൽ കറക്ടനെസും ഫെമിനിസവുമൊക്കെ വളരെ തമാശയായി കൈകാര്യം ചെയ്യുന്നവരുണ്ട് നമ്മുടെയിടയിൽ. സിനിമകളിലും അങ്ങനെ കാണാറുണ്ട്. അവിടെയാണ് പൊളിറ്റിക്കലി കറക്ടായി നിന്നു കൊണ്ട് കഥ പറയുന്നത്. അതേക്കുറിച്ച് ഒന്ന് പറയാമോ?
പൊളിറ്റിക്കൽ കറക്ടെനസ് പോലെയുള്ള കാര്യങ്ങളിൽ നമ്മളൊരുപാട് ബഹളം വച്ചിട്ടൊന്നും കാര്യമില്ല. അത് അതിന്റേതായ രീതിയിൽ സമയമെടുത്ത് മാറിക്കോളും എന്നാണ് എന്റെ പക്ഷം. പണ്ടത്തെ സിനിമകളിലെ ഇത്തരം കാര്യങ്ങളൊക്കെ കണ്ട് നമ്മളും ചിരിച്ചിട്ടുണ്ടാകില്ലേ. ഇന്ന് തെറ്റാണെന്ന് പറയുന്ന ഭൂരിഭാഗം ആളുകളും അന്ന് അത് തെറ്റായിരുന്നുവെന്ന് മനസിലാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ 'ഫെമിനിച്ചി' എന്ന വാക്ക് അധികം കേൾക്കുന്നില്ലല്ലോ.
നമ്മളൊരുപാട് ബഹളമുണ്ടാക്കിയിട്ട് മാറിയ കാര്യമല്ല അത്, അതൊരു തിരിച്ചറിവിന്റെ ഭാഗമാണ്. അത് എപ്പോഴൊക്കെയോ പറഞ്ഞിരുന്നവർ തന്നെ മാറി ചിന്തിക്കുന്നതു കൂടിയാകാം. അതിന് സമയം കൊടുത്താൽ മതി. എന്റെ വീട്ടിൽ തന്നെ പല മാറ്റങ്ങളും ഞാൻ കാണുന്നുണ്ട്, എന്നിൽ മാറ്റങ്ങൾ കാണുന്നുണ്ട് അതുപോലെ എന്റെ സുഹൃത്തുക്കളിൽ മാറ്റങ്ങൾ കാണുന്നുണ്ട്, ഇനിയും ഞാനൊരുപാട് മാറാനുണ്ട്. അത് സമയമെടുത്ത് മാറുമെന്നാണ് എനിക്ക് തോന്നുന്നത്.
പഴയ സിനിമകളുടെ കാര്യമെടുത്താൽ, അങ്ങനെയല്ല ചിന്തിക്കേണ്ടിയിരുന്നത് എന്ന് അവർ മനസിലാക്കിയിരുന്നില്ല എന്നേ പറയാൻ പറ്റൂ. എന്നുവച്ച് അവരെല്ലാവരും തെറ്റുകാരണെന്ന് പറയാൻ പറ്റില്ല. സ്ത്രീപക്ഷം പിടിക്കുന്ന ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ മതം, ജാതി തുടങ്ങിയ വിഷയങ്ങളിൽ വളരെ ബോറായിരിക്കും ചിലപ്പോൾ. 'ഫെമിനിസം' എന്ന് പറയുന്നവരെ കൊണ്ട് വീണ്ടും 'ഫെമിനിച്ചി' എന്ന് പറയിപ്പിക്കാതിരുന്നാൽ മതി.
'തന്ത വൈബ്' അല്ലെങ്കിൽ 'വസന്തം' എന്നൊക്കെ വിളിക്കപ്പെടുന്നവരുടെ പ്രതിനിധിയാണ് അജു വർഗീസിന്റെ പപ്പൻ ആദ്യമൊക്കെ. പിന്നീട് അയാളൊരുപാട് മാറുന്നുണ്ട്. മാത്രവുമല്ല ആ കഥാപാത്രത്തിന് ഒരു ഫാൻബേസ് കൂടി ഉണ്ടായിവരുന്നുണ്ടല്ലോ ഇപ്പോൾ.
മാറ്റത്തിന്റെ പ്രതീകമാണ് പപ്പൻ. 'ഫെമിനിസം' എന്ന് പറയുന്നത് എന്തോ ഒരു അക്രമണെന്ന രീതിയിൽ കാണുമ്പോഴാണ് ആളുകളവിടെ റിബൽ ആകുന്നതും പ്രതിരോധിക്കുന്നതുമൊക്കെ. എല്ലാ സ്ത്രീകളും പപ്പന്റെ കാഴ്ചപ്പാടിലുള്ളവരല്ല എന്ന് തോന്നി തുടങ്ങുമ്പോഴാണ് അയാൾ സ്വീകാര്യനായി മാറുന്നത്. അത്തരം മാറ്റങ്ങളുടെ പ്രതീകമാണ് പപ്പൻ. നമ്മൾ ബോധപൂർവം അയാളെ അങ്ങനെ ആക്കിയതുമല്ല. പപ്പൻ വിചാരിച്ചപ്പോലെയുള്ള ഒരു കുട്ടി അല്ല ഗൗരി.
'ലിസിയെ ഇഷ്ടപ്പെട്ടു കഴിയുമ്പോൾ പപ്പന് അറിയാം, തന്റെ സങ്കൽപ്പത്തിലുള്ള പെൺകുട്ടിയേ അല്ല അവളെന്ന്. പക്ഷേ ഇഷ്ടം തോന്നിപ്പോയി, എന്ത് ചെയ്യാൻ പറ്റും'. പപ്പനിലുണ്ടാകുന്ന മാറ്റത്തിന് കാരണം ലിസി തന്നെയാണ്. പപ്പന്റെ ജീവിതത്തിലേക്ക് ഗൗരി കടന്നുവരുന്നതും വലിയൊരു മാറ്റത്തിന് കാരണമാണ്. ഒരു അനിയത്തിയെപ്പോലെ പപ്പൻ കണ്ടു തുടങ്ങുന്ന ആളാണ് ഗൗരി.
പപ്പനായി അജുവിന്റെ പേര് ആദ്യം മനസിലുണ്ടായിരുന്നെങ്കിലും ഞാനത് പറഞ്ഞിരുന്നില്ല. കാരണം അജു വീണ്ടും ഹ്യൂമറിലേക്ക് തിരിച്ച് വരുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നില്ല. പിന്നെ സൈഡ് കാരക്ടേഴ്സ് നന്നായി വരുമ്പോൾ അത് എല്ലാവർക്കും ഇഷ്ടപ്പെടും. ഇതിപ്പോൾ സൈഡ് കാരക്ടർ മെയിൻ കാരക്ടറായി മാറുന്നതിന്റെ സന്തോഷവും കൗതുകവുമുണ്ട് നമുക്കെല്ലാവർക്കും. അതുപോലെ വെബ് സീരിസ് എന്ന ചിന്തയിലേക്ക് വന്നപ്പോഴാണ് നീരജിനെ കാസ്റ്റ് ചെയ്യാമെന്ന് വിചാരിക്കുന്നത്.
ഇതിൽ വിനോദും (നീരജ്) ഗൗരി (ഗൗരി കിഷൻ)യും ഫിസിക്കലി ഇന്റിമേറ്റ് ആയതിന് ശേഷമാണ് തമ്മിൽ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത് പോലും. അത്തരം കാര്യങ്ങളൊക്കെ നമ്മൾ ബോധപൂർവം കൊണ്ടുവന്നതാണ്. എല്ലാവരും ഇന്നിപ്പോൾ അങ്ങനെയൊക്കെ തന്നെയല്ലേ. വ്യക്തിപരമായി എനിക്ക് വിനോദിനെയും പപ്പനേയും ഇഷ്ടമാണ്.
സീരിയസായ ഒരുപാട് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് സീരിസിൽ. അതുകൊണ്ട് തന്നെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? എന്തെങ്കിലും ആശങ്കകളുണ്ടായിരുന്നോ?
വിനോദിന്റെയും ഗൗരിയുടെയും കാരക്ടറുകളിൽ ഒരു വ്യത്യാസവും വരാതെ അവസാനം വരെ കൊണ്ടുപോകുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. വിനോദിന്റെയും ഗൗരിയുടെയും കാഴ്ചപ്പാടുകൾ എന്താണെന്ന് പ്രേക്ഷകന് മനസിലാകുകയും വേണം അതിലൊരു നിലപാട് എടുക്കാൻ പറ്റുകയും വേണം. വലിയൊരു പ്രശ്നത്തിൽ നിൽക്കുമ്പോൾ നമ്മൾ ഓവറായി റിയാക്ട് ചെയ്യും, അതും പ്രേക്ഷകന് മനസിലാകണം.
അതുകൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു ആശങ്കയുണ്ടായിരുന്നു. മനസിലാകുമോ ഇല്ലയോ എന്നതല്ല തെറ്റി പോകുമോ എന്നൊരു ചെറിയ ആശങ്കയുണ്ടായിരുന്നു. പിന്നെ ഹ്യൂമർ ആയതുകൊണ്ട് തന്നെ അമിതമായിട്ട് ഓവറാകാനും പാടില്ലല്ലോ. അതിന്റെ കണ്ടിന്യൂവിറ്റി കൊണ്ടുവരുന്ന കാര്യത്തിലും കുറച്ച് പേടിയുണ്ടായിരുന്നു. എവിടെയെങ്കിലും തെറ്റിയാൽ പിന്നെ അത് മാത്രം മുഴച്ചു നിൽക്കും.
അത്തരം കാര്യങ്ങളിൽ കുറച്ച് ടെൻഷനുണ്ടായിരുന്നു. ഇത്രയും മികച്ച പ്രതികരണം ലഭിക്കുമെന്നെന്നും സത്യം പറഞ്ഞാൽ പ്രതീക്ഷിച്ചിരുന്നില്ല. ലാഗ് അടിക്കുമോ, അവസാന എപ്പിസോഡ് വരെ ആളുകൾ കാണുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പക്ഷേ ഭൂരിഭാഗം ആളുകളും ഒറ്റയിരുപ്പിൽ തന്നെ കണ്ട് തീർത്തു എന്ന് പറയുമ്പോൾ സന്തോഷമുണ്ട്. അങ്ങനെ വന്ന് ഭവിച്ചതിൽ ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലാണ്.
'വാശി' എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം എന്തുകൊണ്ടാണ് ഒരു വെബ് സീരിസ് ചെയ്യാമെന്ന് ചിന്തിക്കുന്നത്?
ഇത് ആദ്യം സിനിമയായി ചെയ്യാനായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. പക്ഷേ ദൈർഘ്യം വളരെ കൂടുതലാണെന്ന് മനസിലായി. അങ്ങനെ നോക്കിയപ്പോൾ ഒരുപാട് നല്ല സീനുകൾ വെട്ടിക്കുറക്കേണ്ടി വരും. റോംകോം ആയതുകൊണ്ട് തന്നെ തിയറ്ററിലാണെങ്കിൽ ചിലപ്പോൾ ആരും കണ്ടില്ലാ എന്നും വരും.
ഇതിന്റെ തിയറ്റർ സ്വീകാര്യതയിൽ ഒരു സംശയവുമൊക്കെ നമുക്കുണ്ടായിരുന്നു. അങ്ങനെയാണ് വെബ് സീരിസ് എന്ന ആശയത്തിലേക്ക് വരുന്നത്. സിനിമയാക്കാനുള്ള കോൺഫിഡൻസ് ഇല്ലായിരുന്നു പലപ്പോഴും. നിലവിൽ ഒരു ആക്ഷൻ സിനിമയുടെ തയ്യാറെടുപ്പുകളിലാണ് വിഷ്ണു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates